വീണ്ടും അതേ ജഡ്ജി; ഗ്രീഷ്മ സംസ്ഥാനത്ത് വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന രണ്ടാമത്തെ സ്ത്രീ, തൂക്കുകയര്‍ കാത്ത് 40 പേര്‍

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അവസാനം തൂക്കിലേറ്റിയത് 1974 ലാണ്
death sentence
റഫീഖാ ബിവി, ഗ്രീഷ്മ ഫയല്‍
Updated on

തിരുവനന്തപുരം: കേരളത്തില്‍ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 34 കൊല്ലം മുമ്പ്, 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. 14 പേരെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ റിപ്പര്‍ ചന്ദ്രനെയാണ് അന്ന് തൂക്കിക്കൊന്നത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അവസാനം തൂക്കിലേറ്റിയത് 1974 ലാണ്. കളിയിക്കാവിള സ്വദേശി അഴകേശനെയാണ് അന്ന് മരണശിക്ഷയ്ക്ക് വിധേയനാക്കിയത്.

സംസ്ഥാനത്ത് രണ്ടു ജയിലുകളിലാണ് കഴുമരമുള്ളത്. തിരുവനന്തപുരം പൂജപ്പുരയിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും. ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ അടക്കം സംസ്ഥാനത്ത് ആകെ 40 പ്രതികളാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിലുള്ളത്. ഇതില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു, ഗ്രീഷ്മയും, വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ പ്രതി റഫീഖാ ബീവിയും. റഫീഖാ ബിവിക്കും മകനും വധശിക്ഷ വിധിച്ച നെയ്യാറ്റിന്‍കര കോടതി ജഡ്ജി എ എം ബഷീര്‍ തന്നെയാണ് ഗ്രീഷ്മയുടെ വധശിക്ഷയും വിധിച്ചിട്ടുള്ളത്.

കൊല്ലം വിധുകുമാരന്‍ തമ്പി വധക്കേസിലെ പ്രതി തമ്പിയുടെ ഭാര്യ ബിനിതകുമാരിയെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. മോഷണത്തിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിന്‍പുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാം പ്രതിയാണ് റഫീഖ ബീവി. ഈ കേസില്‍ റഫീഖ ബീവി, മകന്‍ ഷഫീഖ്, റഫീഖയുടെ സുഹൃത്ത് അല്‍ അമീന്‍ എന്നിവരെയാണ് കോടതി മരണശിക്ഷയ്ക്ക് വിധിച്ചത്. ഒരു കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ ലഭിച്ച ഏക കേസാണിത്.

സംസ്ഥാനത്ത് ഒരു കേസില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിച്ചത് കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് ശ്രീനിവാസന്‍ കേസിലാണ്. 15പേര്‍ക്കാണ് ഈ കേസില്‍ വധശിക്ഷ വിധിച്ചത്. ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച് കൊന്ന കേസിലും മൂക്കന്നൂര്‍ കൂട്ടക്കൊലയിലും പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസില്‍ എഎസ്‌ഐ ജിതകുമാറും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ട്. ഈ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകുമാര്‍ ജയില്‍ വാസത്തിനിടെ കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു.

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്. സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണ് ഷാരോണ്‍ കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ. വിചാരണ കോടതി വധശിക്ഷ വിധിക്കുന്ന കേസുകളില്‍ മേല്‍ക്കോടതികളില്‍ നല്‍കുന്ന അപ്പീലുകളില്‍ ശിക്ഷ ഇളവ് നല്‍കുന്ന പതിവുണ്ട്. ഹൈക്കോടതിയും സുപ്രീംകോടതിയും വധശിക്ഷ ശരിവെച്ചാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനാകും. 2020 മാര്‍ച്ച് മാസത്തില്‍ ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതികളായ മുകേഷ്, അക്ഷയ്കുമാര്‍ സിങ്, വിനയ് ശര്‍മ്മ, പവന്‍കുമാര്‍ എന്നിവരെ തൂക്കിലേറ്റിയതാണ് രാജ്യത്ത് ഒടുവില്‍ നടപ്പാക്കിയ വധശിക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com