കെഎസ്ആര്‍ടിസി ബസ് എവിടെ എത്തിയെന്ന് അറിയാം, ചലോ ആപ്പ് ഉടന്‍; ആന്‍ഡ്രോയിഡ് ടിക്കറ്റ് മെഷീന്‍, ലഘുഭക്ഷണ സൗകര്യം

ട്രെയിന്‍ ആപ്പുകള്‍ക്ക് സമാനമായി കെഎസ്ആര്‍ടിസി ബസിന്റെ സഞ്ചാരപാത അറിയാനും യാത്ര ബുക്കുചെയ്യാനുമുള്ള ചലോ ആപ്പ് ഉടന്‍ പുറത്തിറങ്ങുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
ksrtc digitalisation
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്ഫയൽ
Updated on

കോഴിക്കോട് : ട്രെയിന്‍ ആപ്പുകള്‍ക്ക് സമാനമായി കെഎസ്ആര്‍ടിസി ബസിന്റെ സഞ്ചാരപാത അറിയാനും യാത്ര ബുക്കുചെയ്യാനുമുള്ള ചലോ ആപ്പ് ഉടന്‍ പുറത്തിറങ്ങുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി മൂന്നുമാസത്തിനുള്ളില്‍ പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിക്കും. ആന്‍ഡ്രോയ്ഡ് ടിക്കറ്റ് മെഷീന്‍ രണ്ടുമാസത്തിനുള്ളില്‍ നടപ്പാക്കും. ഭാവിയില്‍ ബസിനുള്ളില്‍ ലഘുഭക്ഷണം ഓര്‍ഡര്‍ ചെയ്ത് എത്തിക്കാനുള്ള സൗകര്യവുമൊരുക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'പൊതുഗതാഗതം: നാം മുന്നേറേണ്ടത് എങ്ങനെ' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സുലഭ് ഏജന്‍സിയുമായി ചേര്‍ന്ന് ബസ് സ്റ്റേഷനുകള്‍ രണ്ടുമാസത്തിനുള്ളില്‍ ബ്രാന്‍ഡ് ചെയ്യും. സൂപ്പര്‍ഫാസ്റ്റുകള്‍ ചാര്‍ജ് വര്‍ധിപ്പിക്കാതെ എസി ആക്കും. ഇതിന്റെ ട്രയല്‍റണ്‍ ഉടന്‍ തുടങ്ങും. ഒന്നാംതീയതി തന്നെ ജീവനക്കാര്‍ക്ക് ശമ്പളം വിതരണംചെയ്യുന്ന പദ്ധതി തയ്യാറാക്കി. ഒരു ഫയലും അഞ്ചുദിവസത്തില്‍ കൂടുതല്‍ പിടിച്ചുവയ്ക്കരുതെന്ന് കെഎസ്ആര്‍ടിസി, മോട്ടാര്‍വാഹന വകുപ്പുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ക്ക് ടാബ് വിതരണംചെയ്യും. ലൈസന്‍സ് ഉടന്‍ ഫോണില്‍ ലഭ്യമാക്കുന്നതിനാണിത്. ഡ്രൈവിങ് ടെസ്റ്റ് കാമറയില്‍ ചിത്രീകരിക്കുന്നതും ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com