US reciprocal tax: സമുദ്രോത്പന്നങ്ങൾക്ക് 34.26 ശതമാനം നികുതി; യുഎസ് തീരുമാനം ചെമ്മീൻ കർഷകരെ ബാധിക്കും

കേരളത്തിലെ 130 ഓളം കയറ്റുമതി അധിഷ്ഠിത സമുദ്രോത്പന്ന യൂണിറ്റുകൾക്കും ആയിരക്കണക്കിന് തൊഴിലാളികൾക്കും തിരിച്ചടി
US reciprocal tax leaves Indian seafood industry jittery
പ്രതീകാത്മകംഫയൽ
Updated on

കൊച്ചി: ഇന്ത്യൻ സമുദ്രോത്പന്നങ്ങൾക്ക് 34.26 ശതമാനം നികുതി ചുമത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനം രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിക്കാരെയും ചെമ്മീൻ കർഷകരെയും കടുത്ത ദുരിതത്തിലാക്കുന്നു. യുഎസ് താരിഫ് കുറയ്ക്കുമെന്നു സമുദ്രോത്പന്ന കയറ്റുമതിക്കാർ പ്രതീക്ഷിക്കുന്നു. യുഎസ് ഭരണകൂടം പരസ്പര നികുതി കുറയ്ക്കാൻ വിസമ്മതിച്ചാൽ, ഇക്വഡോർ പോലുള്ള ചെറുകിട ഉത്പാദകർ നികുതി ആനുകൂല്യം ഉപയോഗിച്ച് യുഎസ് വിപണി ഏറ്റെടുക്കാൻ സാധ്യതയുണ്ട്. യുഎസ് സമുദ്രോത്പന്ന വിപണിയിൽ ഇന്ത്യയ്ക്ക് 40% വിഹിതമുള്ളതിനാൽ ഫലത്തിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടാകും.

2.49 ആന്റി ഡംപിങ് നികുതിയും 5.77 കൗണ്ടർ വെയ്‍ലിങ് നികുതിയും 26 ശതമാനം പകര ചുങ്കവുമാണ് യുഎസ് ഭരണകൂടം ചുമത്താൻ തീരുമാനിച്ചത്. മൊത്തം 34.26 ശതമാനമാണ് നിലവിൽ ഉയർത്തിയത്. ഇതോടെയാണ് ഇക്വഡോറിനു സാധ്യത കൂടിയിരിക്കുന്നത്. അവർക്ക് 13.78 ശതമാനം മാത്രമാണ് നികുതി ചുമത്തിയിരിക്കുന്നത്.

ആന്റി ഡംപിങ് നികുതി പകര ചുങ്കവും കേരളത്തിലെ 130 ഓളം കയറ്റുമതി അധിഷ്ഠിത സമുദ്രോത്പന്ന സംസ്കരണ യൂണിറ്റുകളെയും ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളെയും ബാധിക്കും. കേന്ദ്ര സർക്കാരിന് മുന്നിൽ കേരളത്തിന്റെ ആശങ്ക അറിയിക്കാൻ കേരള സർക്കാർ കേന്ദ്രത്തിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഏകോപന സമിതി പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള കടൽ ചെമ്മീനിനു അമേരിക്ക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ സമു​ദ്രോത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണി യുഎസ് തന്നെയാണ്. യുഎസ് വിപണിയിൽ തങ്ങൾക്ക് ഏകദേശം 35 മുതൽ 40 ശതമാനം വരെ വിഹിതമുണ്ട്. 26 ശതമാനമായി പകര ചുങ്കം ഉയർത്തുന്നത് ഇന്ത്യൻ ഉത്പന്നങ്ങളുടെ ചെലവ് വർധിപ്പിക്കും. അതോടെ ഇക്വഡോർ വിപണി കൈയടക്കാനുള്ള സാധ്യതയുമുണ്ട്. പുതിയ ചരക്കുകൾ കയറ്റുമതി ചെയ്യുന്നത് നിർത്താൻ, വാങ്ങുന്നവർ ഇതിനകം തന്നെ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഉത്പന്നങ്ങൾ വാങ്ങുന്നവർ കിഴിവ് ആവശ്യപ്പെടുകയോ നിരസിക്കുകയോ ചെയ്തേക്കാം എന്നും ഞങ്ങൾ ആശങ്കപ്പെടുന്നു. നിരക്കുകൾ കുറയ്ക്കാൻ ഞങ്ങൾ നിർബന്ധിതരാകുമെന്നതിനാൽ കയറ്റുമതിക്കാർ സംഭരണം നിർത്താനും സാധ്യതയുണ്ട്- സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അലക്സ് നൈനാൻ പറഞ്ഞു.

വനാമി ചെമ്മീൻ, കടുവ ചെമ്മീൻ, കണവ, കൂന്തൾ എന്നിവയാണ് ഇന്ത്യയിൽ നിന്നു യുഎസ് വിപണിയിലേക്ക് കയറ്റുമതി ചെയുന്നവയിൽ പ്രധാനം. 2023-24ൽ 60,524 കോടി രൂപയുടെ സമുദ്രോത്പന്നങ്ങൾ ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ നിന്നുള്ള വരുമാനം മാത്രം 40,013 കോടി രൂപയാണ്. കേരളത്തിലെ കയറ്റുമതി സ്ഥാപനങ്ങൾ പ്രതിവർഷം ഏകദേശം 8,000 കോടി രൂപയുടെ സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ഉത്പന്നങ്ങളുടെ ഒരു പ്രധാന പങ്ക് യുഎസ് വിപണിയിലേക്കാണ് പോകുന്നത്.

പകര ചുങ്കം യുഎസ് വിപണിയിൽ ചെലവ് കൂട്ടുന്നതോടെ യൂറോപ്യൻ, ചൈന വിപണികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. എന്നാൽ ഇത്രയധികം ചെമ്മീൻ ഉപയോഗിക്കുന്ന മറ്റൊരു രാജ്യവുമില്ലാത്തതിനാൽ യുഎസ് പോലുള്ള ഒരു വിപണി നഷ്ടപ്പെടുത്താൻ കഴിയില്ല. ചർച്ചകൾ പുരോ​ഗമിക്കുന്നുണ്ട്. ഇതിനു ശേഷം യുഎസ് പകര ചുങ്കം കുറച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു- സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് എംആർ പ്രേമചന്ദ്ര ഭട്ട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com