
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികള്‍ക്കു രാജ്യാന്തര സ്വര്‍ണക്കടത്തു ബന്ധമെന്ന് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയ ചെന്നൈ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലിയില്‍ നിന്നാണു സുപ്രധാന വിവരങ്ങള്‍ എക്‌സൈസിനു ലഭിച്ചത്. അക്ബര്‍ അലിയാണു ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനെന്നും ഇയാളുടെ സ്ഥാപനത്തിന്റെ മറവിലാണു സ്വര്‍ണവും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും രാജ്യത്തേക്കു കടത്തിയിരുന്നതുമെന്നാണ് എക്‌സൈസിന്റെ നിഗമനം.
വര്‍ഷങ്ങളായി അക്ബര്‍ അലിയും സംഘവും കഞ്ചാവും സ്വര്‍ണവും കടത്തിയതായി എക്‌സൈസ് പറയുന്നു. പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടികള്‍ക്കൊപ്പം കുടുംബമായാണ് കഞ്ചാവുമായി യാത്ര ചെയ്തിരുന്നത്. ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താന, സഹായി കെ.ഫിറോസ് എന്നിവര്‍ പിടിയിലാകുമ്പോള്‍ തൊട്ടടുത്തുവരെ കാറില്‍ അക്ബറും ഉണ്ടായിരുന്നു. അന്നു കഞ്ചാവ് കടത്തില്‍ ഇയാളുടെ ബന്ധം തിരിച്ചറിയാനായില്ലെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ സൂത്രധാരനെന്നു കണ്ടെത്തി. തുടര്‍ന്നാണ് അന്വേഷണ സംഘം, ചെന്നൈ എണ്ണൂരിലെ വാടക വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
തസ്ലിമയും ഫിറോസുമാണു കേസിലെ ഒന്നും രണ്ടും പ്രതികള്‍. മൂന്നാം പ്രതിയാണ് അക്ബര്‍ അലി. അക്ബര്‍ അലിയുടെ വിദേശ യാത്രകളെക്കുറിച്ച് അന്വേഷിക്കുമെന്നും ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എസ്.വിനോദ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എസ് അശോക് കുമാര്‍, സ്‌പെഷല്‍ സ്‌ക്വാഡ് സിഐ എം.മഹേഷ് എന്നിവര്‍ പറഞ്ഞു. ജില്ലയിലെത്തിച്ച പ്രതിയെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയ ശേഷം ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ലഹരിക്കടത്തില്‍ പങ്കുണ്ടെങ്കില്‍ നടന്‍മാരും പ്രതികള്‍ഹൈബ്രിഡ് കഞ്ചാവ് കടത്തു സംഭവത്തില്‍ പങ്കുണ്ടെങ്കില്‍ നടന്‍മാരെയും പ്രതിചേര്‍ക്കുമെന്ന് എക്‌സൈസ്. താരങ്ങള്‍ കഞ്ചാവ് വാങ്ങിയെന്ന് മുഖ്യപ്രകതി മൊഴി നല്‍കിയിട്ടുണ്ട്. അവര്‍ക്ക് നോട്ടീസ് അയക്കും. പിടിയിലായ മൂന്നു പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ചാറ്റുകളില്‍ നിന്നു കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം മൂന്നു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. തുടര്‍ന്നാകും നടന്‍മാരുടെ മൊഴി രേഖപ്പെടുത്തുക. പ്രതികളെന്നു ബോധ്യപ്പെട്ടാല്‍ നടന്‍മാരെ അറസ്റ്റ് ചെയ്യുമെന്നും എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക