
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ സമീപത്തെ കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ, ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ, ഭാര്യ സുഷമ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ ആറു മണിയോടെയാണ് വീടിനു സമീപത്തെ പുളി മരത്തിൽ സുധനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ ഭാര്യ സുഷമയെ കാണാനില്ലായിരുന്നു. രാവിലെ മുതൽ നടന്ന തിരച്ചിലിനൊടുവിൽ വൈകുന്നേരം അഞ്ചോടെ സമീപത്തെ കുളത്തിൽ നിന്നും സുഷമയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ കായംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇതേത്തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് സുഷമയുടെ മരണം കൊലപാതകമാണെന്നും സുധൻ തൂങ്ങിമരിച്ചതാണെന്നും കണ്ടെത്തിയിരിക്കുന്നത്. സുഷമയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച പാട് ഉണ്ട്.
കൂടാതെ വാരിയെല്ല് പൊട്ടിയിട്ടുമുണ്ട്. സുഷമ വീട്ട് ജോലികൾ ചെയ്തും സുധൻ കൂലിപ്പണി ചെയ്‌തുമാണ് ജീവിതം പുലർത്തിയിരുന്നത്. മദ്യപാനിയായ സുധൻ ദിവസവും മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും പൊലീസും പറയുന്നു.
സുധൻ മുൻപും സുഷമയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട് എന്നും പൊലീസ് പറയുന്നു. ഇരുവരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായതോടു കൂടി മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക