![n d appachan, i c balakrishnan mla](http://media.assettype.com/samakalikamalayalam%2F2025-01-09%2Fv5yxbb38%2Fbalakrishnan-appachan.jpg?w=480&auto=format%2Ccompress&fit=max)
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. മുന്‍ ഡിസിസി ട്രഷറര്‍ കെ കെ ഗോപിനാഥനും അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്.
എന്‍എം വിജയന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നിരുന്നു. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട്, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ഡി അപ്പച്ചന്‍ തുടങ്ങിയവര്‍ക്കായി പണം വാങ്ങിയിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നു. കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളും കത്തില്‍ പരാമര്‍ശിച്ചിരുന്നു. നിയമനം നടക്കാത്ത സാഹചര്യങ്ങളില്‍, സാമ്പത്തിക ബാധ്യതയെല്ലാം തന്റെ മേല്‍ വന്നുവെന്നും വിജയന്‍ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.
വിജയന്റെ ആത്യമഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഐസി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ളത്. നേരത്തെ വിജയന്റെയും മകന്റെയും മരണത്തില്‍ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക