'പൊതുജനമധ്യത്തില്‍ അപമാനിച്ചു'; സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസ്

പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു
Sandra Thomas
സാന്ദ്ര തോമസ്ഫയൽ
Updated on

കൊച്ചി: പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി.

ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ ബി ഉണ്ണികൃഷ്ണന്‍ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

ബി ഉണ്ണികൃഷ്ണന്‍ തൊഴില്‍ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതായും പരാതിയില്‍ പറയുന്നു. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു. തൊഴില്‍ സ്വാതന്ത്രത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും സാന്ദ്ര തോമസിന്റെ പരാതിയിലുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ, നിര്‍മാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിനിമയുടെ തര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ സംഘടനയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. എന്നാല്‍ ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയും പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com