nd appachan
എൻ ഡി അപ്പച്ചൻ ഫെയ്സ്ബുക്ക്

'കത്തിന്റെ പേരില്‍ ബലിയാടാകുന്നു'; കേസ് രാഷ്ട്രീയ പ്രേരിതം, നിയമപരമായി നേരിടുമെന്ന് എന്‍ഡി അപ്പച്ചന്‍

'1954 മുതലുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിനിടെ, ഒരു രൂപയെങ്കിലും അപ്പച്ചന്‍ വാങ്ങിയെന്ന് ആരും പറയില്ല'
Published on

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ എടുത്ത കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍. കേസിനെ നിയമപരമായി നേരിടും. ഇടപാടില്‍ തനിക്ക് ഒരു ബന്ധവുമില്ലെന്നും എന്‍ഡി അപ്പച്ചന്‍ പറഞ്ഞു. തന്റെ പേര് കത്തില്‍ എഴുതിവെച്ചു എന്നതുകൊണ്ട് താന്‍ ഇതില്‍ കക്ഷിയാകണ്ട കാര്യമുണ്ടോ?; താന്‍ ഒരിടപാടും നടത്തിയിട്ടില്ലെന്നും എന്‍ഡി അപ്പച്ചന്‍ പറഞ്ഞു.

'കുറ്റം ചുമത്തി കേസെടുക്കുക, അറസ്റ്റ് ചെയ്യുക, ജയിലിലിടുക ഇതൊക്കെയാണല്ലോ സര്‍ക്കാരിന്റെ ഇപ്പോഴത്തെ പണി. ആ കൂട്ടത്തില്‍ ഞങ്ങളും ഇതില്‍പ്പെട്ടു എന്നു മാത്രമേയുള്ളൂ. എന്‍എം വിജയന്‍ വിശ്വസ്തനായ സഹപ്രവര്‍ത്തകനായിരുന്നു. ഡിസിസിയുടെ ട്രഷറര്‍ ആയിരുന്നു. ഇങ്ങനെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അദ്ദേഹം പറയണമായിരുന്നു. എന്നാല്‍ തന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഒന്നും പറയാത്ത സ്ഥിതിക്ക് ഞാനെന്താ ചെയ്യുക'.

'ഇങ്ങനെ ഒരു കത്ത് എഴുതിവെച്ചതിന്റെ പേരില്‍ ഇപ്പോള്‍ ഞാനും ബലിയാടാകുകയാണ്. 1954 മുതലുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിനിടെ, ഒരു രൂപയെങ്കിലും അപ്പച്ചന്‍ വാങ്ങിയെന്ന് ആരും പറയില്ല. തന്റെ ഭൂമിയും സ്വത്തും വിറ്റ് വരെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ്. നൂറു ശതമാനം സത്യസന്ധമായി ജീവിച്ചുപോന്നയാളാണ്. എനിക്ക് വലിയ സമ്പത്തോ സ്വത്തോ ഒന്നുമില്ല. കെപിസിസി സമിതി വിജയന്റെ കുടുംബത്തിന്റെ പ്രശ്‌നങ്ങളെല്ലാം കേട്ട് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ബുദ്ധിമുട്ടിക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കുന്നത് പ്രയാസകരമാണ്. കേസ് നിയമപരമായി നേരിടും. അങ്ങനെ ചെയ്യാതെ പറ്റില്ലല്ലോ' എന്നും എന്‍ഡി അപ്പച്ചന്‍ പറഞ്ഞു.

മരിച്ച വിജയന്റെ കുടുംബത്തിനൊപ്പമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുള്ളത്. അത് അദ്ദേഹത്തിന്റെ വീട്ടില്‍ പോയ കെപിസിസി അന്വേഷണ സംഘം ഉറപ്പു കൊടുത്തിട്ടുണ്ട്. അച്ഛന്‍ ഉണ്ടായിരുന്ന പാര്‍ട്ടിക്കൊപ്പമാണ് തങ്ങളെന്നും, വേറെങ്ങും മാറിപ്പോകില്ലെന്നും വിജയന്റെ മക്കള്‍ പറഞ്ഞിട്ടുണ്ട്. പലരും പല പ്രലോഭനങ്ങളും നല്‍കുന്നുണ്ട്. അതിലൊന്നും ഞങ്ങള്‍ വീഴില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിട്ടുണ്ടെന്നും എന്‍ഡി അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. എൻഎം വിജയന്റെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com