പ്രതി മുമ്പും കുട്ടിയെ ഉപദ്രവിച്ചിരുന്നു, മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ കുഴക്കി ഹരികുമാര്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും

കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.
പ്രതി മുമ്പും കുട്ടിയെ ഉപദ്രവിച്ചിരുന്നു, മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ കുഴക്കി ഹരികുമാര്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും
Updated on

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന പ്രതി ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തില്‍ പങ്കുള്ളൂവെന്നാണ് പൊലീസിന്റെ നിഗമനം. നേരത്തെയും പ്രതി ഈ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടര്‍ന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക. കുറ്റം ചെയ്‌തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാല്‍ പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.

അതേസമയം, അമ്മ ശ്രീതുവിനെ വിട്ടയച്ചെങ്കിലും വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. നിലവില്‍ ശ്രീതു പൂജപ്പുര വനിതാ മന്ദിരത്തിലാണ്. കൂട്ടിക്കൊണ്ട് പോകാന്‍ ആരും എത്താത്തതിനാലാണ് വനിതാ മന്ദിരത്തിലേക്ക് മാറ്റിയത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്താന്‍ അമ്മ ശ്രീതുവിന്റെ സഹായം ഇയാള്‍ക്ക് ലഭിച്ചതായും സൂചനയുണ്ട്. ശ്രീതുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സഹോദരന്‍ ഹരികുമാറുമായുള്ള ചാറ്റുകളില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ശ്രീതുവിന്റെ മൊഴിയില്‍ തുടക്കത്തില്‍ തന്നെ വൈരുദ്ധ്യമുണ്ടായിരുന്നു. അച്ഛനൊപ്പമായിരുന്നു കുട്ടിയെ ഉറക്കാന്‍ കിടത്തിയതെന്നായിരുന്നു ശ്രീതു നല്‍കിയ മൊഴി. എന്നാല്‍ അച്ഛന്‍ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോള്‍ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com