തൃശൂര്‍: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് പൊലീസിന്റെ എഫ്‌ഐആര്‍ പുറത്ത്. പൂരം തടസ്സപ്പെടുത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍, ഗൂഢാലോചന, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളത്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
കാലങ്ങളായി ജാതിമത രാഷ്ട്രീയഭേദമെന്യേ ആഘോഷിച്ചു വരുന്ന തൃശൂര്‍ പൂരത്തെ അലങ്കോലപ്പെടുത്തി, സമൂഹത്തിന്റെ ഒരു വിഭാഗത്തിലെ മതവിശ്വാസങ്ങളെയും വികാരങ്ങളെയും അവഹേളിക്കുകയും വ്രണപ്പെടുത്തുകയും ചെയ്തു, സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്നതിനായി കുറ്റകരമായ ഗൂഢാലോചന നടത്തി, 2024 ഏപ്രില്‍ മാസം 20 -ാം തീയതി നടന്ന തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തുന്നതിന് പ്രതികള്‍ പരസ്പരം സഹായിക്കുകയും ഉത്സാഹിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തതു സംബന്ധിച്ച അന്വേഷണം എന്നാണ് എഫ്‌ഐആറിലെ ചുരുക്കം എന്നു രേഖപ്പെടുത്തിയിട്ടുള്ളത്.
തൃശൂര്‍ പൂരം കലങ്ങിയില്ലെന്നും, ചടങ്ങുകളെല്ലാം യഥാവിധി നടന്നെന്നും, വെടിക്കെട്ട് വൈകുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകളെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തു വന്നിരുന്നു. എന്നാല്‍ പൂരം അലങ്കോലപ്പെട്ടുവെന്നും, പൂരം കലക്കാന്‍ ഗൂഢാലോചന നടന്നുവെന്നുമാണ് സിപിഐ ആരോപിക്കുന്നത്.
അതേസമയം പൂരം നടത്തിയതിന് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. വേറൊരു മതവിഭാഗത്തിന്റെ പേരിലാണെങ്കില്‍ ഇങ്ങനെയൊരു നടപടിയെടുക്കുമോ?. ലോകപ്രശസ്തമായ തൃശൂര്‍ പൂരം നടത്താന്‍ ഒരു കൊല്ലം മുഴുവന്‍ ബുദ്ധിമുട്ടി നടത്തിയതിനുശേഷം കേസെടുക്കുകയെന്ന് പറഞ്ഞാല്‍ ലോകത്ത് എവിടെയും കേള്‍ക്കാത്ത കാര്യമാണ്. ഇതിനു ശക്തമായ തിരിച്ചടിയുണ്ടാകും. മുഖ്യമന്ത്രി പറയുന്നത് ഗൂഢാലോചനയില്ലെന്ന്. പിന്നെ ആരാണ് ഇവിടെ തീരുമാനിക്കുന്നത്. ആരാണ് കേരളം ഭരിക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക