Guv-govt tussle: ഗവര്‍ണറുമായി തുറന്ന പോരിന്? ; ചാൻസലറുടെ നോമിനി ഇല്ല, വെറ്ററിനറി വിസി നിയമനവുമായി സര്‍ക്കാര്‍ മുന്നോട്ട്

ഗവര്‍ണറുടെ നോമിനി ഇല്ലാതെയുള്ള സെലക്ഷന്‍ പാനലിനെ നിയോഗിച്ച് സർക്കാർ
Guv-govt tussle
​ഗവർണറും മുഖ്യമന്ത്രിയും എക്സ്
Updated on

തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയില്‍ സ്ഥിരം വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം വീണ്ടും ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലിന് കളമൊരുക്കുന്നു. ചാന്‍സലറായ ഗവര്‍ണറുടെ നോമിനി ഇല്ലാതെയുള്ള സെലക്ഷന്‍ പാനലിനെ നിയോഗിച്ചതാണ് രാജ്ഭവനുമായി വീണ്ടുമൊരു പോരാട്ടത്തിന് സാഹചര്യം ഒരുക്കിയിട്ടുള്ളത്.

വിസി നിയമന പ്രക്രിയ പുനരാരംഭിക്കാനുള്ള സര്‍ക്കാരിന്റെ തിടുക്കത്തിലുള്ള നീക്കം, വിസി നിയമനത്തില്‍ സര്‍ക്കാരിന്റെ പങ്ക് വെട്ടിക്കുറയ്ക്കുന്ന 2025 ലെ യുജിസി ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഇഷ്ടപ്പെട്ട ഒരു അക്കാദമിക് വിദഗ്ധനെ തെരഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. സംസ്ഥാന സര്‍ക്കാരും മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്നു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഗവര്‍ണറുടെ നോമിനി ഇല്ലാതെ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്.

യുജിസി, കെവിഎഎസ്‌യു, സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) എന്നിവയുടെ നോമിനികളാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്. പാനലിന്റെ ഘടനയില്‍ മാറ്റം വരുത്തുകയും ചാന്‍സലറുടെ നോമിനിയെ നീക്കം ചെയ്യുകയും ചെയ്ത യൂണിവേഴ്‌സിറ്റി ഭേദഗതി ബില്ലിന്റെ അടിസ്ഥാനത്തിലാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ റഫര്‍ ചെയ്ത ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുമതി നിഷേധിച്ചിരുന്നു.

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ അനുസരിച്ച്, സെര്‍ച്ച് പാനലില്‍ ചാന്‍സലര്‍ (ഗവര്‍ണര്‍), സംസ്ഥാന സര്‍ക്കാര്‍, ഐസിഎആര്‍, വെറ്ററിനറി കൗണ്‍സില്‍ പ്രസിഡന്റ് എന്നിവരുടെ നോമിനികള്‍ ഉണ്ടായിരിക്കണം. സര്‍ക്കാര്‍ രൂപീകരിച്ച പാനലിന്റെ അധ്യക്ഷന്‍ മുന്‍ കേരള സര്‍വകലാശാല വിസി ബി ഇക്ബാല്‍ ആണ്. കെവിഎഎസ്‌യു മാനേജ്‌മെന്റ് കൗണ്‍സിലാണ് ഇദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തിട്ടുള്ളത്.

ഏപ്രില്‍ 15 ന് തിരുവനന്തപുരത്ത് സെര്‍ച്ച് കമ്മിറ്റി യോഗം ചേര്‍ന്ന് വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കുമെന്നാണ് സര്‍വകലാശാല അറിയിച്ചിട്ടുള്ളത്. ഭരണപക്ഷത്തോട് അടുപ്പമുള്ള 12 ഓളം അക്കാദമിക് വിദഗ്ധര്‍ വിസി സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ചാന്‍സലറുടെ നോമിനി ഇല്ലാത്ത ഒരു പാനല്‍ തെരഞ്ഞെടുക്കുന്ന വ്യക്തിയെ വൈസ് ചാന്‍സലറായി ഗവര്‍ണര്‍ നിയമിക്കില്ലെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സര്‍വകലാശാല ഭേദഗതി ബില്ലിന് രാഷ്ട്രപതി അനുമതി തടഞ്ഞിരിക്കുന്നതിനാല്‍, ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം നിലവിലുള്ള സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചത് അസാധുവാണ്. പാനല്‍ തെരഞ്ഞെടുക്കുന്ന ഒരാളെ ഗവര്‍ണര്‍ക്ക് നിയമിക്കാന്‍ കഴിയില്ല. പാനല്‍ ഘടന തന്നെ നിയമവിരുദ്ധമാണ് എന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വയനാട് പൂക്കോട് സര്‍വകലാശാലയില്‍ റാഗിങ്ങും പീഡനവും ആരോപിച്ച് രണ്ടാം വര്‍ഷ വെറ്ററിനറി വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്‍ മരിച്ചതിനെത്തുടര്‍ന്ന്, മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്നത്തെ വൈസ് ചാന്‍സലറെ പുറത്താക്കുകയായിരുന്നു. നിലവില്‍ വെറ്ററിനറി സര്‍വകലാശാലയിലെ പ്രൊഫസറായ കെ എസ് അനില്‍ വിസിയുടെ ചുമതല വഹിച്ചു വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com