
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിഡിപിയുടെ ( PDP ) പിന്തുണ ഇടതുമുന്നണിക്ക്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ( പിഡിപി ) ഇടതുമുന്നണിക്ക് നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ അറിയിച്ചു. കഴിഞ്ഞദിവസം നടന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പ് ( Nilambur by election 2025 ) പിന്തുണ തുടരാന്‍ തീരുമാനിച്ചത്.
രാജ്യത്തിന്റെ മഹാവിപത്തായ വര്‍ഗീയ ഫാസിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും ശക്തമായ നിലപാട് എക്കാലവും സ്വീകരിച്ചുവരുന്ന ഇടതുമുന്നണിക്കൊപ്പമാണ് ആശയപരമായി കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ പിഡിപിക്ക് കഴിയുന്നത്. കേരളത്തില്‍ വര്‍ഗ്ഗീയ ഫാസിസം പിന്തള്ളപ്പെടുന്നതിന് ഈ രാഷ്ട്രീയ നിലപാടുകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ടാകും.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഇടത് മുന്നണിയോടൊപ്പം പിഡിപി ഫലപ്രദമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. നിലമ്പൂര്‍ മണ്ഡലത്തില്‍ ജനാധിപത്യത്തിന്റെ ഭാഗമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി കാര്യമായ പ്രവര്‍ത്തനവുമായി പിഡിപി മുന്നോട്ടുപോകും.
വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ജനാധിപത്യ കേരളത്തിന് അപമാനമാണ്. പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലമായി സംസ്ഥാനത്തെ വികസനത്തിന് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്, സാമൂഹ്യ നീതി ഉറപ്പാക്കി, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. നിലപാടുകളില്‍ ശക്തമായി ഉറച്ചുനില്‍ക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ സാഹചര്യമാണ് നിലമ്പൂര്‍ നിലനില്‍ക്കുന്നതെന്നും അഡ്വ. മുട്ടം നാസര്‍ പറഞ്ഞു.
പിഡിപി നിലമ്പൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വ്യാപാര ഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ടി ജലീല്‍ MLA മുഖ്യ പ്രഭാഷണം നടത്തി.
വൈസ് ചെയര്‍മാന്‍ ശശി പൂവഞ്ചന, സിയാവുദ്ധീന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറിമാരായ മൈലക്കാട് ഷാ, മജീദ് ചേര്‍പ്പ്, സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി, ജാഫര്‍ അലി ദാരിമി, എല്‍. ഡി. എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പത്മാക്ഷന്‍, സക്കീര്‍ പരപ്പനങ്ങാടി, ഹുസൈന്‍ കാടാമ്പുഴ, അന്‍വര്‍ താമരകുളം, അഷ്റഫ് വഴക്കാല, നൗഷാദ് തോട്ടപ്പടി, ഷാഹിര്‍ മൊറയൂര്‍, ഹസ്സന്‍കുട്ടി പുതുവള്ളി, അബ്ദുള്‍ ബാരിര്‍ഷാദ്, ഹബീബ് കാവനൂര്‍, സരോജിനി രവി, ഫൈസല്‍ കന്മനം തുടങ്ങിയവര്‍ സംസാരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ