സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതി; പൊലീസ് അന്വേഷണം തുടങ്ങി

ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്നാണ് സുമേഷിന്റെ പരാതിയിലുള്ളത്.
suresh gopi
സുരേഷ് ഗോപി ടെലിവിഷന്‍ ചിത്രം
Updated on
1 min read

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ അലങ്കോലമായതില്‍ പ്രശ്‌നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷാണ് പരാതി നല്‍കിയത്. സുമേഷിന്റെ മൊഴി തൃശൂര്‍ എസിപി രേഖപ്പെടുത്തി. ചട്ടവിരുദ്ധമായി ആംബുലന്‍സ് ഉപയോഗിച്ചെന്ന് ആരോപിച്ച് അഡ്വ. അഭിലാഷ് കുമാര്‍ നല്‍കിയ പരാതിയില്‍ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. തൃശൂര്‍ എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒയ്ക്കാണ് അന്വേഷണ ചുമതല.

ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്നാണ് സുമേഷിന്റെ പരാതിയിലുള്ളത്. ചടങ്ങുകള്‍ അലങ്കോലമായതിന്റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതിനു പിന്നാലെ പ്രശ്‌നം പരിഹരിക്കുന്നതിനായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് എല്‍ഡിഎഫും യുഡിഎഫും അന്ന് ആരോപണം ഉന്നയിച്ചിരുന്നു.

സേവാഭാരതിയുടെ ആംബുലന്‍സിന്റെ മുന്‍സീറ്റില്‍ ഇരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളാണു പ്രചരിച്ചത്. പൂരം നിലയ്ക്കാതിരിക്കാന്‍ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ പൂര നഗരിയിലേക്ക് ആദ്യമെത്തിയ നേതാക്കളിലൊരാള്‍ സുരേഷ് ഗോപിയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപി പൂരത്തിന്റെ മറ്റു ചടങ്ങുകളിലൊന്നും പങ്കെടുത്തിരുന്നില്ലെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

suresh gopi
Suresh Gopi On Kaipamangalam Accident
suresh gopi
suresh gopi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com