അപൂര്‍വ ഹൃദയ ശസ്ത്രക്രിയ: ചരിത്രവിജയം നേടി തൃശ്ശൂര്‍ ജനറല്‍ ആശുപത്രി

2022 ഏപ്രില്‍ 20 ന് ആരംഭിച്ച തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ കാത്ലാബില്‍ ഇതുവരെ 3,500 ഓളം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.
Thrissur general Hospital
ശസ്ത്രക്രിയ നടത്തിയ തൃശൂര്‍ ജനറല്‍ ആശുപത്രി(Thrissur general Hospital) യിലെ ഡോക്ടര്‍മാരുടെ സംഘം
Updated on
1 min read

തൃശൂര്‍: ഹൃദ്രോഗ ചികിത്സയില്‍ ചരിത്ര അധ്യായം കുറിച്ച് തൃശ്ശൂര്‍ ജനറല്‍ ആശുപത്രി(Thrissur general Hospital)യിലെ കാര്‍ഡിയോളജി വിഭാഗം. 48 വയസ്സ് പ്രായമുള്ള സ്ത്രീയ്ക്കാണ് ഈ ആശുപത്രിയില്‍ അട്രിയല്‍ സെപ്റ്റല്‍ ഡിഫെക്ട് (എഎസ്ഡി) ഡിവൈസ് ക്ലോഷര്‍ എന്ന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ജന്മനാ ഹൃദയ ഭാഗത്ത് ഉണ്ടാകുന്ന ദ്വാരത്തെ ഒരു ഉപകരണം വെച്ച് അടയ്ക്കുന്ന അപൂര്‍വമായിട്ടുള്ള ശസ്ത്രക്രിയയാണ് എഎസ്ഡി ഡിവൈസ് ക്ലോഷര്‍. കീഹോള്‍ വഴിയാണ് ഇത് ചെയ്തിട്ടുള്ളത്. 2022 ഏപ്രില്‍ 20 ന് ആരംഭിച്ച തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ കാത്ലാബില്‍ ഇതുവരെ 3,500 ഓളം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.

കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. എ കൃഷ്ണകുമാര്‍, ഡോ. വിവേക് തോമസ് എന്നിവര്‍ ശസ്ത്രക്രിയ നയിച്ചു. ഡോ. ആദര്‍ശ്, ഡോ. അശ്വതി, കാത്ലാബ് ടെക്നീഷ്യന്‍മാരായ ദിവ്യ, ശ്രീലക്ഷ്മി, നഴ്സിങ് ഓഫീസര്‍മാരായ ജിന്റോ, ശ്രുതി, ഷഹീദ എന്നിവരടങ്ങിയ സംഘത്തിന്റെ കഠിന പ്രയത്നമാണ് വിജയ പൂര്‍ത്തീകരണത്തിന് പിന്നില്‍. ഈ സമ്പൂര്‍ണ പ്രൊസീജ്യര്‍ ഡോ. ആന്റണി പത്താടന്‍ പ്രോക്ട് ചെയ്ത് വിവിധ ഘട്ടങ്ങളില്‍ നിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കി വിജയത്തിലേക്ക് നയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പണയ്ക്കല്‍ എല്ലാ സംവിധാനങ്ങളും പിന്തുണയും ഉറപ്പാക്കിയതിലൂടെ ഉയര്‍ന്ന നിലവാരമുള്ള ചികിത്സ വിജയകരമാക്കാന്‍ നിര്‍ണായകമായ പങ്ക് വഹിച്ചു.

സാധാരണക്കാര്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാകുന്നതിന് സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് വിജയിച്ച സംഘത്തെ അഭിനന്ദിച്ച് സംസാരിച്ചു.

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദ്രോഗ പരിചരണത്തിന് പുതിയ ചുവടുവെക്കുന്ന ഈ വിജയം, പൊതു മേഖലാ ആരോഗ്യ സംവിധാനത്തിന്റെ വളര്‍ച്ചക്കും സംഘബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ മേഖലയിലും അത്യാധുനിക ചികിത്സകള്‍ വിജയകരമായി നടപ്പാക്കാനാവുമെന്ന് തെളിയിക്കുന്നതാണ്. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലുള്ള വൈദ്യസങ്കേതങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ സമര്‍പ്പണവും കൊണ്ടാണ് ഇത്തരത്തിലുള്ള നേട്ടങ്ങള്‍ സാധ്യമാകുന്നതെന്ന് ഡോ. എ. കൃഷ്ണകുമാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com