പാലക്കാട്: നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ ഇന്നലെ പറഞ്ഞ കാര്യങ്ങളല്ല കോണ്‍ഗ്രസ് ഇന്ന് പറയുന്നതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. ഇന്നലെ പാലക്കാട് ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പറയുന്നു പാലക്കാട് ഉണ്ടായിരുന്നുവെന്ന്, ഇത് തന്നെ എത്ര വലിയ നുണയാണ് ജനത്തിനോട് പറയുന്നത്, വല്ല ഉളുപ്പുമുണ്ടോയെന്നും സുരേഷ് ബാബു ചോദിച്ചു.
കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ സിസിടിവി ദൃശ്യങ്ങളോ, തെളിവുകളോ സിപിഎമ്മിന്റെ പക്കലിലെന്നും സുരേഷ് ബാബു പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ ഉണ്ടാകും. ഇതെല്ലാം തെളിവ് സഹിതം കണ്ട ആളുകള്‍ ഞങ്ങളോട് പങ്കുവെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'വ്യാജ ഐഡി കാര്‍ഡ് നിര്‍മാണത്തിലെ ഒന്നാം പ്രതിയായ ഫെനി നൈനാന്‍ ഷാഫി പറമ്പിലിന്റെ കൂടെ കെപിഎം ഹോട്ടലിലെത്തി. അദ്ദേഹത്തിന്റെ കൈയ്യില്‍ ഒരു ട്രോളി ബാഗ് ഉണ്ടായിരുന്നു രാഹുലും അവിടെ ഉണ്ടായിരുന്നു. ജ്യോതികുമാര്‍ ചാമക്കാലയും ഹോട്ടലിലുണ്ടായിരുന്നു, എന്ന കാര്യങ്ങളാണ് സംശയമായി ഉന്നയിച്ചത്. ഈ പറഞ്ഞ കാര്യങ്ങള്‍ വസ്തുകയാണെന്നതിന് തെളിവ് മാധ്യമങ്ങളിലൂടെ തന്നെ പുറത്തുവരും. ട്രോളി കൊണ്ടുവന്നു എന്ന് പറഞ്ഞ ആരോപണത്തില്‍ കേസ് കൊടുക്കുമെന്നല്ലേ യുഡിഎഫ് സ്ഥാനാര്‍ഥി പറഞ്ഞത് കേസ് കൊടുക്കട്ടെയെന്നും' അദ്ദേഹം പറഞ്ഞു.
'ഹോട്ടല്‍ മുറിയിലേക്ക് ട്രോളി ബാഗ് കയറ്റുന്നു, ആ റൂമിലേക്ക് 9.25 ന് ഷാഫി പറമ്പിലും ജ്യോതികുമാര്‍ ചാമക്കാലയും ഏകദേശം 10.38 ന് രാഹുലും കയറുന്നു. പിന്നീട് ഈ നീല ട്രോളി ബാഗ് മറ്റൊരു റൂമിലേക്ക് മാറ്റുന്നു. ഇത് വീണ്ടും എടുത്ത റൂമിലേക്ക് തിരിച്ചെത്തിക്കുന്നു. രാഹുലും ഷാഫിയും ആ റൂമില്‍ നിന്നിറങ്ങുന്നു' താന്‍ ഇന്നലെ പറഞ്ഞ ആരോപണം ആവര്‍ത്തിക്കുന്നതായും സുരേഷ് ബാബു പറഞ്ഞു.
'മൂന്ന് പേരാണോ തെരഞ്ഞെടുപ്പ് അവലോകനം നടത്തുന്നത്? അവിടെ എന്തിന് ട്രോളി ബാഗ്? മൂന്ന് പേരും കൂടി തക്കാളി തിന്നുകയായിരുന്നോ, പെട്ടിയില്‍ വസ്ത്രം ആയിരുന്നെങ്കില്‍ മൂന്ന് പേരുള്ള മുറിയിലേക്ക് എന്തിന് കൊണ്ടുപോകുന്നു? ഹോട്ടലിന്റെ പിന്നില്‍ ഏണിവെച്ച് ഇറങ്ങാന്‍ സൗകര്യമുണ്ട്. അതിൽ കൂടി ഇറങ്ങാവുന്ന സൗകര്യവും ഉണ്ട്. എല്ലാം കൃത്യമായി സൗകര്യം ഒരുക്കി ചെയ്തതാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു.ആരോപണം തെറ്റാണെങ്കില്‍ കേസ് കൊടുക്കാന്‍ രാഹുലിനെ വെല്ലുവിളിക്കുന്നുവെന്നും' സുരേഷ് ബാബു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക