

തിരുവനന്തപുരം: കേരളത്തില്‍ സംഘപരിവാര്‍ സ്വാധീനം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അത് ഗൗരവത്തിലെടുത്ത് അതിനെതിരെ പ്രതിരോധം വികസിപ്പിച്ചെടുത്തില്ലെങ്കില്‍ ഒട്ടും സമാധാനിക്കാന്‍ പറ്റാത്ത തരത്തിലേക്ക് കൈവിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. മുമ്പ് വിന്ധ്യപര്‍വതനിരകള്‍ക്ക് ഇപ്പുറത്തേക്ക് വര്‍ഗീയശക്തികള്‍ക്ക് കടക്കാനാകില്ലെന്ന് നാമെല്ലാം അഭിമാനിച്ചിരുന്നു. ഇപ്പോള്‍, അവര്‍ക്ക് കേരളത്തില്‍ ഒരു ലോക്‌സഭാ എംപിയുണ്ട്. ചില നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറിയിരിക്കുന്നുവെന്നും ബേബി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്‌സില്‍ പറഞ്ഞു.
ചില നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറിയിരിക്കുന്നു. ബിജെപിയുടെ വര്‍ദ്ധിച്ചുവരുന്ന വോട്ട് വിഹിതത്തിന് പ്രധാനമായും ഉത്തരവാദി കോണ്‍ഗ്രസാണെങ്കിലും, ഇടതുപക്ഷത്തിന്റെ ഉള്‍പ്പെടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് അടിത്തറയും കാവി പാര്‍ട്ടി തട്ടിയെടുക്കുന്നു. ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള വോട്ടര്‍മാര്‍ കൂടുതലുള്ള ബൂത്തുകളില്‍ പോലും ബിജെപിയുടെ വോട്ടുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ വേണ്ടത്ര ജാഗ്രത പാലിച്ചിക്കാതിരുന്നതും, ഉദാസീനമായ സമീപനവും ഇതിനു കാരണമായി.
സംഘപരിവാര്‍ പതിനായിരം പത്തികളുള്ള വിഷസര്‍പ്പമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ കോശങ്ങളിലേക്കും അവര്‍ നുഴഞ്ഞുകയറുകയാണ്. ഇത് വെറുമൊരു പാര്‍ട്ടിയല്ല, ഫാസിസ്റ്റ് പ്രവണതകളുള്ള ഒരു പാര്‍ട്ടിയാണ്. ആവശ്യമായ ഗൗരവത്തോടെ നമ്മള്‍ ഇത് മനസ്സിലാക്കുകയും പ്രതിരോധം കെട്ടിപ്പടുക്കുകയും വേണം. ആര്‍എസ്എസിന് അചിന്തനീയമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. എന്നാല്‍ സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപി-ആര്‍എസ്എസ് തന്ത്രങ്ങളെ നേരിടാന്‍ വേണ്ടത്ര സജ്ജരാണോ എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്.
കേരളത്തിലോ ദേശീയ തലത്തിലോ കോണ്‍ഗ്രസ് നേതൃത്വത്തിന് അത്തരമൊരു ധാരണയില്ല. കേരളത്തില്‍, ബിജെപിയെക്കാള്‍ എല്‍ഡിഎഫിനെയാണ് കോണ്‍ഗ്രസ് നേരിടേണ്ടതെന്ന് അവര്‍ വിശ്വസിക്കുന്നു. യുഡിഎഫും കോണ്‍ഗ്രസും ചിലപ്പോഴൊക്കെ ബിജെപിയെ കൂട്ടുപിടിച്ചും എല്‍ഡിഎഫിനെ എതിര്‍ക്കുന്നു. അത് ബിജെപിക്ക് കേരളത്തില്‍ കാലുറപ്പിക്കാനുള്ള അവസരമാണ് ഒരുക്കികൊടുക്കുന്നത്. ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടായാല്‍, അത് പരിശോധിക്കാന്‍ സിപിഎം തയ്യാറാണ്. ഓരോ സ്ഥലത്തും സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്, ബിജെപി അധാര്‍മ്മിക മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു. അത്തരം അധാര്‍മ്മിക കാഴ്ചപ്പാടുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയവര്‍ ആത്മപരിശോധന നടത്തണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates