'തെരഞ്ഞെടുപ്പല്ലേ, എല്ലാ സാധ്യതകളും ഉപയോഗിക്കും'; സരിനെ തള്ളാതെ സിപിഎം

'കോണ്‍ഗ്രസില്‍ പൊട്ടിത്തെറി എന്ന് വാര്‍ത്തകള്‍ കാണുന്നുണ്ട്. അതിനപ്പുറം പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന് മുന്നിലില്ല'
ak balan, p sarin
എ കെ ബാലൻ, പി സരിൻഫെയ്സ്ബുക്ക്
Published on
Updated on

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റുന്ന എല്ലാ സാധ്യതകളെയും എല്‍ഡിഎഫ് ഉപയോഗിക്കുമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. തെരഞ്ഞെടുപ്പല്ലേ, എല്ലാ സാധ്യതകളെയും ഉപയോഗിക്കും. അതൃപ്തിയുള്ള കോണ്‍ഗ്രസുകാര്‍ക്ക് കൂടി താല്‍പ്പര്യമുള്ളയാളാകുമോ സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിന്, ജനങ്ങള്‍ക്ക് മൊത്തത്തില്‍ നല്ല സ്വീകാര്യതയുള്ള ആളായിരിക്കും സിപിഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ഉള്ളറകളുടെ കാവല്‍ക്കാരനാണ് സരിനെന്നും എ കെ ബാലന്‍ പറഞ്ഞു.

അതേസമയം സരിനെ തള്ളിക്കളയാതെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ പൊട്ടിത്തെറി എന്ന് വാര്‍ത്തകള്‍ കാണുന്നുണ്ട്. അതിനപ്പുറം പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന് മുന്നിലില്ല. അക്കാര്യത്തില്‍ കാത്തിരുന്ന് കാണാം. പി സരിനുമായി സിപിഎം ചര്‍ച്ച ചെയ്തിട്ടില്ല. എന്താണ് നിലപാട് എന്നതില്‍. കാര്യം മനസ്സിലാക്കിയശേഷം മാത്രമേ നിലപാട് സ്വീകരിക്കാനാകൂ എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയാളുടെ താല്‍പ്പര്യത്തിന് വഴങ്ങി പാര്‍ട്ടിയെ ബലി കൊടുക്കരുതെന്ന് ഡോ. പി സരിന്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥിത്വം പുനഃപരിശോധിക്കണം, തിരുത്താന്‍ തയ്യാറാകണം. അല്ലെങ്കില്‍ പാലക്കാട് തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ അല്ല, രാഹുല്‍ ഗാന്ധിയാണ്. ഇന്ത്യയില്‍ സംഘപരിവാര്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ അടിവേരറുക്കാന്‍ ഇറങ്ങി പുറപ്പെട്ട മനുഷ്യനെ കേരളത്തിലെ കോണ്‍ഗ്രസ് തോല്‍പ്പിച്ചു കളയരുത്. പാര്‍ട്ടിയിലെ തോന്നിവാസത്തിന് കയ്യടിക്കാന്‍ കുറേപേരുണ്ട്. സ്ഥാനാര്‍ത്ഥി ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും പി സരിന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com