
മധുര: സിപിഎം വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ് എംഎ ബേബി ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. രാഷ്ട്രീയമായും സംഘടനാപരമായും വലിയ വെല്ലുവിളികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തമായി നിൽക്കുക, ഇന്ത്യ മുന്നണിയിൽ തന്ത്രപരമായി നീങ്ങുക എന്നതൊക്കെ മുന്നിലുണ്ട്.
സിപിഎമ്മിന്റെ സ്വതന്ത്ര ശക്തി വർദ്ധിപ്പിക്കുന്നതിനൊപ്പം നിലവിൽ ശിഥിലമായ ഇടതുപക്ഷ ഐക്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുക എന്നതാണ് മുന്നിലുള്ള അടിയന്തര കടമ. മറ്റ് ഇടതുപക്ഷ പാർട്ടികളുമായി നല്ല ബന്ധം നിലനിർത്തുക, ഇടതുപക്ഷ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുക, ഇന്ത്യ മുന്നണി പാർട്ടികളുമായി യോജിച്ചു നിൽക്കുക എന്നിവയും വെല്ലുവിളികളാണ്. സംസ്ഥാനത്ത് എൽഡിഎഫ് സഖ്യത്തെ ശക്തമായി നിലനിർത്തുക അടക്കമുള്ള കടമകളും ജനറൽ സെക്രട്ടറി എന്ന നിലയിൽ അത്തരം സഖ്യങ്ങൾക്ക് നേതൃത്വം നൽകാനുള്ള ഉത്തരവാദിത്വവും ബേബിയുടെ ചുമതലയായിരിക്കും.
ഇന്ത്യ മുന്നണിയുടെ ഭാഗമായതിനാൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളുമായി നിരവധി വേദികൾ പങ്കിടേണ്ടിവരും. ബേബിയുടെ വരവ് പാർട്ടി, കേരള ഘടകത്തിൽ നിന്ന് സ്വതന്ത്രമല്ല എന്ന തോന്നൽ ഉളവാക്കും. ഇതു മാറ്റിയെടുക്കാനുള്ള പ്രവർത്തനം അദ്ദേഹം നടത്തേണ്ടി വരും. സംസ്ഥാനത്തു പാർട്ടിയെ ശക്തമായി തന്നെ നിലനിർത്തി മുന്നോട്ടു കൊണ്ടുപോകേണ്ടതും അദ്ദേഹത്തിന്റെ മുന്നിലെ വലിയ കടമ്പയാണ്. പ്രത്യേകിച്ച് 2026ലെ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുക എന്നത് വെല്ലുവിളി ഉയർത്തി നിൽക്കുന്ന സാഹചര്യത്തിൽ.
ഒരുകാലത്ത് ശക്തി കേന്ദ്രങ്ങളായിരുന്ന പശ്ചിമ ബംഗാൾ, ത്രിപുര പോലുള്ള സംസ്ഥാനങ്ങളിൽ പാർട്ടിയുടെ അടിത്തറ പുനർ നിർമിക്കുക എന്നതാണ് മറ്റൊരു വെല്ലുവിളി. ഇവിടങ്ങളിലെല്ലാം പാർട്ടിക്ക് അതിന്റെ ബഹുജന അടിത്തറയിൽ വലിയ ഇടിവ് സംഭവിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വർഗ ബഹുജന പോരാട്ടങ്ങൾ ഏറ്റെടുക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നതടക്കമുള്ള സ്വയം വിമർശന സമീപനം ഉൾപ്പെടുന്ന വിശദമായ തിരുത്തൽ പദ്ധതികൾ പാർട്ടി കോൺഗ്രസ് പുറത്തിറക്കിയിട്ടുണ്ട്. ഇവ താഴേത്തട്ട് മുതൽ നടപ്പിലാക്കാൻ നേതൃത്വം നൽകലും അദ്ദേഹത്തിന്റെ ചുമതലയാണ്.
പുതിയ സെക്രട്ടറിക്ക് മുന്നിലുള്ള മറ്റൊരു പ്രധാന വെല്ലുവിളി ഉന്നത നേതാക്കൾക്കിടയിലും സംസ്ഥാന യൂണിറ്റുകൾക്കിടയിലും ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ്. ബംഗാൾ യൂണിറ്റ് അദ്ദേഹത്തിന് അനുകൂലമായിരുന്നില്ല എന്നത് രഹസ്യമല്ല. ധാവ്‍ലെ ഘടകം പാർട്ടിയുടെ കാര്യങ്ങളിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നത് കണ്ടറിയണം. വിയോജിപ്പുകൾ പരസ്യമായി തന്നെ പല നേതാക്കളും പ്രകടമാക്കിയിട്ടുണ്ട്. മുന്നിൽ നിന്നു നയിക്കുക, എല്ലാവരേയും ചേർത്തു നിർത്തി മുന്നോട്ടു പോകുക, പാർട്ടിയെ ശക്തിപ്പെടുത്തുക എന്നിവയൊക്കെയാണ് ചരിത്രത്തിലെ ഈ നിർണായക ഘട്ടത്തിൽ ആറാമത്തെ സെക്രട്ടറിയിൽ നിന്ന് സിപിഎം പ്രതീക്ഷിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക