നിയമത്തിനും മുകളിലാണെന്ന് കരുതുന്നുണ്ടോ?, വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കും, അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനും അറിയാം; ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

ബോബിയെ അറസ്റ്റ് ചെയ്ത് ജയിലിലിട്ട് വിചാരണ നടത്താന്‍ അറിയാമെന്ന് ഹൈക്കോടതി
Bobby Chemmanur
ബോബി ചെമ്മണൂർഫയൽ
Updated on

കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്നും ഇറങ്ങാത്തതില്‍ ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ താക്കീത്. കോടതിയെ മുന്‍നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി മുന്നറിയിപ്പു നല്‍കി. കഥ മെനയാന്‍ ശ്രമിക്കരുത്. ചുമ്മാ നാടകം കളിക്കരുത്. ഇങ്ങനെ കളിച്ചാല്‍ ജാമ്യം എങ്ങനെ റദ്ദു ചെയ്യണമെന്ന് അറിയാം. വേണ്ടി വന്നാല്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യുമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള നാടകമാണോ ഇതെന്നു കോടതി പ്രതിഭാഗം അഭിഭാഷകനോട് ചോദിച്ചു. വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി. ബോബിയെ ജയിലിലിട്ട് വിചാരണ നടത്താന്‍ അറിയാം. ഇങ്ങനെയുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണണെന്ന് കോടതിക്ക് അറിയാം. തനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനെ അപമാനിക്കുന്ന നടപടിയാണ് ബോബി ചെമ്മണൂര്‍ ചെയ്തത്.

വിഷയത്തില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുമായി സംസാരിച്ചിരുന്നു. ഇന്നലെ തന്നെ ജാമ്യ ഉത്തരവ് നല്‍കിയതായി അറിയിച്ചിട്ടുണ്ട്. കോടതിയെ മുന്നില്‍ നിര്‍ത്തി നാടകം കളിക്കാന്‍ ശ്രമിക്കേണ്ട. നിയമത്തിന് മുകളിലാണെന്ന് ബോബിക്ക് തോന്നുന്നുണ്ടോ? മറ്റു പ്രതികള്‍ക്ക് വേണ്ടി ജയിലില്‍ തുടരാന്‍ ബോബി ആരാണ്? മറ്റു പ്രതികളുടെ വക്കാലത്ത് ബോബി എടുക്കേണ്ടതില്ല. അതിന് നീതിന്യായ വ്യവസ്ഥ ഇന്നാട്ടിലുണ്ട്.

ജയിലില്‍ നിന്നിറങ്ങിയ ബോബിയെ പൊലീസിനെ വിട്ട് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതിക്ക് ഉത്തരവിടാന്‍ അറിയാം. ജാമ്യ ഉത്തരവ് കിട്ടിയിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്നതില്‍ ഉച്ചയ്ക്ക് 12 മണിയ്ക്കകം നിലപാട് അറിയിക്കാന്‍ ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പ്രതിഭാഗത്തോട് ആവശ്യപ്പെട്ടു. ഹൈക്കോടതി കേസ് വിളിപ്പിച്ചത് അറിഞ്ഞ് രാവിലെ 9.50 ഓടെ തിടുക്കത്തില്‍ ബോബി ചെമ്മണൂരിനെ അഭിഭാഷകര്‍ ജയിലില്‍ നിന്നും പുറത്തിറക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com