ഗോപന്‍സ്വാമിയുടെ കല്ലറ തുറന്നു; ഇരിക്കുന്ന നിലയില്‍ മൃതദേഹം; നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയില്‍

കല്ലറ തുറക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു
gopan swamy
ഗോപന്‍സ്വാമിയുടെ കല്ലറ തുറന്നുഫയൽ
Updated on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി വിവാദത്തില്‍ ആറാലുംമൂട് ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നു. ഇരിക്കുന്ന നിലയില്‍ കല്ലറയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് സമീപം ഭസ്മം, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ ഉള്ളതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. നെഞ്ചിന്റെ ഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ഏഴുമണിയോടെ സബ് കലക്ടര്‍ അടക്കമുള്ളവര്‍ എത്തിയതോടെയാണ് ഗോപന്‍ സ്വാമിയെ സമാധിയിരുത്തിയ കല്ലറ തുറന്നത്. കല്ലറ തുറക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘത്തെ വിന്യസിച്ചത്. സമാധി സ്ഥലത്തേക്ക് പ്രവേശനവും നിരോധിച്ചിരുന്നു.

കല്ലറയ്ക്ക് ചുറ്റും ടര്‍പ്പോളിന്‍ കൊണ്ട് മറച്ചിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കല്ലറയില്‍ നിന്നും മൃതദേഹം പുറത്തെടുക്കും. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിലൂടെ മാത്രമേ മരണം എപ്പോള്‍ സംഭവിച്ചു എന്നതിലടക്കം വ്യക്തത ലഭിക്കുകയുള്ളൂ. ഇതോടൊപ്പം മൃതദേഹം ഗോപന്‍സ്വാമിയുടേതാണോ എന്നറിയാനായി ഡിഎന്‍എ പരിശോധനയും നടത്തും.

കഴിഞ്ഞ വ്യാഴാഴ്ച ഗോപന്‍സ്വാമി മരിച്ചശേഷം അദ്ദേഹം സമാധിയായി എന്ന ഒരു പോസ്റ്റര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കുടുംബം വീടിന് സമീപത്തെ മതിലില്‍ പതിപ്പിച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്നും വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com