നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം: അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്
naveen babu
നവീന്‍ ബാബുഫയൽ
Updated on

കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് അപ്പീലില്‍ മഞ്ജുഷയുടെ പ്രധാന വാദം. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുകളുണ്ട്. സിപിഎമ്മിന്റെ നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. അതുകൊണ്ടു തന്നെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്നും മഞ്ജുഷ ചൂണ്ടിക്കാട്ടുന്നു.

ഭരണകക്ഷിയായ നേതാവിനെതിരെ ആയതിനാല്‍, പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണം. കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണം. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തസാന്നിധ്യത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വഴി ഉത്തരം ലഭിച്ചില്ലെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com