Muslim Brotherhood|സോളിഡാരിറ്റി പ്രതിഷേധത്തിലെ മുസ്ലീം ബ്രദര്‍ഹുഡ്‌; ഭീകര സംഘടനകളുടെ പ്രചോദനമോ?

1940കളില്‍, ഈജിപ്തില്‍ ബ്രദര്‍ഹുഡിന് ഒരു ദശലക്ഷത്തിലധികം അംഗങ്ങളുണ്ടായിരുന്നു
പ്രതിഷേധത്തില്‍ ഉയര്‍ത്തിക്കാട്ടിയ ഹസനുല്‍ ബന്നയുടെ ചിത്രം
പ്രതിഷേധത്തില്‍ ഉയര്‍ത്തിക്കാട്ടിയ ഹസനുല്‍ ബന്നയുടെ ചിത്രം
Updated on

ഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി, എസ്‌ഐഒ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ച് പ്രതിഷേധ സമരത്തിന് അപ്പുറത്തേക്ക് ചര്‍ച്ച ചെയ്യപ്പെടുകയാണ്. പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടിയ വിഷയത്തിനും മുദ്രാവാക്യങ്ങള്‍ക്കും അപ്പുറം ഇതില്‍ ഉപയോഗിക്കപ്പെട്ട ചില ഫോട്ടോകളാണ് സമരം മുന്നോട്ടുവച്ച വിഷയം വഴിതിരിച്ചുവിട്ടത്. അന്താരാഷ്ട്ര തലത്തില്‍ പലരാജ്യങ്ങളിലും നിരോധിക്കപ്പെട്ടതും ഈജിപ്തില്‍ ആരംഭിച്ച് നിരവധി രാജ്യങ്ങളില്‍ സാന്നിധ്യമുള്ളതുമായ മുസ്ലിം ബ്രദര്‍ഹുഡ്, ഹമാസ് തുടങ്ങിയ സംഘടനകളുടെ സ്ഥാപക നേതാക്കളുടെ ചിത്രങ്ങളായിരുന്നു പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടിയത്.

ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്ന, എഴുത്തുകാരനും മുസ്ലീം ബദര്‍ഹുഡ് നേതാവുമായ സയ്യിദ് ഖുതുബ് ഹമാസ് നേതാക്കളായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ എന്നിവരുടെ ഫോട്ടോകള്‍ പ്രതിഷേധത്തില്‍ ഉപയോഗിക്കപ്പെട്ടത് അത്ര നിഷ്‌കളങ്കമല്ലെന്നാണ് പൊതുവില്‍ ഉയരുന്ന വിമര്‍ശനം. തീവ്ര ഇസ്ലാമിസ്റ്റ് ആശയങ്ങളുടെ സ്ഥാപകര്‍ എന്ന നിലയില്‍ അല്‍ ഖ്വായിദ പോലുള്ള ഭീകര സംഘടകളുടെ ആശയങ്ങള്‍ക്ക് പ്രചോദമായ ചിന്താധാരകള്‍ മുന്നോട്ടുവച്ചവരെ ഇന്ത്യയിലെ സമരങ്ങളൂടെ മുഖങ്ങളാക്കിമാറ്റുന്നു എന്നും വിമര്‍ശനങ്ങളുണ്ട്. ഈ ഘട്ടത്തില്‍ കേരളത്തില്‍ ചര്‍ച്ചകളില്‍ നിറയുകയാണ് മുസ്ലിം ബ്രദര്‍ഹുഡ്.

Solidarity SIO march against Waqf Act
സോളിഡാരിറ്റി, എസ്ഐഒ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ച്Solidarity SIO march against Waqf Act

എന്താണ് മുസ്ലിം ബ്രദര്‍ഹുഡ്

ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും എസ് ഐഒയും നടത്തിയ സമരത്തില്‍ ഉയര്‍ത്തിക്കാട്ടപ്പെട്ട ഹസനുല്‍ ബന്നയാണ് മുസ്ലിം ബ്രദര്‍ഹുഡിന്റെ സ്ഥാപകന്‍. ഈജിപ്തിലെ ജനങ്ങളുടെ വിദ്യാഭ്യാസം സാമൂഹിക ഉന്നമനം എന്നിവ ലക്ഷ്യമിട്ടായിരുന്നു സംഘടനയുടെ രൂപീകരണം. അന്നത്തെ കൊളോണിയന്‍ ഭരണകൂടത്തെ പ്രതിരോധിക്കാനും ഇസ്ലാമിക തത്വങ്ങളില്‍ അടിസ്ഥാനമാക്കി സര്‍ക്കാരും സമൂഹവും നിര്‍മ്മിക്കുക എന്ന നിലയിലേക്ക് പിന്നീട് സംഘടന വളര്‍ന്നു.

1940കളില്‍, ഈജിപ്തില്‍ ബ്രദര്‍ഹുഡിന് ഒരു ദശലക്ഷത്തിലധികം അംഗങ്ങളുണ്ടായിരുന്നു. തൊട്ടടുത്ത ദശകങ്ങളില്‍ ഈജിപ്ത്, മൊറോക്കോ, സിറിയ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലേക്കും സംഘടന വളര്‍ന്നു. 1930കളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കും പിന്നീട് സായുധ സംഘടന എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടനയെ ഈജിപ്ത് സര്‍ക്കാര്‍ 1948 ഡിസംബര്‍ എട്ടിന് നിരോധിച്ചു.

പില്‍ക്കാലത്ത് ആഗോള തലത്തില്‍ മുസ്ലീം രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഈ നിരോധനം നീണ്ടു. ഈജിപ്ത് പ്രസിഡന്റ് ഗമാല്‍ അബ്ദുള്‍ നാസറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തോടെ ബ്രദര്‍ഹുഡിന് എതിരെ നടപടി കടുപ്പിച്ചു. വധശ്രമക്കേസില്‍ ആണ് ബ്രദര്‍ഹുഡ് നേതാവ് സയ്യിദ് ഖുതുബിനെ തൂക്കിക്കൊന്നത്. 2003ല്‍ റഷ്യന്‍ സുപ്രിംകോടതി ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയായി പ്രഖ്യപിച്ച് നിരോധിച്ചു. ബഹ്‌റൈന്‍, സിറിയ, സൗദി അറേബ്യ യുഎഇ രാജ്യങ്ങളിലും ബ്രദര്‍ഹുഡ് നിരോധനം നേരിടുന്നു. 2021ല്‍ ഓസ്ട്രിയന്‍ ഗവണ്‍മെന്റും മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചിട്ടുണ്ട്.

2011ല്‍ അറബ് രാഷ്ട്രങ്ങളില്‍ വിപ്ലവത്തിന് തുടക്കമിട്ട അറബ് വസന്തം പക്ഷേ മുസ്ലീം ബ്രദര്‍ഹുഡിന് അനുകൂല സാഹചര്യമാണ് തുറന്ന് നല്‍കിയത്. അറബ് രാജ്യങ്ങളില്‍ രാഷ്ട്രീയ മേഖലയിലേക്ക് ഇത് ബ്രദര്‍ഹുഡിന് വഴിയൊരുക്കി. മുസ്ലീം ബ്രദര്‍ഹുഡിന് സ്വതന്ത്ര തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു. ടുണീഷ്യയില്‍, ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട എന്നഹ്ദ പാര്‍ട്ടിയും, ഈജിപ്തില്‍, ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി (എഫ്‌ജെപി) ഭരണത്തിലേക്ക് ഉയര്‍ന്നു.

ആഗോള തലത്തില്‍ തീവ്ര നിലപാടുകാര്‍ എന്ന് വിലയിരുത്തുന്നവരെ രാജ്യത്തെ പ്രതിഷേധങ്ങളില്‍ അടയാളപ്പെടുത്തുന്ന സാഹചര്യം പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് സംസ്ഥാനത്ത് ഇപ്പോഴുയരുന്ന വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com