
നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളെ ചേർത്തു നിർത്തിയുള്ള പോരാട്ടമാണ് പ്രധാന ലക്ഷ്യമെന്നു പുതിയ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പറയുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് ഭാവി ലക്ഷ്യങ്ങളെ കുറിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പ്രതിപക്ഷത്തിനു ഐക്യമില്ലായ്മ ഉണ്ടോ?
'നരേന്ദ്ര മോദി സർക്കാർ അഴിച്ചുവിടുന്ന ആസൂത്രിതമായ ആക്രമണം കണക്കിലെടുക്കുമ്പോൾ പ്രതിപക്ഷം ഐക്യമില്ലായ്മ മറികടക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ’എമ്പുരാൻ’ സിനിമ വിവാദം നോക്കു. പ്രതിപക്ഷത്തിന്റെ വിശാലമായ രാഷ്ട്രീയ ക്രമീകരണം കൂടുതൽ ശക്തി പ്രാപിക്കുന്നതിലേക്കാണ് ഈ വിവാദം എത്തിച്ചത്. ബിജെപി സർക്കാർ ഇത്തരം നടപടികൾ തുടരുമ്പോൾ അതിനെ ചെറുക്കാൻ ഒന്നിച്ചു ചേരുക എന്നതല്ലാതെ മറ്റ് മാർഗമില്ല.'
സിപിഎം ഒരു വിശാലമായ ദേശീയ സഖ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ കേരളത്തിലെ രാഷ്ട്രീയാവസ്ഥ ഒരു തടസമാണോ?
'ബിജെപിക്കെതിരെ വിശാലമായ ഒരു രാഷ്ട്രീയ വേദി സൃഷ്ടിക്കുക എന്നതാണ് പ്രധാന കടമ. കാരണം നവ- ഫാസിസ്റ്റ് പ്രവണതകളെ വ്യക്തമായി പ്രകടിപ്പിക്കുന്ന സർക്കാരാണ് കേന്ദ്രത്തിൽ. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിലെ യാഥാർഥ്യങ്ങളെ കൂടി ഉൾക്കൊള്ളേണ്ടതുണ്ട്. കുറച്ചു കാലമായി ഇതാണ് ഞങ്ങളുടെ സമീപനം. പാർട്ടി അതിന്റെ സ്വതന്ത്ര ശക്തി വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ ഊന്നൽ നൽകും. കുറച്ച് ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇടതുപക്ഷ ഐക്യം ഉറപ്പാക്കാനും ഞങ്ങൾ ശ്രമിക്കും.'
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ പാർട്ടിയെ നയിക്കുമോ?
'നിലവിൽ കേരളത്തിലെ ഇടതു മുന്നണിയുടെ നേതാവാണ് പിണറായി വിജയൻ. സ്വാഭാവികമായും അടുത്ത തെരഞ്ഞെടുപ്പിലും അദ്ദേഹം മുന്നണിയുടെ രാഷ്ട്രീയ, തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകും. അതിൽ യാതൊരു സംശയവുമില്ല. അധികാരത്തുടർച്ച ലഭിച്ചാൽ ആരാണ് മുഖ്യമന്ത്രിയാകുക എന്നത് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമല്ല. അത് സമയമാകുമ്പോൾ തീരുമാനിക്കും.'
സംസ്ഥാനത്ത് പാർട്ടി തുടർച്ചയായി മൂന്നാം തവണയും വിജയിക്കുമോ?
'പാർട്ടിയും എൽഡിഎഫും അധികാരത്തിൽ തുടരുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട്. ചിട്ടയായ പ്രവർത്തനം നടന്നാൽ തുടരെ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്നു തീർച്ചയാണ്. ആ ദിശയിൽ പ്രവർത്തനം ശക്തമാക്കാൻ 24ാം പാർട്ടി കോൺഗ്രസിൽ തീരുമാനം എടുത്തിട്ടുണ്ട്.'
പുതിയ ജനറൽ സെക്രട്ടറിയുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണ്?
'പാർട്ടി കോൺഗ്രസ് മൂന്ന് രാഷ്ട്രീയ ഉത്തരവാദിത്വങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. സംഘപരിവാറിനെയും ബിജെപി സർക്കാരിനെയും ചെറുക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനം. സംസ്ഥാന സർക്കാരുകളെ അടിച്ചമർത്താനുള്ള ശ്രമങ്ങളുമായി മോദി സർക്കാർ മുന്നോട്ട് പോകുകയാണ്. വരും ദിവസങ്ങളിൽ കേന്ദ്രത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തും. രണ്ടാമതായി സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെയും സ്വതന്ത്ര ശക്തി വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കേണ്ടതുണ്ട്. മൂന്നാമതായി ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും പ്രാദേശിക തലങ്ങളിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും.'
ജനറൽ സെക്രട്ടറിയായി താങ്കളെ തെഞ്ഞെടുത്തത് ഐക്യകണ്ഠേനയായിരുന്നോ?
'ഐക്യകണ്ഠേനയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പൊളിറ്റ്ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലിം എന്റെ പേര് നിർദ്ദേശിച്ചു. ചില മാധ്യമങ്ങൾ ജനറൽ സെക്രട്ടറിയായി ഉയർത്തിക്കാട്ടിയ അശോക് ധാവ്‍ലെ പിന്തുണച്ചു. മറ്റുള്ളവരും പിന്തുണ നൽകി. മറ്റ് പേരുകളൊന്നും ഉയർന്നു വന്നില്ല.'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക