പാലക്കാട്: കൊടകര കുഴല്‍പ്പണക്കേസില്‍ തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ശോഭ സുരേന്ദ്രനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മാധ്യമങ്ങളോ ആരു തന്നെ പറഞ്ഞാലും ഇതിനു പിന്നില്‍ ശോഭ സുരേന്ദ്രനാണെന്ന് താന്‍ തരിമ്പുപോലും വിശ്വസിക്കില്ല. ശോഭ സുരേന്ദ്രന് ഇതില്‍ ഒരു പങ്കുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശോഭാ സുരേന്ദ്രനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടുകയാണ്. വിവാദങ്ങളിലേക്ക് ബിജെപി നേതാക്കളുടെ പേര് വലിച്ചിഴക്കുന്നത് ദുരുദ്ദേശ പരമായിട്ടാണ്. കേരളത്തിലെ ബിജെപി ഒറ്റക്കെട്ടായിട്ടാണ് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ശോഭ സുരേന്ദ്രന്റെ പേരുപറഞ്ഞ് കുളം കലക്കിയവര്‍ക്ക് കടുത്ത നിരാശയുണ്ടാകും. ബിജെപി നേതാക്കളുടെ പേരു പറഞ്ഞ് പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമമെങ്കില്‍, ആധികാരികമായി പറയുന്നു, കേരള ബിജെപി ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ടു പോകുന്നത്. ആരെയും തമ്മില്‍ ഭിന്നിപ്പിച്ച് മുതലെടുക്കാനുള്ള യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നീക്കം വെച്ചു പൊറുപ്പിക്കില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ഒരു മാധ്യമത്തേയും ചാനലുകളേയും വിലക്കിയിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ രോമം തൊടാന്‍ സാധിക്കില്ല
ആംബുലന്‍സ് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തത് സര്‍ക്കാരിന്റെ ആശയപാപ്പരത്തവും ഭീരുത്വവുമാണ്. പൂരം കലക്കി അവിടെ അക്രമം ഉണ്ടാക്കാന്‍ ശ്രമിച്ച ആള്‍ക്കാരെ കാണാന്‍ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വിലക്കുണ്ടോ?. പോകാന്‍ സാധിച്ചില്ലെന്നാണ് വി എസ് സുനില്‍കുമാറും പ്രതാപനും പറഞ്ഞത്. അവര്‍ക്ക് പോകാന്‍ സാധിക്കാത്തത് സുരേഷ് ഗോപിക്ക് സാധിച്ചു. വളരെ പരിഹാസ്യമായ നിലപാടാണ് സര്‍ക്കാരിന്റേത്. സുരേഷ് ഗോപിയുടെ ഒരു രോമം തൊടാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ആയിരംവട്ടം ശ്രമിച്ചാലും സാധിക്കില്ല. ബിജെപി ഈ വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
ധര്‍മ്മരാജന്റെ മൊഴിപ്പകര്‍പ്പ് 2021 ല്‍ വന്നതാണ്. അതൊക്കെ ഇപ്പോള്‍ എടുത്ത് അലക്കുന്നതെന്തിനാണ്. അമിത് ഷായെ കണ്ടില്ലേ. ആ പ്രശ്‌നം എന്റെ കയ്യില്‍ നിന്നും പോയില്ലേ. അമിത് ഷായുടെ കോര്‍ട്ടിലേക്ക് പന്തു പോയപ്പോള്‍ പിന്നെ സുരേന്ദ്രനോട് എന്തിനാണ് ചോദിക്കുന്നത്. ഞാന്‍ എവിടെ കിടക്കുന്നു. കെ സുരേന്ദ്രന്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടുമോയെന്ന ചോദ്യത്തിന് മറുപടി ഇപ്രകാരമായിരുന്നു: ആരും തന്നെ പാര്‍ട്ടിയില്‍ നിന്നും പോകില്ല. എല്ലാവരും പ്രചാരണത്തിന് എത്തും. ഇതിന്റെ പേരില്‍ ആരും പായസം കുടിച്ച് പഞ്ചസാര കൂട്ടേണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ കെ റെയില്‍ വരില്ല
ആരു വിചാരിച്ചാലും കേരളത്തില്‍ കെ റെയില്‍ വരില്ല. പാരിസ്ഥിതിക പ്രശ്‌നവും ടെക്‌നിക്കല്‍ ഫീസിബിലിറ്റി പ്രശ്‌നവും പരിഹരിച്ചാല്‍ കെ റെയില്‍ അനുവദിക്കാമെന്നാണ്. എന്നാല്‍ ഇതു രണ്ടും വലിയ പ്രശ്‌നങ്ങളാണ്. പാരിസ്ഥിതിക പ്രശ്‌നം പരിഹരിക്കാന്‍ പറ്റുമോ?. ടെക്‌നിക്കല്‍ ഫീസിബിലിറ്റി പ്രശ്‌നം പരിഹരിച്ചാല്‍ പിന്നെ കെ റെയില്‍ ഉണ്ടോ?. ഗോവിന്ദന്റെ അപ്പക്കച്ചവടം സില്‍വര്‍ ലൈനില്‍ നടക്കില്ല. ഇതിനു നൂറ്റൊന്നു ശതമാനം ഗ്യാരണ്ടിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മുനമ്പം ഭൂമി പ്രശ്‌നത്തിലും വഖഫ് പ്രശ്‌നത്തിലും സംസ്ഥാനത്ത് വ്യാപക പ്രക്ഷോഭം നടത്താന്‍ ബിജെപി തീരുമാനിച്ചെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ഔപരാചികമായി തന്നെ പ്രശ്‌നം ഏറ്റെടുത്ത് പ്രക്ഷോഭത്തിലേക്കും സമരപരിപാടികളിലേക്കും പോകുകയാണ്. വഖഫ് ബോര്‍ഡിന്റേത് അനാവശ്യ ഇടപെടലാണ്. ഈ സ്ഥലങ്ങളിലെ അവരുടെ അവകാശവാദം അവര്‍ അടിയന്തരമായി പിന്‍വലിക്കണം.
ശാശ്വതമായ പരിഹാരമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത് വഖഫ് നിയമനിര്‍മ്മാണം. ആ നിയമനിര്‍മ്മാണത്തിനെതിരെ നിയമസഭയില്‍ പാസ്സാക്കിയ പ്രമേയം തെറ്റായിപ്പോയെന്ന് യുഡിഎഫും എല്‍ഡിഎഫും ജനങ്ങളോട് മാപ്പു പറയാന്‍ തയ്യാറാകണം. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ബിജെപി മാത്രമാണ് അവര്‍ക്കൊപ്പം നിന്നതെന്ന് ക്രൈസ്തവസഭകള്‍ക്ക് അറിയാം. കേവലം ഒരു മുനമ്പത്തിന്റെ മാത്രം പ്രശ്‌നമല്ല. കല്‍പ്പാത്തിയിലും നൂറണിയിലുമെല്ലാം ആശഹ്കയുണ്ട്. 28 സ്ഥലങ്ങള്‍ ഏതാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തട്ടെ. വഖഫ് നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ ഏക സംസ്ഥാനം കേരളമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക