
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനായ അമ്പലത്തിന്‍കാല അശോകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.
പതിനൊന്നു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി വരുന്നത്. 2013 മെയ് 5 ന് വൈകീട്ട് ആറരയോടെയാണ് ഇരുപതോളം വരുന്ന സംഘം അശോകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ജങ്ഷനിലെത്തിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
ആളുകളുടെ മുന്നില്‍ വെച്ച് അശോകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 38 വെട്ടുകളാണ് അശോകന്റെ ദേഹത്തുണ്ടായിരുന്നത്. ഒന്നാം പ്രതി ശംഭു കൊള്ള പലിശക്ക് പണം നല്‍കിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പലിശയ്ക്ക് പണം വാങ്ങിയ ഒരാളെ ശംഭു വഴിയില്‍ തടഞ്ഞു നിര്‍ത്തി വാഹനം പിടിച്ചെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതറിഞ്ഞ പൊതുപ്രവര്‍ത്തകനായ അശോകന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും, ശംഭുവിന്റെ നടപടി ചോദ്യം ചെയ്യുകയും ചെയ്തതാണ് വൈരാഗ്യത്തിന് കാരണം.
കേസിലെ പ്രതികളായ ശംഭു, ശ്രീജിത്ത് ഉണ്ണി, ചന്തു, ഹരി, അമ്പിളി ചന്ദ്രമോഹന്‍, പഴിഞ്ഞി പ്രശാന്ത്, അണ്ണി സന്തോഷ്, സജീവന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
കേസില്‍ 19 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ മരിക്കുകയും, എട്ടാം പ്രതി ശ്രീകാന്ത്, ഒമ്പതാം പ്രതി സുരേഷ് എന്നിവര്‍ മാപ്പുസാക്ഷികള്‍ ആകുകയും ചെയ്തിരുന്നു. എട്ട് പേരെ കോടതി വെറുതെ വിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക