മലപ്പുറം: മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ രംഗത്തു വന്നതോടെ പി വി അന്‍വറിന്റെ രാഷ്ട്രീയ ചരിത്രവും ചര്‍ച്ചയാകുകയാണ്. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് അന്‍വര്‍ വരുന്നത്. കോണ്‍ഗ്രസില്‍ നിന്നു തുടങ്ങി ഡിഐസിയിലെത്തി, അവിടെ നിന്നും പുറത്തുപോയി സ്വതന്ത്രനായി മത്സരിച്ചാണ് ഒടുവില്‍ അന്‍വര്‍ ഇടതുപാളയത്തിലെത്തുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ ഇടതുപക്ഷത്തിനു വേണ്ടി മത്സരിച്ച സിപിഐ സ്ഥാനാര്‍ത്ഥിയെ തള്ളി, സിപിഎം അന്‍വറിനെ രഹസ്യമായി പിന്തുണച്ച ചരിത്രവുമുണ്ട്. അന്ന് സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ രണ്ടാം സ്ഥാനത്തെത്തി. സിപിഎം പാലം വലിച്ചതോടെ സിപിഐ സ്ഥാനാര്‍ത്ഥിക്ക് നേടാനായത് വെറും 2700 വോട്ടു മാത്രമായിരുന്നു. ബിജെപിക്കും പിന്നില്‍ നാലാം സ്ഥാനത്തായിരുന്നു സിപിഐ സ്ഥാനാര്‍ത്ഥി.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു താമസിച്ച എടവണ്ണ ഒതായിലെ പുത്തന്‍ വീട്ടിലാണ് അന്‍വറിന്റെ ജനനം. വല്യുപ്പ മുഹമ്മദാജിയും പിതാവ് പി വി ഷൗക്കത്തലിയും സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. ഷൗക്കത്തലി ദീര്‍ഘകാലം എഐസിസി അംഗമായിരുന്നു. 1962ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു ഷൗക്കത്തലി.
മുസ്ലിം ലീഗ് സ്ഥാപക പ്രസിഡന്റ് ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ ആയിരുന്നു എതിരാളി. അന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് ജവഹര്‍ലാല്‍ നെഹ്‌റു പുത്തന്‍വീട്ടില്‍ തറവാട്ടില്‍ താമസിച്ചത്. കോണ്‍ഗ്രസ് പിളര്‍ന്ന് സംഘടനാ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ ഷൗക്കത്തലി സംസ്ഥാന ട്രഷറര്‍ ആയി. കോണ്‍ഗ്രസിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച അന്‍വര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു.
വയലാര്‍ രവിയുടേയും കെ സുധാകരന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ നാലാം ഗ്രൂപ്പ് സജീവമായിരുന്ന കാലത്ത് അതിന്റെ യുവനേതാവായിരുന്നു. പിന്നീട് കരുണാകരനും മുരളീധരനുമൊപ്പം ഡിഐസിയിലേക്ക് ചേക്കേറി. കരുണാകരനും മുരളീധരനും കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോഴും തിരികെ പോകാന്‍ അന്‍വര്‍ കൂട്ടാക്കിയില്ല. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയ അന്‍വര്‍ അങ്ങനെ 2011 ല്‍ ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചത്.
2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലും പി വി അന്‍വര്‍ സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016 ല്‍ നിലമ്പൂരില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച് മൂന്നു പതിറ്റാണ്ടോളം നീണ്ട യുഡിഎഫ് കുത്തക അവസാനിപ്പിച്ച് സീറ്റ് പിടിച്ചെടുത്തു. ആര്യാടന്‍ ഷൗക്കത്തിനെയാണ് തോല്‍പ്പിച്ചത്. 2021ലും വിജയം ആവര്‍ത്തിച്ചതോടെ അന്‍വറിന് പാര്‍ട്ടി അണികള്‍ക്കിടയില്‍ ഹീറോ പരിവേഷമാണ് ലഭിച്ചത്. 2019 ല്‍ പൊന്നാനി മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക