
തൃശൂര്‍: കുഴൂരില്‍ കാണാതായ ആറുവയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സമീപവാസിയായ ഇരുപതുകാരന്‍ ജോജോയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ആബേലാണ് മരിച്ചത്. താണിശേശി സെന്റ് സേവ്യേഴസ് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ്.
കുട്ടിയെ ഇന്ന് വൈകീട്ടാണ് കാണാതായത്. പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം ആറുമണിക്ക് ശേഷം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു എന്നുപറഞ്ഞാണ് ആബേല്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ നേരം ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ തിരികെ എത്താതെ വന്നതോടെയാണ് വീട്ടുകാര്‍ പരിഭ്രമിച്ച് പൊലീസില്‍ വിവരമറിയിച്ചത്.
കളികഴിഞ്ഞ് ആബേല്‍ നേരത്തേ വീട്ടിലേക്ക് മടങ്ങി എന്നായിരുന്നു കൂടെകളിച്ചിരുന്ന മറ്റ് കുട്ടികള്‍ പോലീസിന് നല്‍കിയ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലാണ് നിര്‍ണായകമായത്. കുട്ടിയുടെ വീടിനടുത്തുള്ള കെട്ടിടത്തിലെ സിസിടിവിയില്‍ ആബേല്‍ സ്ഥലത്തെ ഒരു യുവാവുമായി റോഡില്‍ ഓടിക്കളിക്കുന്നതായുള്ള ദൃശ്യം കണ്ടെത്തി. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. രാത്രി ഒമ്പതരയോടെ വീടിനടുത്തുള്ള കുളത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊലപാതകത്തിലേക്കുള്ള നയിച്ച കാരണം വ്യക്തമല്ല. ഇയാള്‍ നേരത്തെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇടപെട്ടായാളാണെന്നും പൊലീസ് പറഞ്ഞു. കുട്ടിയുമായി വാക്കുതര്‍ക്കം ഉണ്ടായതിന്റെ ദേഷ്യത്തില്‍ മര്‍ദിക്കുകയും അതിന് ശേഷം കുളത്തിലേക്ക് എറിഞ്ഞെന്നാണ് ആദ്യം മൊഴി നല്‍കിയത്. പിന്നീട് ഈ മൊഴി ഇയാള്‍ മാറ്റുകയും ചെയ്തു. കുട്ടിയെ കാണാതായതിന് പിന്നാലെ ഇയാളും തിരയാന്‍ രംഗത്തുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക