ബിജെപി കോട്ടകളില്‍ കടന്നുകയറി; ഷാഫിയേയും മറികടന്ന് രാഹുലിന്റെ ചരിത്രജയം

പാലക്കാട് മണ്ഡലത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്
rahul mamkoottathil
രാഹുല്‍ മാങ്കൂട്ടത്തില്‍ ചിത്രം: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌
Published on
Updated on

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ചരിത്ര വിജയം. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്.

ആകെ പോള്‍ ചെയ്തതിന്റെ 42.27 ശതമാനം വോട്ടുകളും രാഹുല്‍ മാങ്കൂട്ടത്തില്‍ നേടി. പോസ്റ്റല്‍ വോട്ടുകളില്‍ 337 എണ്ണവും വോട്ടിങ് മെഷിനിലെ 58052 വോട്ടുകളും അടക്കം 58389 വോട്ടുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആകെ നേടിയത്. പോസ്റ്റല്‍ വോട്ടുകളില്‍ 34 വോട്ടിന്റെ ലീഡ് രാഹുല്‍ നേടി.

രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 39549 വോട്ടു നേടി. പോള്‍ ചെയ്തതിന്റെ 28.63 ശതമാനം. ഇതില്‍ 303 പോസ്റ്റല്‍ വോട്ടുകളും ഉള്‍പ്പെടുന്നു. മൂന്നാം സ്ഥാനത്തെത്തിയ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ 137 പോസ്റ്റല്‍ വോട്ടുകള്‍ അടക്കം 37293 വോട്ടുകള്‍ നേടി. പോള്‍ ചെയ്തതിന്റെ 27 ശതമാനമാണ് സരിന് ലഭിച്ചത്.

വോട്ടെണ്ണലിന്റെ ആദ്യ രണ്ട് റൗണ്ടുകളിലും ബിജെപിയുടെ സി കൃഷ്ണകുമാറിനായിരുന്നു ലീഡ്. മൂന്നാം റൗണ്ടില്‍ രാഹുല്‍ മുന്നിലെത്തി. അഞ്ചാം റൗണ്ടില്‍ കൃഷ്ണകുമാര്‍ ലീഡ് തിരിച്ചു പിടിച്ചു. ആറാം റൗണ്ടില്‍ വീണ്ടും മുന്നിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നീട് ഓരോ റൗണ്ടിലും ലീഡ് നില ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു. അഞ്ചാം റൗണ്ടിന് ശേഷം ഒരു ഘട്ടത്തിലും ബിജെപിക്ക് രാഹുലിന് ഒപ്പമെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ പാലക്കാട് മണ്ഡലത്തിലെ തന്നെ റെക്കോഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയം നേടുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com