'കാലത്തിനൊത്തു മാറിയില്ലെങ്കില്‍ നാം പിന്തള്ളപ്പെടും'; സ്വകാര്യ സര്‍വകലാശാല അനിവാര്യമെന്ന് മന്ത്രി ആര്‍ ബിന്ദു

'ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഇന്ന് സ്വകാര്യ സര്‍വകലാശാലകള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു'
Minister R Bindu
മന്ത്രി ബിന്ദു മാധ്യമങ്ങളോട് സംസാരിക്കുന്നു ടിവി ദൃശ്യം
Updated on
2 min read

തിരുവനന്തപുരം: കാലത്തിന് അനുസൃതമായ അനിവാര്യമായ നടപടിയാണ് സ്വകാര്യ സര്‍വകലാശാലകളെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. അതില്‍ നിന്നും ഇനിയും നമുക്ക് മാറി നില്‍ക്കാനാകില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിനും മുന്നേറ്റത്തിനും അനിവാര്യമായ ഒരുപാട് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, സ്വകാര്യ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് വളരെ നിര്‍ണായകമായ തീരുമാനമാണ് മന്ത്രിസഭ കൈക്കൊണ്ടത്. ഇതോടൊപ്പം നിലവിലുള്ള സര്‍വകലാശാല നിയമങ്ങളെ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനുള്ള മറ്റൊരു ബില്ലും കാബിനറ്റ് അംഗീകരിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഇന്ന് സ്വകാര്യ സര്‍വകലാശാലകള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞതായി മന്ത്രി ബിന്ദു പറഞ്ഞു. ആഗോളവത്കരണത്തിന്റെ മൂന്നര പതിറ്റാണ്ട് നാം പിന്നിട്ടു കഴിഞ്ഞു. ആഗോളവത്കൃത ലോകക്രമത്തിന്റെ ഭാഗമായി, വളരെ മത്സരാധിഷ്ഠിത സമൂഹമായി ഇന്ത്യയും മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ ഒരു ജനത എന്ന നിലയില്‍ നമുക്ക് പിടിച്ചു നില്‍ക്കണമെന്നുണ്ടെങ്കില്‍ കാലാനുസൃതമായ മാറ്റങ്ങളിലൂടെ പോയേ തീരുവെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

സ്വകാര്യസര്‍വകലാശാലകള്‍ കേരളത്തില്‍ ആരംഭിക്കുമ്പോള്‍, കൃത്യമായ സാമൂഹിക നിയന്ത്രണങ്ങള്‍ ഉറപ്പാക്കിക്കൊണ്ടാണ് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെയും മറ്റ് പൊതുസംവിധാനങ്ങളുടേയും കൃത്യമായ ജാഗ്രതയും ഇടപെടലും റെഗുലേഷനും ഉറപ്പാക്കുന്ന രീതിയിലാണ് ബില്ലിന്റെ ഉള്ളടക്കം. അതുകൊണ്ടു തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറേക്കൂടി സാമൂഹ്യനിയന്ത്രണമുള്ള സംവിധാനമായിട്ടാണ് കേരളത്തിലെ സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.

സ്വകാര്യ സര്‍വകലാശാല ബില്ലിനെ സിപിഐ എതിര്‍ത്തിരുന്നുവോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകും, അതെല്ലാം ഉള്‍ക്കൊണ്ട് ഐകകണ്‌ഠേനയാണ് ബില്‍ മന്ത്രിസഭായോഗം അംഗീകരിച്ചത്. സിപിഐ പൂര്‍ണമായി എതിര്‍ത്തിട്ടില്ല. ചെറിയ ചില കാര്യങ്ങളില്‍ സിപിഐ ചില മാറ്റം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസമന്ത്രി ഈ സര്‍വകലാശാലകലില്‍ വിസിറ്ററായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം ബില്ലില്‍ ഉണ്ടായിരുന്നു. അതിനു പകരം അതത് സര്‍വകലാശാലകളുടെ ജൂറിസ്ഡിക്ഷനുമായി ബന്ധപ്പെട്ട് പല മന്ത്രിമാരും ആകാവുന്നതാണെന്ന അഭിപ്രായം ഉയര്‍ന്നു വന്നു.

എന്നാല്‍ സ്വകാര്യസര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ആ നിലയില്‍ ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ചു. അതേസമയം സര്‍ക്കാരിന് കൃത്യമായ തലത്തില്‍ ഇടപെടാന്‍ കഴിയുന്ന പ്രൊവിഷന്‍ ഈ ബില്ലില്‍ ഉറപ്പാക്കിയിട്ടുണ്ട്. സമകാലിക സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത്, സ്വകാര്യസര്‍വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് നമ്മുടെ സമൂഹത്തിന് മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രയാസങ്ങള്‍ ഉണ്ടാക്കും. എത്രയോ കാലം മുമ്പ് നമ്മള്‍ കൈക്കൊണ്ട നിലപാടുകള്‍ക്ക്, ഇന്നത്തെ സാഹചര്യത്തില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ട ഉത്തരവാദിത്തവുമുണ്ട്. അതല്ലെങ്കില്‍ ഒരു ജനത എന്ന നിലയില്‍ നാം ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് പിന്തള്ളപ്പെടും. ഒരു മൂര്‍ത്ത സാഹചര്യത്തിന് അനുസൃതമായി തീരുമാനമെടുക്കുക എന്നത് ഒരു മാര്‍ക്‌സിയന്‍ നിലപാടാണ്. മന്ത്രി ബിന്ദു പറഞ്ഞു.

ഇപ്പോഴത്തെ മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മൂര്‍ത്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നത് നമ്മുടെ ബാധ്യതയാണ്. കാലത്തിന് അനുസൃതമായിട്ടാണ് തീരുമാനമെടുക്കുക. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസകാലത്ത് ഇന്നത്തെ കാലത്ത് ഏറ്റവുമധികം എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളാണുള്ളത്. 20 ശതമാനം മാത്രമാണ് സര്‍ക്കാര്‍ കോളജുകള്‍. ആ സാഹചര്യത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അസ്പൃശ്യത കല്‍പ്പിക്കേണ്ടതില്ല. ലോകോത്തരമായ സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാന്‍ സാഹചര്യം ഉണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്തണമെന്ന് തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 40 ശതമാനം സംവരണം ഉള്‍പ്പെടെ ഉള്‍ച്ചേര്‍ത്താണ് സ്വകാര്യ സര്‍വകലാശാല ബില്‍ തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com