

കൊല്ലം: സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം. കൊല്ലം കടയ്ക്കലില്‍ 44കാരന്‍ മരിച്ചത് പേവിഷബാധയെ തുടര്‍ന്നെന്ന് (youth dies of rabies) സ്ഥിരീകരണം. ശ്വാസം മുട്ടലിനുള്ള ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയിലാണ് കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി ബൈജു മരിച്ചത്. ഇദ്ദേഹത്തിന് പേവിഷബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്ന സാഹചര്യത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മരണകാരണം സ്ഥിരീകരിച്ചത്.
ബൈജുവിന്റെ കാലില്‍ തെരുവുനായ നക്കിയിരുന്നതായി ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞു. ആറുമാസം മുന്‍പായിരുന്നു സംഭവം എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബൈജുവുമായി ഇടപഴകിയിട്ടുള്ളവര്‍ അടിയന്തരമായി വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആയിരുന്നു ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുമായി ബൈജു കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയത്.
പേവിഷബാധയുടെ ലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ ബൈജുവിനോട് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ബൈജു ചികിത്സ തേടിയിരുന്നില്ല. ചൊവ്വാഴ്ച രാത്രിയോടെ വീണ്ടും ശ്വാസതടസം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് വീണ്ടും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. പിന്നാലെയാണ് ബൈജുവിന്റെ മരണം പേവിഷബാധയേറ്റാണെന്ന സ്ഥിരീകരണം ഉണ്ടായത്. ഇതോടെ ബൈജുമായി സമ്പര്‍ക്കമുണ്ടായിരുന്നവരും ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരും പേവിഷബാധ വാക്‌സിനെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates