'ഒരു നേതാവിന്റെ മരണത്തോടെ പ്രസ്ഥാനം തന്നെ ഇല്ലാതാകുന്നത് നാം കണ്ടിട്ടുണ്ട്; സിപിഎമ്മിന്റെ പുതിയ കെട്ടിടത്തേക്കാള്‍ ഞാന്‍ ശ്രദ്ധിക്കുന്നത്': കുറിപ്പ്

കണ്ടിരിക്കേണ്ടതാണ്. ഏതൊരു കോര്‍പ്പറേറ്റ് ഓഫിസിനോടും കിടപിടിക്കുന്ന ഒന്ന്. സീനിയറായ എല്ലാവര്‍ക്കും സ്വന്തം പേരില്‍ തന്നെ ഓഫീസുകള്‍ ഉണ്ട്. അനവധി കോണ്‍ഫറന്‍സ് റൂമുകളും. ഏറ്റവും ആകര്‍ഷിച്ചത് കോള്‍ സെന്റര്‍ പോലെ ഒരു സംവിധാനമാണ്.
PINARAYI VIJAYAN
സിപിഎമ്മിന്റെ പുതിയ ഓഫീസ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു
Updated on
2 min read

കൊച്ചി: സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന വേളയില്‍ ആധുനിക കെട്ടിടത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മുരളി തുമ്മാരുകുടി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ മാത്രമല്ല, സര്‍ക്കാര്‍ സ്ഥാപനങ്ങളും ആധുനിക വത്കരിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

2019ല്‍ ബിജെപിയുടെ ദേശീയ ഓഫീസില്‍ പോയ കാര്യവും അദ്ദേഹം പറയുന്നു. 'കണ്ടിരിക്കേണ്ടതാണ്. ഏതൊരു കോര്‍പ്പറേറ്റ് ഓഫിസിനോടും കിടപിടിക്കുന്ന ഒന്ന്. സീനിയറായ എല്ലാവര്‍ക്കും സ്വന്തം പേരില്‍ തന്നെ ഓഫീസുകള്‍ ഉണ്ട്. അനവധി കോണ്‍ഫറന്‍സ് റൂമുകളും. ഏറ്റവും ആകര്‍ഷിച്ചത് കോള്‍ സെന്റര്‍ പോലെ ഒരു സംവിധാനമാണ്. ബിഹാറിലെ തെരഞ്ഞെടുപ്പ് വരുന്നതിന് മുന്‍പുള്ള സമയമാണ്. അവിടെ നൂറുകണക്കിന് യുവതീ യുവാക്കള്‍ ഇരുന്ന് ബിഹാറിലെ ഓരോ ബൂത്തിലുമുള്ള ബിജെപി നേതൃത്വത്തെ നേരിട്ട് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഒരു കോര്‍പ്പറേറ്റ് ഓഫീസ് പോലെ ആധുനികം, കാര്യക്ഷമമെന്നും അദ്ദേഹം പറയുന്നു.

സിപിഎമ്മിന്റെ പുതിയ കെട്ടിടത്തേക്കാള്‍ ഞാന്‍ ശ്രദ്ധിക്കുന്നത് സിപിഎം പതുക്കെപ്പതുക്കെ കെട്ടിപ്പടുക്കുന്ന പുതിയ നേതൃത്വത്തിന്റെ നിരയാണെന്നും അദ്ദേഹം പറയുന്നു. 'ഒരു പാര്‍ട്ടിയിലെ നേതൃത്വം മുഴുവന്‍ അറുപത് കഴിഞ്ഞവരാണെങ്കില്‍ ആ പ്രസ്ഥാനത്തിന് വലിയ ഭാവി ഉണ്ടാകില്ല. മഹാമേരുപോലുള്ള നേതാക്കള്‍ ഉണ്ടായിരുന്ന കാലത്ത് മഹാപ്രസ്ഥാനങ്ങള്‍ എന്ന് തോന്നിയിരുന്ന പലതും ഒരു നേതാവിന്റെ മരണത്തോടെ പ്രസ്ഥാനം തന്നെ ഇല്ലാതാകുന്നത് നാം കണ്ടിട്ടുള്ളതാണ്. അതറിഞ്ഞ് ഓരോ പാര്‍ട്ടിയും മുതിര്‍ന്ന നേതാക്കള്‍ ഉള്ളപ്പോള്‍ തന്നെ പുതിയ തലമുറക്ക് അവസരങ്ങള്‍ നല്‍കി അവരെ മുന്നോട്ട് കൊണ്ടുവരണം. ഇക്കാര്യത്തില്‍ സിപിഎം ഒരു മാതൃകയാണ്'- മുരളി തുമ്മാരുകുടി കുറിപ്പില്‍ പറയുന്നു

മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

സിപിഎമ്മിന്റെ പുതിയ ആസ്ഥാനം

സിപിഎമ്മിന്റെ പുതിയ ആസ്ഥാനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുന്നു. കേട്ടിടത്തോളം ആധുനികമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒക്കെയുള്ള കെട്ടിടമാണ്. നല്ല കാര്യമാണ്.

പൊതുവെ കേരളത്തില്‍ പാര്‍ട്ടികളും സര്‍ക്കാരും ആഡംബരം പോയിട്ട് ആവശ്യത്തിനുള്ള ഓഫീസ് സൗകര്യം പോലും അവര്‍ക്കായി ലഭ്യമാക്കുന്നതില്‍ വിമുഖരാണ്. മാധ്യമങ്ങള്‍ മുഴുവന്‍ സമയവും ഭൂതക്കണ്ണാടിയുമായി അവരുടെ ചുറ്റുമുള്ളതിനാലും അവശ്യ ചിലവുകള്‍ പോലും 'ധൂര്‍ത്ത്' എന്നുപറഞ്ഞ് വിവാദമുണ്ടാക്കുവാന്‍ സദാ ജാഗരൂകരാകുന്നതുകൊണ്ടും നമ്മുടെ നേതൃത്വം ഇന്നും അത് ശ്രദ്ധിക്കുന്നവരായതുകൊണ്ടുമാണ് ഇത് സംഭവിക്കുന്നത്. നമ്മുടെ മന്ത്രിമാരുടെ ഓഫീസിനേക്കാള്‍ സൗകര്യമുള്ള മാധ്യമ മേധാവികളുടെ ഓഫീസുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഈ മാധ്യമങ്ങളെല്ലാം കോര്‍പ്പറേറ്റ് ആയതുകൊണ്ട് അവരുടെ ഓഫീസുകളില്‍ ആഡംബരം ആകാം!

സംശയമുള്ളവര്‍ നമ്മുടെ സെക്രട്ടേറിയറ്റ് ഒന്ന് പോയി നോക്കിയാല്‍ മതി. ഒരു ലക്ഷത്തിലധികം കോടി രൂപ വരുമാനവും അത്രയുംതന്നെ ചിലവുമുള്ള ഒരു സംസ്ഥാനത്തിന്റെ ഭരണം നയിക്കപ്പെടുന്ന സ്ഥലമാണ്. 157 ബില്യണ്‍ ഡോളര്‍ സ്റ്റേറ്റ് ഡൊമസ്റ്റിക്ക് പ്രോഡക്റ്റ് ഉള്ള ഒരു സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമാണ്. അവിടുത്തെ മന്ത്രിമാരുടെ, സീനിയര്‍ ഉദ്യോഗസ്ഥരുടെ എല്ലാം ഓഫീസുകളുടെ കെട്ടും മട്ടും സൗകര്യങ്ങളും കേരളത്തില്‍ ഒരു അഞ്ഞൂറുകോടി രൂപ വരവുള്ള പ്രസ്ഥാനങ്ങളിലെ ഓഫീസുകളെക്കാള്‍ മോശമാണ്. പഴയ സെക്രട്ടേറിയറ്റ് എപ്പോള്‍ വേണമെങ്കിലും തീപിടിക്കാന്‍ സാധ്യതയുള്ള ഒരു ഫയര്‍ ഹസാഡ് ആണെന്ന് ഞാന്‍ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. ആധുനികമായ സൗകര്യങ്ങളുള്ള ഒരു ഭരണകേന്ദ്രം നമുക്ക് ഉണ്ടാക്കണം. പഴയ സെക്രട്ടേറിയറ്റ് ജനാധിപത്യത്തെ പറ്റിയുള്ള, നമ്മുടെ മണ്മറഞ്ഞ നേതാക്കളെ പരിചയപ്പെടുത്തുന്ന, നമ്മള്‍ കടന്നുപോന്ന സമരങ്ങളുടെ കഥപറയുന്ന ഒരു മ്യൂസിയം ആക്കണം. നഗരത്തിന്റെ നടുക്ക് തന്നെ ഇപ്പോഴും 'പ്രൈം റിയല്‍ എസ്റ്റേറ്റ്' ഉപയോഗിക്കുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ സ്ഥലം ഉപയോഗിച്ചാല്‍ ഇത് എളുപ്പത്തില്‍ നടക്കും. രാജഭരണകാലത്ത് ഏറ്റവും സുരക്ഷ ഒരുക്കാന്‍ പറ്റിയ സ്ഥലമായിരുന്നു തലസ്ഥാനം, അതുകൊണ്ടാണ് ജയില്‍ അവിടെ ഉണ്ടായത്. ഇപ്പോള്‍ അതിന് പ്രസക്തിയില്ല. നഗരമധ്യത്തില്‍ തന്നെ ജയില്‍ ഉണ്ടാകേണ്ട ഒരാവശ്യവുമില്ല (യു.പി.യില്‍ നഗരമധ്യത്തിലെ ജയിലുകള്‍ പുറത്തേക്ക് മാറ്റിയാണ് നഗരവികസനത്തിന് സ്ഥലം കണ്ടെത്തിയത്).

2019 ല്‍ ആണെന്ന് തോന്നുന്നു ഞാന്‍ ബി.ജെ.പിയുടെ നാഷണല്‍ ഓഫീസില്‍ പോയിരുന്നു. കണ്ടിരിക്കേണ്ടതാണ്. ഏതൊരു കോര്‍പ്പറേറ്റ് ഓഫിസിനോടും കിടപിടിക്കുന്ന ഒന്ന്. സീനിയറായ എല്ലാവര്‍ക്കും സ്വന്തം പേരില്‍ തന്നെ ഓഫീസുകള്‍ ഉണ്ട്. അനവധി കോണ്‍ഫറന്‍സ് റൂമുകളും. എന്നെ ഏറ്റവും ആകര്‍ഷിച്ചത് കോള്‍ സെന്റര്‍ പോലെ ഒരു സംവിധാനമാണ്. ബിഹാറിലെ തെരഞ്ഞെടുപ്പ് വരുന്നതിന് മുന്‍പുള്ള സമയമാണ്. അവിടെ നൂറുകണക്കിന് യുവതീ യുവാക്കള്‍ ഇരുന്ന് ബിഹാറിലെ ഓരോ ബൂത്തിലുമുള്ള ബി. ജെ. പി. നേതൃത്വത്തെ നേരിട്ട് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഒരു കോര്‍പ്പറേറ്റ് ഓഫീസ് പോലെ ആധുനികം, കാര്യക്ഷമം.

അക്കാലത്ത് തന്നെ ഞാന്‍ സിപിഎമ്മിന്റ നാഷണല്‍ ഓഫീസില്‍ പോയിരുന്നു. കേരളത്തിലെ ഒരു പഴയ പാരലല്‍ കോളേജിനെ ആണ് ഓര്‍മ്മപ്പെടുത്തിയത്. വളരെ മിനിമല്‍ ആയ സൗകര്യങ്ങള്‍ മാത്രമേ അന്ന് ജനറല്‍ സെക്രട്ടറി ആയിരുന്ന പ്രകാശ് കാരാട്ടിന്റെ മുറിയില്‍ പോലും ഉണ്ടായിരുന്നുള്ളു.

സിപിഎമ്മിന്റെ പുതിയ കെട്ടിടത്തേക്കാള്‍ ഞാന്‍ ശ്രദ്ധിക്കുന്നത് സിപിഎം പതുക്കെപ്പതുക്കെ കെട്ടിപ്പടുക്കുന്ന പുതിയ നേതൃത്വത്തിന്റെ നിരയാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ പരിചയസമ്പന്നരും നല്ല പ്രതിച്ഛായ ഉള്ളവരുമായിരുന്ന നേതാക്കളെ മാറ്റിനിര്‍ത്തിയാണ് പുതിയ ആളുകള്‍ക്ക് മത്സരിക്കാന്‍ തന്നെ അവസരം നല്‍കിയത്. മത്സരിച്ചു ജയിച്ചവരില്‍ തന്നെ മന്ത്രിമാര്‍ ആയവര്‍ പുതുമുഖങ്ങള്‍ ആയിരുന്നു, പലരും അമ്പത് വയസ്സില്‍ താഴെ ഉള്ളവര്‍. ഇപ്പോള്‍ ജില്ലാക്കമ്മറ്റികളില്‍ തന്നെ അമ്പത് വയസ്സില്‍ താഴെയുള്ളവര്‍ സെക്രട്ടറിമാരായി വരുന്നു.

ഡെമോഗ്രഫി ഈസ് ഡെസ്റ്റിനി എന്ന് ഒരു പ്രയോഗമുണ്ട്. ഒരു പാര്‍ട്ടിയിലെ നേതൃത്വം മുഴുവന്‍ അറുപത് കഴിഞ്ഞവരാണെങ്കില്‍ ആ പ്രസ്ഥാനത്തിന് വലിയ ഭാവി ഉണ്ടാകില്ല. മഹാമേരുപോലുള്ള നേതാക്കള്‍ ഉണ്ടായിരുന്ന കാലത്ത് മഹാപ്രസ്ഥാനങ്ങള്‍ എന്ന് തോന്നിയിരുന്ന പലതും ഒരു നേതാവിന്റെ മരണത്തോടെ പ്രസ്ഥാനം തന്നെ ഇല്ലാതാകുന്നത് നാം കണ്ടിട്ടുള്ളതാണ്. അതറിഞ്ഞ് ഓരോ പാര്‍ട്ടിയും മുതിര്‍ന്ന നേതാക്കള്‍ ഉള്ളപ്പോള്‍ തന്നെ പുതിയ തലമുറക്ക് അവസരങ്ങള്‍ നല്‍കി അവരെ മുന്നോട്ട് കൊണ്ടുവരണം. ഇക്കാര്യത്തില്‍ സിപിഎം ഒരു മാതൃകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com