
ആലപ്പുഴ: ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിക്ക് സിനിമാ രംഗത്തെ നിരവധി പേരുമായി ബന്ധം. പിടിയിലായ കണ്ണൂര്‍ സ്വദേശിനി ക്രിസ്റ്റീന എന്നറിയപ്പെടുന്ന തസ്ലിമ സുല്‍ത്താനയുടെ ഫോണ്‍ പരിശോധിച്ച അന്വേഷണ സംഘം ചലച്ചിത്ര താരങ്ങളുടെയും മറ്റും നമ്പറുകള്‍ കണ്ടെത്തി. ഇവരുമായി പരിചയമുണ്ടെന്നും ഇതില്‍ മൂന്നു പേര്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കുന്നുണ്ടെന്നും ക്രിസ്റ്റീന പറഞ്ഞു.
തിരക്കഥാകൃത്തെന്ന പേരിലാണ് ക്രിസ്റ്റീന ഓമനപ്പുഴ കടപ്പുറത്തെ റിസോര്‍ട്ടില്‍ മുറിയെടുത്തത്. തസ്ലിമയ്ക്ക് എട്ട് ഭാഷകളില്‍ പ്രവീണ്യമുണ്ട്. വര്‍ഷങ്ങളായി സിനിമ മേഖലയുമായി തസ്ലിമ സുല്‍ത്താന അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ ക്രിസ്റ്റീന ചെന്നൈയിലാണ് താമസം. ലഹരിക്കടത്തിന് ഇവര്‍ കുടുംബത്തെ മറയായി ഉപയോഗിച്ചിരുന്നു. കൊച്ചിയില്‍നിന്ന് കഞ്ചാവുമായി ആലപ്പുഴയിലേക്കുള്ള കാര്‍ യാത്രയിലും ഭര്‍ത്താവും രണ്ടു കുട്ടികളും ഒപ്പമുണ്ടായിരുന്നു.
ഭര്‍ത്താവിനോ മക്കള്‍ക്കോ ലഹരിക്കടത്തിനെ സംബന്ധിച്ച് യാതൊരറിവുമില്ലെന്നാണ് എക്‌സൈസ് പറയുന്നത്. യുവതി മാരാരിക്കുളത്തെ റിസോര്‍ട്ടിലേക്ക് കയറുമ്പോള്‍ കുടുംബത്തെ പുറത്ത് നിര്‍ത്തിയിരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തപ്പോഴാണ് കുടുംബം ഇക്കാര്യം അറിയുന്നത്. ക്രിസ്റ്റീന ലഹരിയുമായി വരുന്നതറിഞ്ഞ് എക്സൈസ് റിസോർട്ടിന് പുറത്ത് തമ്പടിച്ചിരുന്നു. രാത്രി 10.30ന് എറണാകുളത്തുനിന്നു റിസോർട്ടിൽ എത്തിയ ക്രിസ്റ്റീനയെയും ഡ്രൈവർ മണ്ണഞ്ചേരി മല്ലംവെളി വീട്ടിൽ ഫിറോസിനെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് കാറും തസ്‌ലിമയുടെ ബാഗും പരിശോധിച്ചപ്പോഴാണ് നാല് പാക്കറ്റുകളാക്കി വച്ചിരുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. നാലു പൊതികളായി പ്രത്യേക നമ്പറുകളിട്ടാണു ക്രിസ്റ്റീന ബാഗിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ചലച്ചിത്ര പ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും പുറമെ ചില പെൺവാണിഭ സംഘങ്ങൾക്കും ഇവർ ഹൈബ്രിഡ് കഞ്ചാവ് നൽകുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഡ്രൈവറായി മാത്രമല്ല, ഓൺലൈൻ ഇടപാട് നടത്തി ഉറപ്പിക്കുന്നവർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കാനും വേണ്ടിയാണ് ഫിറോസിനെ ഒപ്പം കൂട്ടിയിരുന്നത്. പ്രമുഖരുമായി മാത്രമേ ഇടപാടുകൾ നടത്താറുള്ളൂവെന്ന് ഫിറോസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. വാട്സ്ആപ്പ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ ഇടപാട് നടത്തിയിരുന്നത്. നിലവില്‍ വാട്സ്ആപ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ശേഖരിക്കും. ചാറ്റുകൾ വീണ്ടെടുക്കാൻ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് എക്സൈസ് അറിയിച്ചു.
കാർ വാടകയ്ക്ക് എടുത്താണ് പ്രതികള്‍ ആവശ്യക്കാർക്ക് ലഹരി എത്തിച്ചിരുന്നത്. കാര്‍ വാടകയ്ക്ക് എടുത്ത ഏജൻസിയിൽ നിന്ന് വിവരങ്ങൾ തേടും. വാഹനത്തിന്റെ ജിപിഎസ് ട്രാക്കർ വിവരങ്ങളും ശേഖരിക്കുമെന്നും എക്സൈസ് കൂട്ടിച്ചേര്‍ത്തു. കൊറിയർ വഴിയാണ് കഞ്ചാവ് ലഭിച്ചതെന്നാണ് പ്രതികൾ എക്സൈസിന് മൊഴി നൽകിയത്. ലഹരിക്കടത്തിൽ കൂടുതൽ പേർ പങ്കാളികളാണെന്നാണ് എക്സൈസിന്റെ നിഗമനം. പ്രതികൾ മൊഴി നൽകിയ ചലച്ചിത്ര താരങ്ങളുമായി ഇവർക്കുള്ള ബന്ധത്തെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ താരങ്ങളെ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ 2 കോടിയിലേറെ രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക