മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പത്രസമ്മേളനം വിളിച്ച് പി വി അന്‍വര്‍ എംഎല്‍എ. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് പ്രസ്സ് മീറ്റ് സംഘടിപ്പിക്കുന്നതായും വളരെ പ്രധാനപ്പെട്ട വിഷയം അറിയിക്കുമെന്നും പി വി അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അന്‍വര്‍ നാളെ എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമായിരുന്നു പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി അന്‍വര്‍ ഫോണില്‍ സംസാരിച്ചിരുന്നു.
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അന്‍വറിന്റെ യുഡിഎഫ് പ്രവേശന അഭ്യൂഹം ശക്തമായിരുന്നു. കോണ്‍ഗ്രസില്‍ ചേരാനുള്ള ശ്രമങ്ങള്‍ അന്‍വര്‍ നടത്തിയെങ്കിലും ഇത് വിജയം കണ്ടിരുന്നില്ല. യുഡിഎഫിലേക്ക് എത്താനുള്ള നീക്കവും അന്‍വര്‍ നടത്തി. ലീഗിന്റെ പിന്തുണ അന്‍വറിന് ലഭിച്ചിരുന്നെങ്കിലും യുഡിഎഫ് പ്രവേശനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തൃണമൂലിലേക്ക് അന്‍വര്‍ നീങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക