നരഭോജി കടുവയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി; വെടിവെച്ച് കൊല്ലാമെന്ന് വനംമന്ത്രി

കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി
tiger attack
നരഭോജി കടുവയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി
Updated on

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട കലക്ടറേറ്റില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് വെടിവെക്കാന്‍ ഉത്തരവ് നല്‍കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട കലക്ടറേറ്റില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പട്രോളിങിനിടെ വനം വകുപ്പ് ജീവനക്കാരനെ കടുവ ആക്രമിച്ച സാഹചര്യവും പരിഗണിച്ചാണ് നരഭോജി കടുവയെ അനുയോജ്യമായ സാഹചര്യത്തില്‍ വെടിവയ്ക്കാന്‍ ഉന്നതല യോഗത്തില്‍ തീരുമാനിച്ചത്.

ആക്രമകാരിയായ വന്യമൃഗത്തെ വെടിവെക്കാന്‍ ഉത്തരവ് ഇടുന്നത് കേരള ചരിത്രത്തിലെ ആദ്യ നടപടിയാണ്. വന്യജീവികളുടെ ആക്രമണത്തില്‍ മനുഷ്യനാശം സംഭവിക്കുന്ന നിരവധി സാഹചര്യങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. നിലവിലെ വന നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. വന നിയമങ്ങളും നിബന്ധനകളും മറികടക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും.

ജനവാസ മേഖലകളില്‍ വന്യജീവികളുടെ സഞ്ചാരപാത നിരീക്ഷിക്കാന്‍ വനം- പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും. ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനമേഖലകളിലെ അടിക്കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നത് വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നുണ്ട്. ഇത്തരം പ്രദേശങ്ങളിലെ അടിക്കാടുകള്‍ അടിയന്തരമായി വെട്ടിമാറ്റാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്വകാര്യതോട്ടം മേഖലകളിലെ അടിക്കാടുകള്‍ തോട്ടം ഉടമകള്‍ വെട്ടണം. കാട് വെട്ടാത്ത ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വന്യമൃഗ ശല്യം കൂടുതലുള്ള ജനവാസ മേഖലകളിലും പ്രശ്ന സാധ്യതാ പ്രദേശങ്ങളിലും ഫെബ്രുവരി ഒന്നിനകം കൂടുതല്‍ എഐ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് അടിയന്തരമായി നടപ്പാക്കാന്‍ സിസിഎഫിനെ ചുമതലപ്പെടുത്തിയതായി വനംമന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com