KSRTC courier service: സാധനങ്ങൾ 16 മണിക്കൂറിനുള്ളിൽ, കെഎസ്ആർടിസി കൊറിയർ സർവീസ് മുഖം മിനുക്കി 'ഹൈ ടെക്കാ'കുന്നു

സേവനത്തിന് പ്രൊഫഷണൽ ഏജൻസിയെ ചുമതലപ്പെടുത്തും
People waiting infront of the KSRTC courier service at Vytila hub in Kochi
വൈറ്റില ഹബ്ബിലെ കൊറിയർ സർവീസ് കൗണ്ടറിനു മുന്നിൽ ആളുകൾ ക്യൂ നിൽക്കുന്നുഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
Updated on
1 min read

തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ സേവനം അടിമുടി മാറുന്നു. ഒരു പ്രൊഫഷണൽ ഏജൻസിയെ നിയമിച്ചു കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രൊഫഷണൽ ഏജൻസികൾക്കായി കോർപറേഷൻ ടെൻഡർ വിളിച്ചിട്ടുണ്ട്. കെഎസ്ആർടിസി കൊറിയർ സർവീസ് നേരത്തെ വലിയ കൈയടി നേടിയ പദ്ധതിയായിരുന്നു.

എന്നാൽ പിന്നീട് സാധനങ്ങൾ സുരക്ഷിതമായി ലഭിക്കുന്നില്ല എന്നതടക്കമുള്ള പരാതികൾ ഉയർന്നു. കൗണ്ടറുകളുടെ സ്ഥല പരിമിതികളും ജീവനക്കാരുടെ അഭാവവും മികച്ച സേവനം നൽകുന്നതിനു തടസമായി. ഇതോടെ കെഎസ്ആർടിസി വഴി സാധനങ്ങൾ അയക്കാനുള്ള ആളുകളുടെ താത്പര്യവും കുറ‍ഞ്ഞു.

നിലവിലെ അസൗകര്യങ്ങൾ പരിഹരിച്ച് ഇപ്പോഴുള്ള സേവനം കൂടുതൽ മികവോടെ ചെയ്യാനാണ് കോർപറേഷൻ പദ്ധതിയിടുന്നത്. ഒരു പ്രൊഫഷണൽ സ്ഥാപനത്തെ ഏൽപ്പിച്ചാണ് മാറ്റം കൊണ്ടു വരുന്നതെന്നും വിതരണത്തിലെ നിലവിലെ പോരായ്മകൾ അതോടെ ഇല്ലാതാകുമെന്നും ഒരു ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

ലോജിസ്റ്റിക്സ് വിഭാ​ഗത്തിന്റെ വാർഷിക വരുമാനത്തിൽ 40 ശതമാനത്തിന്റെ വർധനവുണ്ട്. അതിനാൽ തന്നെ ഇത്തരം സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് നോക്കുന്നത്. മനുഷ്യ ശക്തിക്കൊപ്പം സാങ്കേതികതയും ചേരുമ്പോൾ കൂടുതൽ മികവ് വരും. ഞായാറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമടക്കം വർഷം മുഴുവൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നതടക്കമുള്ള മാറ്റം പ്രൊഫഷണൽ സംഘം വരുന്നതോടെ ഉറപ്പാക്കാൻ സാധിക്കുമെന്നും ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

2023ലാണ് കൊറിയർ സർവീസ് ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ തന്നെ 3.73 കോടി വരുമാനമാണ് കോർപറേഷനു ഇതിലൂടെ ലഭിച്ചത്. പ്രതിമാസം വരുമാനം 50 ലക്ഷം വരെ ഉയർന്നു. വൈറ്റിലെ ഹബ്ബിലെ പാഴ്സൽ കൗണ്ടർ മാത്രം പ്രതിമാസം 30 ലക്ഷം വരെ നേടിയിട്ടുണ്ട്. കോയമ്പത്തൂർ, നാ​ഗർകോവിൽ എന്നിവിടങ്ങളിലും സംസ്ഥാനത്ത് ഒട്ടാകെ 46 പാഴ്സൽ കൗണ്ടറുകളും ഉണ്ട്.

നിലവിലെ സോഫ്റ്റ്‍വെയർ അടിസ്ഥാന ആവശ്യങ്ങൾ മാത്രമാണ് നിർവഹിക്കുന്നത്. സോഫ്റ്റ്‍വെയറും പരിഷ്കരിക്കും. വേ​ഗത്തിലുള്ള രജിസ്ട്രേഷനും ക്ലിയറൻസും സാധനങ്ങളുടെ വേ​ഗത്തിലുള്ള ഡെലിവറിയും ഉറപ്പാക്കുമെന്നും അധികൃതർ പറയുന്നു. ഒരു മാസത്തിനുള്ളിൽ തന്നെ പുതുമയോടെ സേവനം ആരംഭിക്കും. പ്രധാന ബസ് സ്റ്റാൻഡുകളിലെല്ലാം കമ്പ്യൂട്ടറൈസ്ഡ് കൊറിയർ, ലോജിസ്റ്റിക്സ് സേവന കൗണ്ടറുകൾ സ്ഥാപിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോർപറേഷൻ നൽകിയിട്ടുണ്ട്. കൗണ്ടറുകളിൽ സിസിടിവി നിരീക്ഷണവും ഉറപ്പാക്കും.

16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ സംസ്ഥാനത്ത് എവിടെയും എത്തിക്കുമെന്നാണ് കെഎസ്ആർടിസി നൽകുന്ന ഉറപ്പ്. പാഴ്സലുകൾ ബസുകളിൽ കയറ്റുന്നുണ്ടെന്നു കരാറുകാരൻ ഉറപ്പാക്കണം. പാഴ്സൽ തെറ്റായി എത്തിച്ചാൽ 50 രൂപ പിഴ ഈടാക്കും. പാഴ്സലുകൾക്കു കേടുപാടുകൾ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ 500 രൂപ പിഴ ഈടാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com