

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ (Nilambur by election) വെൽഫെയർ പാർട്ടി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകും.യു ഡി എഫുമായുള്ള ചർച്ചകൾ നടക്കുകയാണെന്നും ചില കാര്യങ്ങളിൽ അന്തിമ തീരുമാനം ആകാനുണ്ടെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
ഞങ്ങൾ ചില ആവശ്യങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. ചില കാര്യങ്ങളിൽ തീരുമാനം ആകാനുണ്ട്. തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ എല്ലാ കാര്യങ്ങളിലും തീരുമാനം ഉണ്ടാകും റസാഖ് പാലേരി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെൽഫെയർ പാർട്ടിയെ യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമാക്കണമെന്ന ആവശ്യവും ഉന്നയിച്ചതായി പറയപ്പെടുന്നു. എന്നാൽ, ഇക്കാര്യത്തിൽ യു ഡി എഫ് ഇതുവരെ ഉറപ്പൊന്നും നൽകിയിട്ടില്ല.
നേരത്തെ വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടായിരുന്നു ജമാ അത്തെ ഇസ്ലാമിക്കുണ്ടായിരുന്നത്. ആര്യാടൻ ഷൗക്കത്തിനോട് നേരത്തെ തന്നെ വിയോജിപ്പുള്ള സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. മറ്റ് പാർട്ടികളും തങ്ങളുടെ പിന്തുണ നേടി വന്നിരുന്നുവെന്ന് പാർട്ടികളുടെയൊന്നും പേര് പറയാതെ റസാഖ് പാലേരി അവകാശപ്പെട്ടു.
"എല്ലാവരും പിന്തുണ തേടി വരികയും ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ വെളിപ്പെടുത്തുന്നില്ല" റസാഖ് പറഞ്ഞു.
ഇടതുപക്ഷ സർക്കാരിനോടുള്ള വിയോജിപ്പാണ് വെൽഫെയർ പാർട്ടി യു ഡി എഫിനെ പിന്തുണയ്ക്കുന്നതിന് കാരണം, 2019 മുതൽ യു ഡി എഫുമായി സഹകരിക്കുന്നുണ്ടെന്നും റസാഖ് പാലേരി പറഞ്ഞു.
എസ് ഡി പി ഐ സ്ഥാനാർത്ഥിയെ നിർത്തിയത് മത്സരിക്കാൻ വേണ്ടിയാണെന്ന് സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് സമകാലിക മലയാളത്തോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങളിലായിരുന്നു നിലമ്പൂരിൽ പാർട്ടി. എസ് ഡി പി ഐ സ്ഥാനാർഥി സാദിഖ് നടുത്തൊടി അവിടെ പ്രചാരണം നടത്തി മുന്നോട്ട് പോയിക്കഴിഞ്ഞു. ഞങ്ങൾ ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ഒരുപോലെയാണ് മത്സരിക്കുന്നത്. ഇരുകൂട്ടരും അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ല എന്നതിനാലാണ് ഒരാളെ പോലും പിന്തുണയ്ക്കാൻ ഞങ്ങൾ തയ്യറാകാത്തത്.
ഇന്ത്യയിലെ ഭരണഘടനാപരമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇതിൽ ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടി എന്ന നിലയിൽ ഞങ്ങൾ പങ്കെടുക്കുന്നു. അത് ജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ ജയിക്കുന്നയാൾക്ക് കുറച്ചുകാലം മാത്രമേ എം എൽ എ ആകാൻ പറ്റൂ. അതുകൊണ്ട് മത്സരിക്കേണ്ടതില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. ജനങ്ങളുടെ അവകാശമാണ് തെരഞ്ഞെടുപ്പ്. ഇവിടെ ഞങ്ങൾക്ക് ഏതെങ്കിലും വ്യക്തികളോടുള്ള അഭിപ്രായവ്യത്യാസമല്ല പ്രശ്നം. ആര്യാടൻ ഷൗക്കത്തോ സ്വരാജോ എന്നതല്ല, അവരുടെ മുന്നണികളും പാർട്ടികളും മുന്നോട്ട് വെക്കുന്ന നിലപാടുകളും അവരുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാത്തതുമായ കാര്യമാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നിൽ വെക്കുന്നത്. ഇരുകൂട്ടരെയും ഞങ്ങൾ ഒരുപോലെയാണ് കാണുന്നത്. ലത്തീഫ് അവകാശപ്പെട്ടു.
വെൽഫെയർ പാർട്ടിയുടെ പിന്തുണ ഞങ്ങൾ തേടിയിട്ടില്ല. അൻവർ ഞങ്ങളെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അതിന് കാരണമുണ്ട്. അൻവർ പൊലീസിലെ ആർ എസ് എസ് വൽക്കരണം ഉന്നയിച്ചാണ് എം എൽ എ സ്ഥാനം രാജിവെച്ചത്. ഇത് ഞങ്ങൾ എത്രയോ വർഷം മുമ്പ് പറഞ്ഞകാര്യമാണ്. അതിനാലാണ് അൻവർ ഞങ്ങളെ പിന്തുണയ്ക്കണമെന്ന് പറഞ്ഞത്.
വെൽഫെയർ പാർട്ടിയുടെ കാര്യം അങ്ങനയെല്ല അവർ യു ഡി എഫിലെ ഘടകകക്ഷിയെ പോലെ അസോസിയേറ്റ് പാർട്ടിയെ പോലെയാണ് ഏറെക്കാലമായി പ്രവർത്തിക്കുന്നത്, അവർ യു ഡി എഫിനെ പിന്തുണയ്ക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ലത്തീഫ് സമകാലിക മലയാളത്തോട് പറഞ്ഞു.
(വെൽഫെയർ പാർട്ടി നിലപാട് സംബന്ധിച്ച് സനൂപ് ശശിധരൻ നൽകിയ വാർത്ത ഉൾപ്പടെ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates