ശബരിമല മാസ്റ്റര്‍ പ്ലാനിന് അംഗീകാരം; സന്നിധാനം, പമ്പ വികസനം മൂന്ന് ഘട്ടത്തില്‍, 1033 കോടിയുടെ ലേ ഔട്ട് പ്ലാന്‍

പമ്പയുടെയും ട്രക്ക്റൂട്ടിന്റെയും വികസനത്തിനായി ലേഔട്ട് പ്രകാരം ആകെ ചിലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്
Special pass for devotees
ശബരിമല ഫയല്‍ചിത്രം
Updated on

തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍പ്ലാനിന് അനുസൃതമായി സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രോക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭയുടെ അംഗീകാരം. സന്നിധാനത്തേക്കുള്ള ആധുനിക ഗതാഗതസംവിധാനം, തീര്‍ഥാടകര്‍ക്ക് വിശ്രമത്തിനുള്ള ആധുനികസംവിധാനങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കുകയാണ് ലക്ഷ്യം. സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് ലേഔട്ട് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.

മകരവിളക്കിന്റെ കാഴ്ചകള്‍ സംരക്ഷിക്കുന്നതിനൊപ്പം ഭക്തര്‍ക്കായി രണ്ട് ഓപ്പണ്‍ പ്ലാസകളും ലേ ഔട്ട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടിയും 2028-33 വരെയുള്ള രണ്ടാംഘട്ടത്തിന് 100.02 കോടിയും 2034-39 വരെയുള്ള മൂന്നാംഘട്ടത്തിന് 77.68 കോടിയുമുള്‍പ്പെടെ 778.17 കോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

പമ്പാനദി കേന്ദ്രീകരിച്ചുള്ള വികസന, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് രണ്ടാമത്തെ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിന് 184.75 കോടി രൂപയും 2028- 33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉൾപ്പെടെ ആകെ 207.48 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ട്രക്ക്റൂട്ടിന്റെ വികസനത്തിനായി ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും രണ്ടാം ഘട്ടത്തിന് 15.50 കോടിരൂപയും ഉൾപ്പെടെ ആകെ 47.97 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. പമ്പയുടെയും ട്രക്ക്റൂട്ടിന്റെയും വികസനത്തിനായി ലേഔട്ട് പ്രകാരം ആകെ ചിലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്.

കാനനപാതയിലൂടെയുള്ള തീർത്ഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്ക് ഉതകുന്ന വിവിധ സങ്കേതങ്ങളുടെയും വിശ്രമ സ്ഥലങ്ങളുടെയും ആവശ്യകതയിലൂന്നിയാണ് ട്രക്ക്റൂട്ട് ലേഔട്ട് പ്ലാൻ വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഒരു എമർജൻസി വാഹന പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പുനഃസ്ഥാപനത്തെ പിന്തുണയ്ക്കുന്നതിനായി ട്രക്ക്റൂട്ടിന്റെ ഇരുവശത്തും ബഫർസോണും പ്ലാൻ പ്രകാരം ഉൾപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com