കൊച്ചി: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടല്‍ ബസില്‍ കുഴഞ്ഞുവീണ 60കാരിയുടെ ജീവന്‍ രക്ഷിച്ചു. വൈറ്റില ഹബ്ബില്‍ ബസില്‍ കയറിയ വയോധിക ബസ് കുണ്ടന്നൂരിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ് ബോധരഹിതയതിന് പിന്നാലെയാണ് ജീവനക്കാര്‍ വയോധികയുമായി കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ എത്തിയത്.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്. വൈറ്റില ഹബ്ബില്‍ ബസില്‍ കയറിയ വയോധിക ബസ് കുണ്ടന്നൂരിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ് ബോധരഹിതയായുകയായിരുന്നു. വയോധികയുടെ സമീപത്തിരുന്ന സഹയാത്രികന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ലിതിന്‍, കണ്ടക്ടര്‍ ലെനിന്‍ ശ്രീനിവാസന്‍ എന്നിവര്‍ ഉടന്‍ തന്നെ വാഹനം വഴിതിരിക്കാന്‍ തീരുമാനിച്ചു.
ഉച്ചയ്ക്ക് 12.30 ഓടെയാണ് രോഗിയെയും മറ്റ് യാത്രക്കാരെയും വഹിച്ചുകൊണ്ട് ബസ് ആശുപത്രിയിലെത്തിയത്. 'സ്ത്രീ കുഴഞ്ഞുവീണപ്പോള്‍ ഒരു യാത്രക്കാരന്‍ ഞങ്ങളെ അറിയിച്ചു. ലേക്ഷോര്‍ ആശുപത്രി സമീപത്തുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നതിനാല്‍, വണ്ടിയിലെ യാത്രക്കാരെ അറിയിച്ചതിന് ശേഷം ഞങ്ങള്‍ വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചു,' ഇരുവരും പറഞ്ഞു.
ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സ്ത്രീയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു അടിയന്തര വൈദ്യസഹായം നല്‍കി. സമയം വൈകിപ്പിക്കാതെയുള്ള ചികിത്സയാണ് വയോധികയുടെ ജീവന്‍ രക്ഷിച്ചത്.
രോഗിയുടെ ആരോഗ്യനിലയറിയാന്‍ ഏകദേശം 30 മിനിറ്റോളം ബസ് ആശുപത്രിയില്‍ കാത്തുനിന്നതിന് ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്ര തുടര്‍ന്നു. ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഡ്രൈവറും കണ്ടക്ടറും സന്തോഷം പ്രകടിപ്പിച്ചു. ബസിന്റെ ഡാഷ് ക്യാമിലെ ദൃശ്യങ്ങള്‍ ആശുപത്രിയിലേ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക