'പ്രശാന്ത് വില്ലന്‍, 'ആഴക്കടല്‍' വില്‍പ്പന എന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ തിരക്കഥയ്ക്ക് ചുക്കാന്‍ പിടിച്ചു'; വിമര്‍ശനവുമായി മുന്‍മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതില്‍ വില്ലന്റെ റോളില്‍ പ്രശാന്ത് പ്രവര്‍ത്തിച്ചുവെന്നും മേഴ്‌സിക്കുട്ടിയമ്മ പറയുന്നു
mercykutty amma
മേഴ്സിക്കുട്ടിയമ്മ, എൻ പ്രശാന്ത് ഫെയ്സ്ബുക്ക്
Updated on
3 min read

കൊല്ലം: ഐഎഎസ് തലപ്പത്തെ തര്‍ക്കത്തിനിടെ, എന്‍ പ്രശാന്ത് ഐഎഎസിനെ വിമര്‍ശിച്ച് മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രശാന്ത് വില്ലനെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മേഴ്‌സിക്കുട്ടിയമ്മ പറയുന്നത്. പ്രശാന്ത് വഞ്ചനയുടെ പര്യായമാണ്. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതില്‍ വില്ലന്റെ റോളില്‍ പ്രശാന്ത് പ്രവര്‍ത്തിച്ചുവെന്നും മേഴ്‌സിക്കുട്ടിയമ്മ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ യുഡിഎഫിന് വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് ഐഎഎസ്, ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് 'ആഴക്കടല്‍' വില്‍പ്പന എന്ന 'തിരക്കഥ'. ഇതിനുപിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങള്‍ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നു.

വ്യവസായ വകുപ്പ് കൊച്ചിയില്‍ നിക്ഷേപ സംഗമം നടത്തിയിരുന്നു. അവിടെ വന്ന ചില വികസന പദ്ധതികള്‍ എന്ന വ്യാജേനയാണ് വ്യവസായ വകുപ്പുമായി ബന്ധമില്ലാത്ത ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എംഡി 5000 കോടി രൂപയുടെ വികസന പദ്ധതി ഇ എം സി സി യുമായി എം ഒ യു ഒപ്പ് വെക്കുന്നത്. ഇതേ ഇ എം സി സിക്കാരനാണ് കുണ്ടറയില്‍ തനിക്കെതിരെ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥി.

ഈ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനു പിന്നില്‍ ദല്ലാള്‍ നന്ദകുമാറാണ്. തെരഞ്ഞെടുപ്പിന്റെ അന്ന് ഒരു ബോംബ് സ്‌ഫോടന നാടകവും അരങ്ങേറി. എന്തെല്ലാമാണ് കണ്ടത്! ഈ തിരക്കഥയുടെ എല്ലാം ചുക്കാന്‍ പിടിച്ചത് വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രശാന്തും. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഒരു ബന്ധവുമില്ലാത്ത, ഫിഷറീസ് വകുപ്പ് അറിയാത്ത ഒരു കാര്യം ഫിഷറീസ് മന്ത്രി 'കടല്‍ വിറ്റു', എന്ന് നെറിയില്ലാത്ത ആക്ഷേപം അരങ്ങേറി. മേഴ്‌സിക്കുട്ടിയമ്മ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മേഴ്സിക്കുട്ടിയമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ശ്രീ പ്രശാന്ത് ഐഎഎസ് എല്ലാ സർവീസ് ചട്ടങ്ങളും സാമാന്യ മര്യാദകളും ലംഘിച്ച് പ്രവർത്തിക്കുന്നതിന്റെ വാർത്തകൾ ആണല്ലോ ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

എന്നാൽ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിക്കുന്നതാണ് 2021 ഫെബ്രുവമാസം കണ്ടത്. 21 ഫെബ്രുവരി മാസം കോൺഗ്രസിന്റെ രാഷ്ട്രീയ പ്രചരണ ജാഥ കൊല്ലത്ത് എത്തിയപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഒരു വെടി പൊട്ടിക്കുന്നു. 5000 കോടിയുടെ ആഴക്കടൽ ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് അനുമതി നൽകിയെന്ന്.

വാർത്ത വിവാദമായി. പത്രപ്രതിനിധികൾ എന്നോട് ഫിഷറീസ് മന്ത്രിയെന്ന നിലയിൽ അഭിപ്രായം ആരാഞ്ഞു. ഇങ്ങനെ ഒരു സംഭവം ഇല്ലെന്നും തികച്ചും അടിസ്ഥാന രഹിതമാണ് എന്നും ഞാൻ മറുപടി നൽകി അടുത്ത ദിവസം രമേശ് ചെന്നിത്തല ഒരു അമേരിക്കൻ മലയാളിയുമായി 5000 കോടിയുടെ എം ഒ യു ഒപ്പുവെച്ചതിന്റെ രേഖ പുറത്തുവിടുന്നു. ഒരു കാര്യം ബോധപൂർവ്വം മറച്ചുവെച്ചുകൊണ്ട്.

രമേശ് ചെന്നിത്തല ആരോപിച്ചത് ഫിഷറീസ് വകുപ്പ് എം ഒ യു വിൽ ഒപ്പുവച്ചു എന്നാണ്. എന്നാൽ എം ഒ യു ഒപ്പു വച്ചിരിക്കുന്നത് Inland നാവിഗേഷന്റെ M.D യായ പ്രശാന്തുമായിട്ടാണ്, ഇപ്പോഴത്തെ വിവാദനായകൻ.

ഇവിടെയാണ് ഗൂഢാലോചനയുടെ ചുരുളഴിയുന്നത്, ശ്രീ രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ശ്രീ പ്രശാന്ത് ഐഎഎസ് രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് "ആഴക്കടൽ" വിൽപ്പന എന്ന 'തിരക്കഥ'. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങൾ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നു.

ആഴക്കടൽ ട്രോളറുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് ഞാൻ അന്വേഷിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന ഗൂഢാലോചന മനസ്സിലാകുന്നത്.വ്യവസായ വകുപ്പ് കൊച്ചിയിൽ നിക്ഷേപ സംഗമം നടത്തിയിരുന്നു. അവിടെ വന്ന ചില വികസന പദ്ധതികൾ എന്ന വ്യാജേനയാണ് വ്യവസായ വകുപ്പുമായി ബന്ധമില്ലാത്ത ഇൽലൻറ് നാവിഗേഷൻ എംഡി 5000 കോടി രൂപയുടെ വികസന പദ്ധതി ഇ എം സി സി യുമായി എം ഒ യു ഒപ്പ് വെക്കുന്നത്. അതും ആ ഗവൺമെന്റിന്റെ അവസാന ദിവസങ്ങളിൽ.ഇതേ ഇ എം സി സിക്കാരനാണ് കുണ്ടറയിൽ എനിക്കെതിരെ മത്സരിച്ച ഒരു സ്ഥാനാർത്ഥി. ഈ സ്ഥാനാർത്ഥിയെ നിർത്തിയതിനു പിന്നിൽ ദല്ലാൾ നന്ദകുമാറും. എന്നിട്ട് തെരഞ്ഞെടുപ്പിന്റെ അന്ന് ഒരു ബോംബ് സ്ഫോടന നാടകവും അരങ്ങേറി. എന്തെല്ലാമാണ് കണ്ടത്! ഈ തിരക്കഥയുടെ എല്ലാം ചുക്കാൻ പിടിച്ചത് വഞ്ചനയുടെ പര്യായമായ IAS ഉദ്യോഗസ്ഥൻ പ്രശാന്തും.

ഫിഷറീസ്ഡിപ്പാർട്ട്മെന്റിന് ഒരു ബന്ധവുമില്ലാത്ത,ഫിഷറീസ് വകുപ്പ് അറിയാത്ത ഒരു കാര്യം ഫിഷറീസ് മന്ത്രി 'കടൽ വിറ്റു', എന്ന് നെറിയില്ലാത്ത ആക്ഷേപം അരങ്ങേറി.

സത്യവുമായി പുലബന്ധം പോലുമില്ലാത്ത രാഷ്ട്രീയമായ ദുഷ്ടലാക്ക് മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള നുണപ്രചാരണത്തിന് ഞാൻ ക്രൂരമായി വിധേയമായി.

തീരദേശ മത്സ്യത്തൊഴിലാളിക്ക് ഞാൻ എന്താണ് അവർക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അനുഭവത്തിലൂടെ അറിയുന്നതുകൊണ്ട് മത്സ്യത്തൊഴിലാളി ഈ കുപ്രചരണത്തിൽ വീണില്ല. 97% തീരദേശമണ്ഡലങ്ങളും എൽഡിഎഫ് നേടി എന്നാൽ കൊല്ലത്ത് ഈ കല്ലുവെച്ച നുണ ഏറ്റെടുത്തത് കൊല്ലം രൂപത തന്നെയായിരുന്നു. അവർ കൊല്ലം ബിഷപ്പിന്റെ പേരിൽ 'ഇടയലേഖനം' ഇറക്കി.ഈ മേഖലയിലെ സ്ഥാപിത താല്പര്യക്കാരും സംഘപരിവാരും യുഡിഎഫും കൈകോർത്തു. 15 ശതമാനം വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് 3ശതമാനം മാത്രമാണ് 21 അസംബ്ലി തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ ലഭ്യമായത്. എത്ര വലിയ ഗൂഢാലോചന! സത്യം എന്നായാലും പുറത്തുവരുമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു.

രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫിനും വേണ്ടി വിടുപണി ചെയ്ത പ്രശാന്ത് ഐഎഎസ് വീണ്ടും വില്ലൻ റോളിൽ.

സത്യമേവ ജയതേ.

മേഴ്സിക്കുട്ടിയമ്മയുടെ കുറിപ്പ്
മേഴ്സിക്കുട്ടിയമ്മയുടെ കുറിപ്പ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com