'ഷാഫിയുടെ നാടകം': സരിന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ല; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തള്ളി സിപിഎം

പാലക്കാട്ടെ ജനങ്ങളെ പറ്റിക്കാമെന്ന് കരുതി വി ഡി സതീശന്‍ ഇങ്ങോട്ടു വരേണ്ട
p sarin, e n suresh babu
പി സരിൻ, ഇ എൻ സുരേഷ് ബാബു ഫെയ്സ്ബുക്ക്
Published on
Updated on

പാലക്കാട്: പാലക്കാട്ടെ കള്ളപ്പണ വിവാദത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ തള്ളി സിപിഎം. പാലക്കാട് ഹോട്ടലിലെ പാതിരാ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമാണെന്ന പി സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാട് അല്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. മുന്‍കാല അനുഭവങ്ങളുടെ പുറത്ത്, അവരെന്തെല്ലാം കള്ളക്കളി നടത്തുമെന്ന് അറിയാവുന്നയാളാണ് സരിന്‍. ഏതു തരംതാണ പണിയും ചെയ്യാന്‍ മടിയില്ലാത്തവരാണ് ഷാഫിയും കൂട്ടരും. ഷാഫിയുടെ എല്ലാ കള്ളക്കളികളും അറിയാവുന്നതിനാലാകും സരിന്‍ അങ്ങനെ പറഞ്ഞതെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.

പെട്ടിയില്‍ മണിയല്ല തുണിയാണെന്ന കള്ളപ്രചാരണമൊക്കെ കോണ്‍ഗ്രസുകാര്‍ നടത്തും. അതിന് അപാര ബുദ്ധിയുള്ളവരാണ് ഷാഫിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമെല്ലാം. അവിടെ കള്ളപ്പണം എത്തിയെന്നാണ് സിപിഎം പറയുന്നത്. അത് സമഗ്രമായി അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പാര്‍ട്ടിയുടെ കയ്യില്‍ തെളിവുണ്ടെന്ന് സിപിഎം പറഞ്ഞിട്ടില്ല.

റെയ്ഡ് മന്ത്രി എം ബി രാജേഷും അളിയനും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണവും ജില്ലാ സെക്രട്ടറി തള്ളി. പറവൂരെ പാവപ്പെട്ടവരെ വി ഡി സതീശന്‍ പറ്റിച്ചു നടക്കുകയാണ്. അതുപോലെ പാലക്കാട്ടെ ജനങ്ങളെ പറ്റിക്കാമെന്ന് കരുതി സതീശന്‍ ഇങ്ങോട്ടു വരേണ്ട. മന്ത്രി രാജേഷിനെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒലത്തിക്കളയുമെന്നാണ് പറഞ്ഞത്. അതൊന്നും പാലക്കാട്ടെ എല്‍ഡിഎഫിനോട് വേണ്ടെന്ന് സുരേഷ് ബാബു പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഔദ്യോഗിക കാറില്‍ പാലക്കാട് ജില്ലയില്‍ കാലുവെയ്ക്കില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചാല്‍, വെക്കില്ല. വിഡി സതീശന്റെ ഈ ഓലപ്പാമ്പൊന്നും സിപിഎമ്മിനോടും എംബി രാജേഷിനോടും വേണ്ട. വിഡി സതീശനെപ്പോലെ രാഷ്ട്രീയത്തില്‍ വന്നയാളല്ല എം ബി രാജേഷ് എന്നോര്‍ക്കണം. ഈ ഓലപ്പാമ്പൊക്കെ വി ഡി സതീശന്‍ കയ്യില്‍ മടക്കി വെച്ചാല്‍ മതി. പാലക്കാട്ടെ സംഭവത്തെ നിയമപരമായിട്ടും രാഷ്ട്രീയമായിട്ടും നേരിടുമെന്നും സുരേഷ് ബാബു പറഞ്ഞു.

പരിശോധനാ നാടകം ഷാഫി ആസൂത്രണം ചെയ്തത് ആണോ എന്ന് അന്വേഷിക്കണമെന്നാണ് സരിന്‍ അഭിപ്രായപ്പെട്ടത്. പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കണം. ബിജെപി സിപിഎം ബന്ധം ആരോപിക്കാൻ ബോധപൂർവം പ്ലാറ്റ്ഫോം ഉണ്ടാക്കിയോ എന്ന് അന്വേഷിക്കണം. പരസ്പര വിരുദ്ധമായ കാര്യമാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്. കേസ് കേവലം ഒരു വ്യക്തിയിൽ ഒതുങ്ങരുത്. സംഭവത്തിൽ ഇപ്പോഴും ഇരുട്ടത്ത് നിൽക്കുന്നവർ ആരെന്ന് കണ്ടുപിടിക്കണം. ഇവര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും സരിൻ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com