
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി റീ എഡിറ്റും തിരുത്തും വരുത്തിയിട്ടും മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എംപുരാനെ വിടാതെ സംഘപരിവാര്‍. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ സിനിമയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ ഒരുപടികൂടി കടന്ന് സംവിധായകന്‍ പൃഥ്വിരാജിനും തിരക്കഥാകൃത്ത് മുരളി ഗോപിക്കും എതിരെ തിരിക്കുകയാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍.
ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ലേഖനത്തിലാണ് സിനിമയിലെ കഥാപാത്രങ്ങളുടെ പേരും സംഭാഷണങ്ങളും ഇഴകീറി പരിശോധിച്ച് ഓര്‍ഗനൈസര്‍ വിമര്‍ശന വിധേയമാക്കുന്നത്. സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയ്യിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പശ്ചാത്തലമാണ് ഇത്തവണ ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്ത് കലാപത്തില്‍ കൂടുംബത്തെ നഷ്ടപ്പെട്ട സയ്യിദ് മസൂദ് തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഭാഗമാവുന്നുണ്ട്. ഇന്ത്യയ്ക്ക് എതിരെ പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഒരു സംഘടനയുടെ നേതാവിനെ അനുകമ്പയുള്ള വ്യക്തികളായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയ്ക്കെതിരെ ആയുധമെടുക്കാന്‍ ഒരു കുട്ടിയെ പ്രോത്സാഹിപ്പിക്കുന്ന രംഗം സിനിമയില്‍ ഇപ്പോഴുമുണ്ടെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
സിനിമയില്‍ നിന്നും ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള സൂചനകള്‍ നീക്കണം എന്നാവശ്യപ്പെട്ടായിരുന്നില്ല പ്രതിഷേധം. മറിച്ച് ഗോധ്ര സംഭവത്തെയും ഗുജറാത്ത് കലാപത്തെയും ഒരുപോലെ അവതരിപ്പിക്കേണ്ടതുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെട്ടത്. എന്നാല്‍, ടൈംലൈനില്‍ 2002 എന്നത് മാറ്റി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നാക്കിമാറ്റിയതല്ലാതെ അടിസ്ഥാന 'നരേറ്റീവ്' അതുപോലെ നിലനിര്‍ത്തുകയാണുണ്ടായത്.
ഇസ്ലാമിക തീവ്രവാദത്തിന് ഹിന്ദുക്കളാണ് കാരണമെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു എന്നും ലേഖനം കുറ്റപ്പെടുത്തുന്നു. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായ മസൂദ് സയ്യിദ് എന്നത് ലഷ്‌കര്‍ ദീകരന്‍ ഹാഫിസ് സയ്യിദ്, ജയ്‌ഷേ മുഹമ്മദ് നേതാവ് മസൂദ് അസദ് എന്നിവയ്ക്ക് സമാനമാണെന്നതാണ് മറ്റൊരു പരാമർശം.
വിമര്‍ശനങ്ങള്‍ക്ക് അപ്പുറം സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളിലേക്ക് ഉള്‍പ്പെടെ നീളുന്ന ചോദ്യങ്ങളും ഓര്‍ഗനൈസര്‍ ഇത്തവണ ഉയര്‍ത്തുണ്ട്. ഒറിജിനല്‍ തിരക്കഥയില്‍ നിന്നും നേരത്തെ നീക്കം ചെയ്ത ഭാഗങ്ങളും സെന്‍സര്‍ ബോര്‍ഡ് നീക്കിയ ഭാഗങ്ങൾ ഏതെല്ലാമായിരുന്നു എന്ന് പരിശോധിക്കണം എന്നാണ് പ്രധാന ആവശ്യം. ദേശീയ ഗാനവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നോ എന്ന സംശയവും ലേഖനം ഉന്നയിക്കുന്നു.
ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്ക് സിനിമയുടെ നിര്‍മ്മാണത്തില്‍ ഉള്ള പങ്കാളിത്തം പരിശോധിക്കണം എന്നതാണ് ലേഖനത്തിലെ മറ്റൊരാവശ്യം. യഥാര്‍ത്ഥ നിര്‍മ്മാതാക്കളില്‍ ഒരാള്‍ എന്തുകൊണ്ടാണ് പദ്ധതിയില്‍ നിന്ന് പിന്മാറിയത്? പൃഥ്വിരാജിന്റെ ഗള്‍ഫ് ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും എന്തൊക്കെയാണ്? മുരളി ഗോപിയുടെ തിരക്കഥയെ ദേശവിരുദ്ധമായ നിലയിലേക്ക് രൂപപ്പെടുത്താന്‍ ബാഹ്യ സ്വാധീനങ്ങള്‍ ഉണ്ടായിരുന്നോ എന്നീവിഷയങ്ങള്‍ പരിശോധിക്കണം എന്നും ഓര്‍ഗനൈസര്‍ ആവശ്യപ്പെടുന്നു.
എംപുരാന്‍ മുന്നോട്ടുവയ്ക്കുന്ന അജണ്ട കേരള സമൂഹം തിരിച്ചറിയണം എന്ന ആഹ്വാനത്തോട് കൂടിയാണ് ഓര്‍ഗനൈസറിലെ ലേഖനം അവസാനിപ്പിക്കുന്നത്. പ്രതിഷേധങ്ങളോട് മുഖം തിരിക്കാതെ രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന ദേശവിരുദ്ധ ആഖ്യാനങ്ങള്‍ ചമച്ച പൃഥ്വിരാജും മുരളി ഗോപിയും മാപ്പ് പറയണം. സിനിമയെ വിനോദമായി കാണണം എന്ന ബാലിശമായ വാദം ഉയര്‍ത്തി ഒളിച്ചോടരുത് എന്നും ലേഖനം ആവശ്യപ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക