'People should not go out, shops should be closed'; Curfew announced in Pancharakolli area extended
പഞ്ചാരക്കൊല്ലി പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ നീട്ടി പ്രതീകാത്മക ചിത്രം

'ജനങ്ങള്‍ പുറത്തിറങ്ങരുത്, കടകള്‍ അടച്ചിടണം'; പഞ്ചാരക്കൊല്ലി പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ നീട്ടി

വയനാട്ടിലെ മാനന്തവാടിയില്‍ നരഭോജി കടുവ സാന്നിധ്യപ്രദേശങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ നീട്ടി
Published on

കല്‍പ്പറ്റ: വയനാട്ടിലെ മാനന്തവാടിയില്‍ നരഭോജി കടുവ സാന്നിധ്യപ്രദേശങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ നീട്ടി. നാളെ രാവിലെ ആറുമണി മുതല്‍ രണ്ടു ദിവസത്തേയ്ക്കാണ് കര്‍ഫ്യൂ. നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

നരഭോജി കടുവ രാധയെ കൊലപ്പെടുത്തിയ പഞ്ചാരക്കൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയംകുന്ന് എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ. ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ പുറത്തിറങ്ങരുത്. കടകള്‍ അടച്ചിടണം. സഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് പോകേണ്ട വിദ്യാര്‍ഥികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

മന്ത്രി എ കെ ശശീന്ദ്രനെതിരെ പഞ്ചാരക്കൊല്ലിയില്‍ പ്രതിഷേധം

കടുവാ ഭീതി നിലനില്‍ക്കുന്നതിനിടെ, വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട്ടില്‍ എത്തിയപ്പോഴാണ് വനംമന്ത്രിക്കു നേരെ പ്രതിഷേധം ഉയര്‍ന്നത്. മന്ത്രി ഗോ ബാക്ക് എന്ന പ്രതിഷേധവും കൂക്കിവിളികളും ഉയര്‍ന്നു. പ്രതിഷേധക്കാരെ മറികടന്ന് മന്ത്രി രാധയുടെ വീട്ടിലെത്തി.

പൊലീസുകാര്‍ വലയം തീര്‍ത്ത് മന്ത്രിയെ രാധയുടെ വീട്ടിലെത്തിക്കുകയായിരുന്നു. രാധയുടെ വീട്ടിലേക്കുള്ള വഴിയിലുടനീളം നാട്ടുകാര്‍ മന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. പ്രദേശവാസികള്‍ കുത്തിയിരുന്നും റോഡില്‍ കിടന്നും പ്രതിഷേധിച്ചു. രാഷ്ട്രീയപ്രേരിതമാണ് ജനരോഷമെന്നും രാധ കാട്ടില്‍ കയറിയപ്പോഴാണ് കടുവ ആക്രമിച്ചതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ റോഡ് ഉപരോധിച്ചത്.

പ്രസ്താവന പിന്‍വലിച്ച് കുടുംബത്തോടും പ്രദേശവാസികളോടും മന്ത്രി മാപ്പു പറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തെത്തുടര്‍ന്ന് മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടിരുന്നു. പിലാക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ മറികടന്ന് രാധയുടെ വീട്ടിലെത്തിയ മന്ത്രി ആശ്രിത നിയമനത്തിനുള്ള ഉത്തരവ് മകന് കൈമാറി. വനംവകുപ്പിലാണ് താല്‍ക്കാലിക ജോലി. ഉത്തരവ് രാധയുടെ മകന് കൈമാറി. അഞ്ചുലക്ഷം രൂപയും മന്ത്രി നല്‍കിയതായി രാധയുടെ ഭര്‍ത്താവ് അച്ചപ്പന്‍ പറഞ്ഞു. കുടുബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം വനംമന്ത്രി മടങ്ങുകയും ചെയ്തു. വന്യജീവി ആക്രമണത്തില്‍ ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

അതിനിടെ, പഞ്ചാരക്കൊല്ലിയിലെ രാധ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com