'ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിനും സുരേന്ദ്രനും, തോറ്റാല്‍ കാരണം ശോഭ; ആ പണിയൊന്നും വേണ്ട, പ്രഭാരിയുടെ ജോലി എസി റൂമില്‍ ഇരിക്കലല്ല'

ഒരുമാസം കെ സുരേന്ദ്രന്‍ ഇവിടെ തമ്പടിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ നേട്ടമെങ്കിലും കിട്ടിയത്
k surendran, n sivarajan
കെ സുരേന്ദ്രൻ, എൻ ശിവരാജൻ ഫെയ്സ്ബുക്ക്
Published on
Updated on

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍. തോല്‍വി പാവപ്പെട്ട നഗരസഭ കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കരുത്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിനും കെ സുരേന്ദ്രനും. തോറ്റാല്‍ ഉത്തരവാദിത്തം നഗരസഭയ്ക്കും എന്നാണോ?. കൂട്ടുത്തരവാദിത്തമാണ് എല്ലാത്തിനുമെന്നും ശിവരാജന്‍ പറഞ്ഞു.

ഒരുമാസം കെ സുരേന്ദ്രന്‍ ഇവിടെ തമ്പടിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ നേട്ടമെങ്കിലും കിട്ടിയത്. അല്ലെങ്കില്‍ ഇതിനേക്കാള്‍ പരിതാപകരമാകുമായിരുന്നു. ബിജെപിക്കും ഇത്ര മാത്രം അടിത്തറയേ ഉള്ളൂവെന്നാണോയെന്നും ശിവരാജന്‍ ചോദിച്ചു. ശോഭാ സുരേന്ദ്രനെതിരായ ആരോപണവും ശിവരാജന്‍ തള്ളി. അവര്‍ പാവം സ്ത്രീയാണ് അവരെ വെറുതെ വിടുക. ശോഭ ബിജെപിയുടെ ജനകീയ മുഖമാണ്. ശോഭയെ മത്സരിപ്പിച്ചിരുന്നെങ്കില്‍ ഇവിടെ ചിത്രം മാറുമായിരുന്നു.

നഗരസഭയിലെ ഏതു കൗണ്‍സിലര്‍മാരാണ് പ്രവര്‍ത്തിക്കാതിരുന്നതെന്ന് കെ സുരേന്ദ്രന്‍ പറയട്ടെ. ശോഭ സുരേന്ദ്രന്റെ ഡ്രൈവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. അയാള്‍ക്ക് കണ്ണാടിയില്‍ ആരെ അറിയും?. അയാളുടേത് ഡ്രൈവര്‍ പണിയല്ലേ?.. ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിന്, തോറ്റാല്‍ കാരണം ശോഭ സുരേന്ദ്രന്‍. ആ പണിയൊന്നും വേണ്ട. ആ നിലപാട് ശരിയല്ലെന്നും ശിവരാജന്‍ അഭിപ്രായപ്പെട്ടു.

പാലക്കാട്ടെ പ്രഭാരി കോഴിക്കോട്ടുകാരനായ രഘുനാഥാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആറു മാസം മുമ്പേ തന്നെ കെ സുരേന്ദ്രനോട്, പ്രഭാരിയെ മാറ്റാതെ പാലക്കാട് മണ്ഡലത്തില്‍ ഒരു വോട്ടും കിട്ടാന്‍ പോകുന്നില്ലെന്ന് പറഞ്ഞിരുന്നതാണ്. ഇയാള്‍ പ്രവര്‍ത്തകരെ തമ്മിലടിപ്പിക്കുന്ന പ്രഭാരിയാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വന്തം ബൂത്തില്‍ പോലും ലീഡ് നേടിക്കൊടുക്കാന്‍ പറ്റാത്തയാളാണ് രഘുനാഥ്. കോഴിക്കോട് ഒരു വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ച ആളെയെങ്കിലും പാലക്കാടു പോലുള്ള സ്ഥലത്ത് പ്രഭാരിയാക്കണ്ടേയെന്നും ശിവരാജന്‍ ചോദിച്ചു.

ആളുകളെ ഭിന്നിപ്പിക്കുന്ന, യോജിപ്പിക്കാന്‍ അറിയാത്ത പ്രഭാരിയാണ് ഇവിടെ പാര്‍ട്ടിയെ തോല്‍പ്പിച്ചത്. കൃഷ്ണകുമാറിന്റെ ബൂത്തിലും വോട്ടു കുറഞ്ഞു. പിന്നെ എന്തിനാണ് കൗണ്‍സിലര്‍മാരെ കുറ്റപ്പെടുത്തുന്നത്. അങ്ങനെയെങ്കില്‍ കൃഷ്ണകുമാറല്ലേ ആദ്യം രാജിവെക്കേണ്ടത്. പാലക്കാട് നഗരസഭയിലേത് സദ്ഭരണമാണ്. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനെതിരെ പരാതി ഉന്നയിക്കുന്നവര്‍ മൂഡസ്വര്‍ഗത്തിലാണ്. സത്യസന്ധനായ വ്യക്തിയാണ്. രഘുനാഥിന് പാലക്കാട് ഒരു ചുക്കും ചെയ്യാനാവില്ലെന്നും ശിവരാജന്‍ പറഞ്ഞു.

ഞങ്ങളാരും കോയമ്പത്തൂരിലും മറ്റും ഫൈനാന്‍സ് നടത്തുന്നവരല്ല. അധ്വാനിച്ച് ജീവിക്കുന്നവരാണ്. വാര്‍ഡില്‍ ലക്ഷക്കണക്കിന് രൂപ മുടക്കാനൊന്നും ശേഷിയില്ല. ബിജെപിയെ ഉപയോഗിച്ച് പണവും ഉണ്ടാക്കിയിട്ടില്ല. കൃഷ്ണകുമാരിന്റെ കാര്യവും പരിശോധിക്കട്ടെ. കൗണ്‍സിലര്‍മാരെ പുറത്താക്കുമെന്ന് ആരും ഭയപ്പെടുത്തേണ്ട. പാലക്കാട് മുനിസിപ്പാലിറ്റി 150-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ കോടിക്കണക്കിന് രൂപ പിരിച്ച് തട്ടിപ്പു നടത്തിയതിന്റെ കഥകളൊന്നും പുറത്ത് പറയിപ്പിക്കരുതെന്നും ശിവരാജന്‍ പറഞ്ഞു. കൃഷ്ണകുമാറല്ലാതെ, വേറൊരു സ്ഥാനാര്‍ത്ഥിയേയും നിങ്ങള്‍ക്ക് കിട്ടാനില്ലേയെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും ശിവരാജന്‍ തുറന്നടിച്ചു.

തോല്‍വി 18 കൗണ്‍സിലര്‍മാരുടെ തലയില്‍ വെച്ചിട്ട് സ്വന്തം പാളിച്ചകള്‍ മറയ്ക്കാന്‍ ആരും ശ്രമിക്കേണ്ട. തോല്‍വിയില്‍ തനിക്ക് ദുഃഖമുണ്ട്. ഇവിടെ കെ സുരേന്ദ്രന്‍ താമസിച്ച് പ്രചാരണം നോക്കിയതാണ്. തോല്‍വിയില്‍ സുരേന്ദ്രനും ഉത്തരവാദിത്തമുണ്ട്. എസി റൂമില്‍ വന്നിരിക്കാനാണോ പ്രഭാരി വന്നത്. എല്ലാവരെയും യോജിപ്പിക്കുകയല്ലേ അയാള്‍ ചെയ്യേണ്ടത്. പാലക്കാട് ബിജെപി സംഘടന നിര്‍ജീവമാണെന്നും ശിവരാജന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com