ഒറ്റയാള്‍ പോരാട്ടമല്ല, ഇനി കൂട്ടായി; യുഡിഎഫ് നേതാക്കള്‍ക്ക് നന്ദി; ജയിലില്‍ എംഎല്‍എയ്ക്ക് ലഭിക്കേണ്ട പരിഗണന പോലും ലഭിച്ചില്ല; അന്‍വറിന് സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

വളരെ മോശമായ ഭക്ഷണമായിരുന്നു. വെള്ളം മാത്രമാണ് കുടിച്ചത്. സാധാരണ തടവുകാരില്‍ നിന്ന് വ്യത്യസ്തമായി ഒരു കട്ടില്‍ മാത്രമാണ് ലഭിച്ചത്.
PV Anwar says he is ready for any compromise to work with the UDF, not a one-man fight.
അന്‍വര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നു ടെലിവിഷന്‍ ചിത്രം
Updated on

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ താഴെയിറക്കാന്‍ ഇനി ഒറ്റയാള്‍ പോരാട്ടമല്ല, യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എന്തു കോംപ്രമൈസിനും തയ്യാറാണെന്ന് പിവി അന്‍വര്‍. ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിവി അന്‍വര്‍. ഇതുവരെ നടത്തിയത് ഒറ്റയാൾ പോരാട്ടമാണ്. ഇനി പിണറായിസത്തെ ഒറ്റക്കെട്ടായി എതിർക്കും. അതിനു വ്യക്തിപരമായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണ്. പിണറായിസത്തെ തകര്‍ക്കുകയെന്നതാണ് അജണ്ട. യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അന്‍വര്‍ പറഞ്ഞു.

ദൈവത്തിന് നന്ദിയെന്ന് ജയിലിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെ അൻവർ പ്രതികരിച്ചു. ‘‘പൊതുസമൂഹവും മാധ്യമങ്ങളും പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങി മുഴുവൻ പേരും ഈ വിഷയത്തിൽ ധാർമിക പിന്തുണ നൽകിയെന്നതാണ് തനിക്ക് ആശ്വാസമായത്. താമരശേരി, ബത്തേരി ബിഷപ്പുമാർ, സി.പി.ജോൺ തുടങ്ങിയവരും പിന്തുണച്ചു. വന്യജീവി ഭീഷണി അങ്ങേയറ്റമാണ്. 100 ദിവസമായാലും ജയിലിൽ കിടക്കാൻ തയാറായി വീട്ടുകാരോട് പറഞ്ഞിട്ടാണ് ഇറങ്ങിയത്. പൊതുപ്രവർത്തനം തുടങ്ങിയ കാലം മുതൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിരുന്നു. അവിടെയെല്ലാം അത്താണിയായത് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജുഡീഷ്യൽ സംവിധാനമാണ്. അവിടെനിന്ന് നീതി കിട്ടി.’’– അൻവർ പറഞ്ഞു.

എംഎല്‍എ എന്ന നിലയ്ക്ക് കിട്ടേണ്ട ഒരു പരിഗണന പോലും കിട്ടിയിട്ടില്ല. ജയിലില്‍ മോശമായ സ്ഥിതിയായിരുന്നു. ഭക്ഷണം കഴിച്ചില്ല. വളരെ മോശമായ ഭക്ഷണമായിരുന്നു. വെള്ളം മാത്രമാണ് കുടിച്ചത്. സാധാരണ തടവുകാരില്‍ നിന്ന് വ്യത്യസ്തമായി ഒരു കട്ടില്‍ മാത്രമാണ് ലഭിച്ചത്. ഒരുതലയണ പോലും തരാന്‍ തയ്യാറായില്ല. ഉച്ചയ്ക്കത്തെ ഭക്ഷണം ഭയം കാരണം കഴിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു.

പിണറായി സ്വയം കുഴികുത്തിക്കൊണ്ടിരിക്കുയാണെന്നും അന്‍വര്‍ പറഞ്ഞു. എന്തിനാണ് ന്യൂനപക്ഷങ്ങളെ ഇങ്ങനെ വേട്ടയാടുന്നതെന്നും അദ്ദേഹം ചോദിച്ചു. ന്യൂനപക്ഷങ്ങള്‍ പൂര്‍ണമായും സിപിഎമ്മില്‍ നിന്ന് അകന്നു. ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണ പോലും പിണറായിക്ക് അടുത്ത തവണ കിട്ടില്ല. ആന ചവിട്ടിക്കൊല്ലുമ്പോള്‍ മുഖ്യമന്ത്രിയും വനം മന്ത്രിയും തടിയൂരുകയാണ്. ഫോറസ്റ്റ് അധികൃതര്‍ക്ക് അമിതാധികാരം കൊടുക്കുന്നതാണ് കേരളത്തിലെ പുതിയവനനിയമമെന്നും അദ്ദേഹം പറഞ്ഞു അവരോട് നന്ദി അറിയിക്കുന്നു. ഒറ്റയാള്‍ പോരാട്ടം മാറ്റിനിര്‍ത്തി പിണറായിയുടെ ദുര്‍ഭരണത്തിനെതിരെ യുഡിഎഫുമായി കൈകോര്‍ത്തുകൊണ്ട് ഒറ്റക്കെട്ടായി പിന്തുയ്ക്കും. സിപിഎമ്മുകാര്‍ക്ക് ഇപ്പോള്‍ സമരം അരോചകമായി തോന്നും. അവര്‍ ഭരണത്തിന്റെ ശീതളച്ഛായയില്‍ സമരം തന്നെ മറുന്നുപോകുകയാണെന്നും അന്‍വര്‍ പറഞ്ഞു.

ഫോറസ്റ്റ് ഓഫിസ് അടിച്ചു തകര്‍ത്തെന്ന കേസില്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് ഇന്ന് നിലമ്പൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചിരുന്നു. അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി. ഞായറാഴ്ച രാത്രി അറസ്റ്റിലായ അന്‍വറിനെ 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തിരുന്നു.50,000 രൂപയുടെ ആള്‍ജാമ്യത്തിലും പൊതുമുതല്‍ നശിപ്പിച്ച വകയില്‍ 35,000 രൂപ കെട്ടിവയ്ക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, തെളിവു നശിപ്പിക്കാനോ അന്വേഷണത്തെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജാമ്യവ്യവസ്ഥകളില്‍ പറയുന്നു.

പിവി അന്‍വറിന് അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ ജാമ്യം ലഭിച്ചത് സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്ന് ഡിഎംകെ നേതാക്കള്‍ പ്രതികരിച്ചു. ഞായറാഴ്ച രാത്രിയാണ് അന്‍വറിനെ പൊലീസ് സംഘം വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. നാടകീയരംഗങ്ങള്‍ക്കൊടുവിലാണ് വന്‍ പൊലീസ് സംഘം എംഎല്‍എയുടെ വീട്ടിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനിടെ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചെന്നാണ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com