

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ മുന്നണിയുമായി പി വി അന്‍വര്‍ ( P V Anvar ). ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ കീഴിലാകും നിലമ്പൂരില്‍ മത്സരിക്കുകയെന്ന് പി വി അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് തനിക്കു മുന്നില്‍ യുഡിഎഫിന്റെ വാതിലുകള്‍ അടച്ചതോടെ നിരവധി സംഘടനകളാണ് പിന്തുണ അറിയിച്ച് ബന്ധപ്പെട്ടത്. അവരുടെയെല്ലാം താല്‍പ്പര്യപ്രകാരമാണ് മുന്നണി രൂപീകരണമെന്ന് പി വി അന്‍വര്‍ പറഞ്ഞു.
നിലമ്പൂരില്‍ ഞങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ നേതൃത്വത്തിലാകും. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിന്റെയൊരു സാങ്കേതിക പ്രശ്‌നമുണ്ട്. അതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചിഹ്നത്തിനൊപ്പം സ്വതന്ത്ര ചിഹ്നത്തിനും അപേക്ഷിച്ചിട്ടുണ്ട്. തൃണമൂലിന്റെ ചിഹ്നം തള്ളിയാല്‍, സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവിന്റെ ജോലി അദ്ദേഹം ചെയ്യാത്തതാണല്ലോ വിഷയം. താന്‍ പറഞ്ഞ പിണറായിസത്തെ എതിര്‍ക്കാന്‍ നേതൃത്വം നല്‍കേണ്ട പ്രതിപക്ഷ നേതാവ്, പിണറായിക്കൊപ്പം ചേര്‍ന്ന് പിണറായിസത്തിനെതിരെ താന്‍ ഉയര്‍ത്തിയ മുദ്രാവാക്യം തകര്‍ക്കാനാണ് ശ്രമിച്ചത്. തനിക്ക് മുന്നില്‍ വാതിലടച്ചതോടെ, ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് പി വി അന്‍വര്‍ പറഞ്ഞു.
ഹജ്ജിന് പോയിട്ടുള്ള മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കം അന്‍വറിനോട് നീതി പുലര്‍ത്തണമെന്നാണ് പറഞ്ഞത്. എന്നാല്‍ ആരെയും കേള്‍ക്കാത്ത, അഹങ്കാരത്തിന് കയ്യും കാലും വെച്ച, ഹിറ്റ്‌ലറിസത്തിലേക്ക് പ്രതിപക്ഷ നേതാവ് പോയി. ഹിറ്റ്‌ലറിന്റെ രൂപമായി യുഡിഎഫിനെ വിഡി സതീശന്‍ അടക്കി വാഴുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിക്കു പോലും പുല്ലുവില കല്‍പ്പിക്കാത്ത നിലയാണെന്നും അന്‍വര്‍ ആരോപിച്ചു.
യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കില്‍ വി ഡി സതീശന്‍ രാജിവെക്കുകയാണ് നല്ലത്. വിഡി സതീശന്‍ ഇന്നെടുത്തുകൊണ്ടിരിക്കുന്ന റോള്‍, 2026 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാക്കും. അദ്ദേഹത്തിന്റെ ശരീരത്തിലും മനസ്സിലുമൊക്കെ അഹങ്കാരമാണ്. എന്തുകൊണ്ട് കുടിയേറ്റ കര്‍ഷകനായ വി എസ് ജോയിയെ നിലമ്പൂര്‍ മണ്ഡലത്തിലേക്ക് പരിഗണിച്ചില്ല?. അതിന് കാരണം ജോയി സതീശന്റെ ഗ്രൂപ്പ് അല്ല എന്നുള്ളതാണ്- പി വി അന്‍വര്‍ പറഞ്ഞു.
വി എസ് ജോയി ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, 2026 ലെ തെരഞ്ഞെടുപ്പിലും ഈ സീറ്റിന് ആവശ്യമുന്നയിക്കും. അപ്പോള്‍ ജോയി വിജയിച്ചാല്‍ എംഎല്‍എമാരുടെ എണ്ണമെടുക്കുമ്പോള്‍ ജോയി വി ഡി സതീശനു വേണ്ടി കൈ പൊക്കില്ലെന്നതാണ് തഴയാന്‍ കാരണം. ഭൂരിപക്ഷം കുറഞ്ഞാലും പരാജയപ്പെട്ടാലും വേണ്ടില്ല, തനിക്കെതിരെ കൈ പൊക്കുന്നൊരാള്‍ വേണ്ടെന്ന നിലപാടാണ് വി ഡി സതീശന്റേത്. അന്‍വറിനെ കൂടെ കൂട്ടിയാല്‍ വിഡി സതീശന്‍ നിയമസഭ കാണില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതും, തന്നെ ഒഴിവാക്കുന്നതിന് പിന്നിലുണ്ടെന്ന് പി വി അന്‍വര്‍ ആരോപിച്ചു.
പിണറായിസം, പിണറായിയുടെ കുടുംബാധിപത്യം, മരുമോനിസം, സിപിഎമ്മിനകത്തുള്ള വിഷയങ്ങള്‍ തുടങ്ങിയവയാണ് താനുയര്‍ത്തിയത്. ഇപ്പോള്‍ പല പ്രൊഫൈലുകളിലൂടെ വ്യക്തിഹത്യ ചെയ്യുന്ന നിരവധി മെസ്സേജുകളാണ് പ്രചരിക്കുന്നത്. ഇങ്ങനെ പോയാല്‍ പ്രതിരോധിക്കേണ്ടി വരും. ഇവര്‍ കാട്ടിക്കൂട്ടിയതെല്ലാം തെളിവുകള്‍ അടക്കം തന്റെ കയ്യിലുണ്ട്. അത് പുറത്തു വിട്ടാല്‍ ഇവര്‍ക്കൊന്നും പിടിച്ചു നില്‍ക്കാന്‍ പറ്റില്ല. വിഡി സതീശനായാലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രി മുഹമ്മദ് റിയാസായാലും ആര്യാടന്‍ ഷൗക്കത്ത് ആയാലും തലയില്‍ മുണ്ടിട്ട് നിലമ്പൂരില്‍ നിന്നും ഓടിയൊളിക്കേണ്ടി വരുമെന്ന് പി വി അന്‍വര്‍ പറഞ്ഞു.
തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നതിന് പിന്നില്‍ മന്ത്രി മുഹമ്മദ് റിയാസും ആര്യാടന്‍ ഷൗക്കത്തുമാണ്. കേരളത്തിലെ ഓരോ കോണ്‍ട്രാക്റ്റര്‍മാരില്‍ നിന്നും നവകേരള സദസ്സിന്റെ പേരില്‍ കോടാനുകോടി രൂപ മന്ത്രി മുഹമ്മദ് റിയാസ് പിരിച്ചതിന്റെ വീഡിയോകളും, അദ്ദേഹം നേരിട്ട് സംസാരിച്ചതിന്റെ ഫോണ്‍ കോളുകളും തന്റെ കയ്യിലുണ്ട്. വ്യക്തിഹത്യ തുടര്‍ന്നാല്‍ ഇതെല്ലാം പുറത്തു വിടേണ്ടി വരുമെന്ന് ഈ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates