മുസ്ലിം ആയതിന്റെ പേരിൽ ആരെയാണ് കേസിൽ പ്രതിയാക്കിയത്?, പൊലീസിലെ സംഘപരിവാർ വത്കരണം സത്യമോ?, കുറിപ്പ്

കുറെ മാസങ്ങളായി കേരളീയ സമൂഹത്തിൽ കൊണ്ടു പിടിച്ചു നടത്തുന്ന ഒരു നരേഷനാണ് സംഘി പൊലീസ്
Siddaramaiah, Pinarayi Vijayan
Siddaramaiah, Pinarayi Vijayan
Updated on

കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പതു വർഷങ്ങൾക്കിടയിൽ ഒരു വർഗ്ഗീയ കലാപം പോലും ഉണ്ടായിട്ടില്ലെന്ന് നടനും സാമൂഹികപ്രവർക്കനുമായ അഡ്വ. സി. ഷുക്കൂർ ( C Shukkur ) . ആൾക്കൂട്ടത്തെ പിരിച്ചു വിടുവാൻ പൊലീസിനു തോക്ക് എടുക്കേണ്ട ഒരു ഘട്ടവും ഉണ്ടായിട്ടില്ല. ആലപ്പുഴയിലും പാലക്കാട്ടും എറണാകുളത്തുമൊക്കെ വലിയ കലാപങ്ങൾ ആകുവാൻ സാധ്യതയുണ്ടായിരുന്ന അക്രമങ്ങളും കൊലപാതകങ്ങളും ഒക്കെ മതവെറിയുടെ പേരിൽ ഉണ്ടായ ഘട്ടങ്ങളിൽ അതിശക്തമായി ഇടപെട്ട് അതൊരു കലാപമോ കൊള്ളിവെപ്പോ ആകാതിരിക്കുന്നതിനു ആവശ്യമായ നിലപാടുകൾ സ്വീകരിച്ചു നാട്ടിൽ സമാധാനത്തോടെ മനുഷ്യർക്ക് ജീവിക്കുവാനുള്ള അവസരം ഉണ്ടാക്കിയത് ഇടതു ഗവൺമെൻ്റിൻ്റെ ( Pinarayi Vijayan Government ) നിശ്ചയദാർഢ്യവും കർക്കശമായ മതേതര നിലപാടുമാണ്. സി ഷുക്കൂർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇക്കഴിഞ്ഞ കുറെ മാസങ്ങളായി കേരളീയ സമൂഹത്തിൽ ആകെയും മുസ്ലിം സമുദായത്തിനകത്ത് പ്രത്യേകിച്ചും കൊണ്ടു പിടിച്ചു നടത്തുന്ന ഒരു നരേഷനാണ് സംഘി പൊലീസ്. ആഭ്യന്തര വകുപ്പ് പൂർണ്ണമായും സംഘി വൽകരിക്കപ്പെട്ടുവെന്നത്. പൊലീസ് സംഘി വൽക്കരിക്കപ്പെട്ടുവോ? നിങ്ങളുടെ പരിചയത്തിലെ പരിസരത്തോ, നിങ്ങളുടെ നേര് അനുഭവത്തിലോ, ഒരാൾ മുസ്ലിമായി എന്ന ഒരറ്റ കാരണത്താൽ ഏതെങ്കിലും ക്രിമിനൽ കേസിൽ പൊലീസ് സ്വമേധയാ ആരെയെങ്കിലും പ്രതി ചേർത്തിട്ടുണ്ടോ? ആരോടെങ്കിലും പരാതി എഴുതി വാങ്ങി കഴമ്പില്ലാത്ത കേസിൽ പ്രതി ചേർത്തിട്ടുണ്ടോ? മുസ്ലിം സമുദായത്തിൽ പെട്ടയാൾ എന്ന കാരണം കൊണ്ട് അയാൾക്ക് കാരണങ്ങളില്ലാതെ പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിരാകരിച്ചിട്ടുണ്ടോ?

മുസ്ലിം സമുദായത്തിൽ പിറന്നയാൾ, പൊലീസിൽ നൽകിയ പരാതിയിൽ , നിയമപരമായി പൊലീസിനു കേസ് എടുക്കുവാൻ അധികാരമുള്ള ഏതെങ്കിലും പരാതിയിൽ, പരാതിക്കാരൻ മുസ്ലിമായതു കൊണ്ടു മാത്രം അയാളുടെ പരാതി രജിസ്റ്റർ ചെയ്യാതിരുന്നിട്ടുണ്ടോ? മുസ്ലിം സമുദായത്തിൽ പെട്ടയാൾ എന്ന കാരണം കൊണ്ട് അയാൾക്ക് കാരണങ്ങളില്ലാതെ പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിരാകരിച്ചിട്ടുണ്ടോ? മുസ്ലിം അല്ലാത്തതു കൊണ്ടു കുറ്റകൃത്യത്തിൽ പെട്ടവരെ പൊലീസ് രക്ഷപ്പെടുത്തിയിട്ടുണ്ടോ? തീർച്ചയായും എല്ലാ ചോദ്യങ്ങൾക്കും നിങ്ങളുടെ ഉത്തരം " ഇല്ല" എന്നു തന്നെയായിരിക്കും. മുസ്ലിം സമൂഹത്തിനിടയിൽ സംഘി പൊലീസ് നരേഷൻ സൃഷ്ടിച്ചു സമുദായ അംഗങ്ങൾക്കിടയിൽ സർക്കാർ വിരുദ്ധ മനോഭാവം സൃഷ്ടിക്കുവാൻ ബോധപൂർവ്വം ഉണ്ടാക്കി എടുക്കുന്ന കെട്ടു കഥകളാണ് ഈ സംഘി പൊലീസ് പ്രയോഗം. ഷുക്കൂർ കുറിപ്പിൽ അഭിപ്രായപ്പെട്ടു.

സി ഷുക്കൂറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

നമ്മുടെ തൊട്ടു വടക്കാണ് കർണാടക, മലയാളിയായ അഷ്റഫ് മംഗലാപുരത്ത് വെച്ച് കൊല്ലപ്പെടുന്നത് ഏപ്രിൽ 27 നാണ്. പാക്കിസ്ഥാൻ എന്നോ മറ്റോ പറഞ്ഞാണ് ഹിന്ദുത്വ ഭീകരർ ആ വിവേചന ശേഷി പോലും ഇല്ലാത്ത അയാളെ ആൾക്കൂട്ട അക്രമം നടത്തി കൊന്നു കളഞ്ഞത്.തുടർന്നു വലിയ സമ്മർദ്ദത്തിനു ശേഷം പ്രതികളെ പിടിക്കുന്നു. പി കെ കുഞ്ഞാലിക്കുട്ടി സാഹിബിൻ്റെ നിർദ്ദേശ പ്രകാരം മഞ്ചേശ്വരം MLA എ കെ എം അഷ്‌റഫ് കൊല്ലപ്പെട്ട അഷ്‌റഫിൻ്റെ ബന്ധുക്കളെയും കൂട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണുന്നു. കൂട്ടത്തിൽ ഉള്ളാൽ MLAയും കർണാടക സ്പീക്കറുമായ UT ഖാദറും ഉണ്ട്.. ഇരയാക്കപ്പെട്ടവർക്ക് വേണ്ടത് പ്രതികൾക്ക് ശിക്ഷയും നഷ്ടപരിഹാരവും. മഞ്ചേശ്വരം MLA അദ്ദേഹത്തിൻ്റെ FB വാളിൽ സിദ്ധരാമയ്യയെ സന്ദർശിച്ച ഫോട്ടോ Feed ൽ നിന്നും മായുന്നതിനു മുമ്പ് ആ കേസിലെ പ്രതികൾക്ക് സർക്കാർ ഭാഗം എതിർപ്പ് പറയാത്തതു കൊണ്ട് ജാമ്യം ലഭിച്ചു എന്നു വാർത്തകൾ വന്നു. തുടർന്നു നമ്മൾ വായിക്കുന്നതു ന്യൂനപക്ഷ മത വിഭാഗത്തിൽ പെട്ട മറ്റൊരാളെ കൂടി മംഗലാപുരത്ത് കൊന്നു വെന്നാണ്. അതിൻ്റെ ബാക്കി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ കർണാടക കോൺഗ്രസ്സ് സർക്കാർ വൻ പരാജയമാണെന്നു പറഞ്ഞ് 200 കോൺഗ്രസ്സ് പ്രവർത്തകർ പാർട്ടി വിടുന്ന വാർത്തയും വരുന്നു. സിദ്ധരാമയ്യ അധികാരത്തിൽ വന്നതിനു ശേഷം FB പോസ്റ്റ് കാരണം വഴി വരെ വലിയ വർഗ്ഗീയ കലാപങ്ങളാണ് ബാംഗ്ലൂരിലും ഷിമോഗയിലും അവസാനം മംഗലപുരത്തു ഒക്കെ നടന്നത്. ഈ കോൺഗ്രസ്സ് മുഖ്യ മന്ത്രിക്കെതിരെയാണ് ന്യൂനപഷങ്ങൾ ശക്തമായ എതിർപ്പുകൾ പറയുന്നത്. കെ സിയുടെയും വിഡി സതീശൻ്റെയും അതെ കോൺഗ്രസ്സ്.

2017 ൽ കർണാടകയിൽ നിന്നും കേരളത്തിലെ കാസർകോട്ടേക്ക് ജോലി തേടി വന്നയാളായിരുന്നു മുഹമ്മദ് റിയാസ്. അയാളെയാണ് 2017 മാർച്ച് 20 നു രാത്രി 11 മണിക്ക് ജോലി ചെയ്യുന്ന പള്ളിയിലെ താമസ സ്ഥലത്ത് കയറി മൂന്നു ഹിന്ദുത്വ വർഗ്ഗീയവാദികൾ കൊന്നതു. കാസർകോട് പൊലീസ് FIR രജിസ്റ്റർ ചെയ്തു . മൂന്നാം നാൾ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്യുന്നു. അതിനിടയിൽ കാസർകോട് മത വെറുപ്പിൻ്റെ പുറത്ത് നിരവധി ചെറിയ ചെറിയ അക്രമ സംഭവങ്ങൾ അരങ്ങേറുന്നു. പൊലീസ് കൃത്യവും ശക്തവുമായ നിലപാടു സ്വീകരിക്കുന്നു. അറസ്റ്റ് ചെയ്തു 85 ദിവസം പൂർത്തീകരിക്കുന്നതിനു മുമ്പ് കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ ആവശ്യപ്രകാരം സ്പഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നു. 89 ദിവസം പൂർത്തിയായപ്പോൾ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നു.

പ്രതികൾ നിരന്തരം ജാമ്യത്തിനു വേണ്ടി സെഷൻസ് കോടതി മുമ്പാകെയും ഹൈക്കോടതിയിലും ശ്രമിക്കുന്നു. പൊലീസ് കർശന നിലപാട് സ്വീകരിക്കുന്നു. അവർ 7 വർഷവും 7 ദിവസവും വിചാരണ തടവുകാരായി വിചാരണ നേരിട്ടു. കേസിൽ സെഷൻസ് കോടതി 3 പ്രതികളെ കുറ്റ വിമുക്തരാക്കുന്നു. സർക്കാർ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നു.

2012 മുതൽ 2017 വരെയുള്ള കാലയളവിൽ മത വൈര്യത്തിൻ്റെ പുറത്ത് മുസ്ലീങ്ങൾ ഇതേ സ്റ്റേഷൻ പരിധിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. റിഷാദ്, സാബിത്, സൈനുൽ ആബിദും ഇങ്ങിനെ മുഹമ്മദ് റിയാസിനു മുമ്പ് കൊല്ലപ്പെട്ടവരാണ്. പ്രതികൾ സംഘപരിവാറും . റിഷാദിൻ്റെയും സാബിത്തിൻ്റെയും സൈനുൽ ആബിദിൻ്റെയും കേസുകളിൽ പ്രതികൾക്ക് തടവ് വിചാരണ നേരിടേണ്ടി വന്നില്ല. അവർക്ക് ജാമ്യം ലഭിച്ചു. എന്നാൽ റിയാസ് മൗലവി കേസിൽ പ്രതികൾ ഏഴ് വർഷം തടവിൽ കിടക്കേണ്ടി വന്നു. ആദ്യത്തെ രണ്ട് കൊല പാതകങ്ങൾ നടക്കുന്ന ഘട്ടത്തിൽ സംസ്ഥാന മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ആയിരുന്നു. മന്ത്രിസഭയിൽ ലീഗിനു 5 മന്ത്രിമാർ ഉണ്ടായിരുന്നു. കാസർകോട്ടെ എം എൽ എ ലീഗ് തന്നെ. എന്നിട്ടു പോലും സൈനുൽ ബിദ് കേസിൽ സ്പഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുവാൻ സർക്കാർ അനുവാദം നൽകിയില്ല. പിന്നീട് വന്ന പിണറായി സർക്കാറാണ് ഫയലിൽ ഒപ്പിട്ടത്. മുഹമ്മദ് റിയാസ് കൊലപാതകം നടക്കുമ്പോഴും ജാമ്യം പ്രതികൾക്ക് നിഷേധിക്കുമ്പോഴും പിണറായി വിജയനാണ് സംസ്ഥാന മുഖ്യമന്ത്രി. 2020 മുതൽ കോവിഡ് ഘട്ടത്തിൽ എല്ലാവർക്കും ജാമ്യം കോടതികൾ അനുവദിക്കുന്ന സാഹചര്യം വന്നപ്പോൾ മൗലവി കേസിലെ പ്രതികളും ജാമ്യത്തിനു ശ്രമിച്ചു. ജാമ്യം അനുവദിക്കുന്നതിനെ അതിശക്തമായി തന്നെ പ്രോസിക്യൂഷൻ എതിർത്തു . 2017 മുതൽ വർഗ്ഗീയ കൊലപാതക അക്രമ കേസുകളിൽ അത്തരം കർശന നിലപാടു സർക്കാർ സ്വീകരിച്ചതോടെ കാസർകോട് മതവെറി അക്രമങ്ങളും കൊലപാതകങ്ങളും പാടെ ഇല്ലാതെയായി. അതിനു ശേഷം വർഗ്ഗീയതയുടെ പേരിൽ ഒരു കൊലപാതകം പോലും നടന്നിട്ടില്ല. ഈ സ്റ്റേഷനിൽ വർഗ്ഗീയ വിദ്വേഷ കേസുകൾ തീർത്തും ഇല്ലാതായി.

ഈ അനുഭവം കേരള പരിഛേദമാണ്. ആലപ്പുഴയിലും പാലക്കാട്ടും എറണാകുളത്തുമൊക്കെ വലിയ കലാപങ്ങൾ ആകുവാൻ സാധ്യതയുണ്ടായിരുന്ന അക്രമങ്ങളും കൊലപാതകങ്ങളും ഒക്കെ മതവെറിയുടെ പേരിൽ ഉണ്ടായ ഘട്ടങ്ങളിൽ അതിശക്തമായി ഇടപെട്ട് അതൊരു കലാപമോ കൊള്ളിവെപ്പോ ആകാതിരിക്കുന്നതിനു ആവശ്യമായ നിലപാടുകൾ സ്വീകരിച്ചു നാട്ടിൽ സമാധാനത്തോടെ മനുഷ്യർക്ക് ജീവിക്കുവാനുള്ള അവസരം ഉണ്ടാക്കിയത് ഇടതു ഗവൺമെൻ്റിൻ്റെ നിശ്ചയദാർഢ്യവും കർക്കശമായ മതേതര നിലപാടുമാണ്. സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പതു വർഷങ്ങൾക്കിടയിൽ ഒരു വർഗ്ഗീയ കലാപം പോലും ഉണ്ടായിട്ടില്ല. ആൾക്കൂട്ടത്തെ പിരിച്ചു വിടുവാൻ പൊലീസിനു തോക്ക് എടുക്കേണ്ട ഒരു ഘട്ടവും ഉണ്ടായിട്ടില്ല.

ഇക്കഴിഞ്ഞ കുറെ മാസങ്ങളായി കേരളീയ സമൂഹത്തിൽ ആകെയും മുസ്ലിം സമുദായത്തിനകത്ത് പ്രത്യേകിച്ചും കൊണ്ടു പിടിച്ചു നടത്തുന്ന ഒരു നരേഷനാണ് സംഘി പൊലീസ്. ആഭ്യന്തര വകുപ്പ് പൂർണ്ണമായും സംഘി വൽകരിക്കപ്പെട്ടുവെന്നത്. പൊലീസ് സംഘി വൽക്കരിക്കപ്പെട്ടുവോ?

നിങ്ങളുടെ പരിചയത്തിലെ പരിസരത്തോ, നിങ്ങളുടെ നേര് അനുഭവത്തിലോ, ഒരാൾ മുസ്ലിമായി എന്ന ഒരറ്റ കാരണത്താൽ ഏതെങ്കിലും ക്രിമിനൽ കേസിൽ പൊലീസ് സ്വമേധയാ ആരെയെങ്കിലും പ്രതി ചേർത്തിട്ടുണ്ടോ? ആരോടെങ്കിലും പരാതി എഴുതി വാങ്ങി കഴമ്പില്ലാത്ത കേസിൽ പ്രതി ചേർത്തിട്ടുണ്ടോ?

മുസ്ലിം സമുദായത്തിൽ പിറന്നയാൾ, പൊലീസിൽ നൽകിയ പരാതിയിൽ , നിയമപരമായി പൊലീസിനു കേസ് എടുക്കുവാൻ അധികാരമുള്ള ഏതെങ്കിലും പരാതിയിൽ, പരാതിക്കാരൻ മുസ്ലിമായതു കൊണ്ടു മാത്രം അയാളുടെ പരാതി രജിസ്റ്റർ ചെയ്യാതിരുന്നിട്ടുണ്ടോ?

മുസ്ലിം സമുദായത്തിൽ പെട്ടയാൾ എന്ന കാരണം കൊണ്ട് അയാൾക്ക് കാരണങ്ങളില്ലാതെ പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിരാകരിച്ചിട്ടുണ്ടോ?

തെറ്റായ കാര്യങ്ങൾ ചേർത്തു പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോ?

മുസ്ലിം അല്ലാത്തതു കൊണ്ടു കുറ്റകൃത്യത്തിൽ പെട്ടവരെ പൊലീസ് രക്ഷപ്പെടുത്തിയിട്ടുണ്ടോ?

മുസ്ലിമും മുസ്ലിമല്ലാത്തവരും ഒരേ കുറ്റകൃത്യത്തിൽ പെട്ടാൽ മുസ്ലിമീങ്ങളെ മാത്രം പ്രതിയാക്കിയിട്ടുണ്ടോ?

തീർച്ചയായും എല്ലാ ചോദ്യങ്ങൾക്കും നിങ്ങളുടെ ഉത്തരം " ഇല്ല" എന്നു തന്നെയായിരിക്കും.

ഇനി ഉണ്ട് എന്നു ആർക്കെങ്കിലും ഒരാൾക്ക് ഉത്തരം ഉണ്ടെങ്കിൽ, തീർച്ചയായും അങ്ങിനെ ചെയ്ത പൊലീസ് ഓഫീസർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കാനുള്ള ആർജ്ജവം ഉള്ള മുഖ്യമന്ത്രി തന്നെയാണ് കേരളം ഭരിക്കുന്നത്.

( അങ്ങിനെ അനുഭവം ഉള്ളവർ ഉണ്ടെങ്കിൽ inbox ൽ വരാം. എല്ലാ നിയമ സഹായവും അവർക്കു നൽകും )

അഥവാ, മുസ്ലിം സമൂഹത്തിനിടയിൽ സംഘി പൊലീസ് നരേഷൻ സൃഷ്ടിച്ചു സമുദായ അംഗങ്ങൾക്കിടയിൽ സർക്കാർ വിരുദ്ധ മനോഭാവം സൃഷ്ടിക്കുവാൻ ബോധപൂർവ്വം ഉണ്ടാക്കി എടുക്കുന്ന കെട്ടു കഥകളാണ് ഈ സംഘി പൊലീസ് പ്രയോഗം. മുസ്ലിം സമൂഹം, സംസ്ഥാനത്തെ മറ്റെല്ലാ സമൂഹത്തെയും പോലെ തുല്യ പരിഗണനയും അർഹതയും ലഭിക്കുന്ന ഒരു സമൂഹമാണ് കേരളത്തിൽ. മുസ്ലിമായി എന്ന കാരണത്താൽ ഒരു വിവേചനത്തിനും പൊലീസിലോ മറ്റേതെങ്കിലും ഭരണ രംഗത്തോ ഇവിടെ വിധേയമാകുന്നില്ല.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ദലിത് സമൂഹം പോലെ വിവേചനം അനുഭവിക്കുന്നവരാണ് മുസ്ലിമീങ്ങൾ. കോൺഗ്രസ്സ് നേതാവ് സിദ്ധരാമയ്യ ഭരിക്കുന്ന കർണാടകയിലെ അനുഭവം നമ്മൾ കണ്ടു.

പൊലീസ് നിഷ്പക്ഷതയെ കുറിച്ചു രണ്ടു അനുഭവം കൂടി പറഞ്ഞ് ഈ കുറിപ്പ് നിർത്താം.

ഇക്കഴിഞ്ഞ പഹൽഗാം ഭീകര ആക്രമണ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലെ ഒരു പ്രമുഖ മുസ്ലിംലീഗ് നേതാവ് FB പോസ്റ്റ് വഴി ആ അക്രമത്തെ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചപ്പോൾ , സംഘപരിവാർ നേതാവ് അയാൾക്കെതിരെ വർഗ്ഗീയ വിദ്വേഷവും രാജ്യദ്രോഹവും ഒക്കെ ചേർത്തു പൊലീസിൽ പരാതി കൊടുത്തു . പൊലീസ് അവിടെ സംഘപരിവാർ സമ്മർദ്ദത്തിനു വഴങ്ങിയില്ല. അയാൾക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയിൽ മാത്രമാണ് നടപടി സ്വീകരിച്ചത്. ( നാഴികക്ക് നാൽപത് വട്ടം പൊലീസിനു സംഘി പട്ടം ചാർത്തി കൊടുക്കുന്ന ആളാണ് ഈ പ്രാസംഗി). സംഘപരിവാർ പല രീതിയിലും ശ്രമിച്ചു അയാൾക്കെതിരെ രാജ്യദ്രോഹ കുറ്റവും മതവിദ്വേഷ വകുപ്പും ചേർത്തു അറസ്റ്റു ചെയ്യാൻ. പൊലീസ് ബന്ധപ്പെട്ടവരിൽ നിന്നും കൃത്യമായി നിയമ ഉപദേശം നേടി, ഒരു മുൻവിധിക്കും വഴങ്ങാതെ ഏറ്റവും ന്യായയുക്തമായ രീതിയിൽ ആ കേസ് കൈകാര്യം ചെയ്തു, ലീഗിൻ്റെ കാസർകോട് ജില്ലയിലെ മറ്റൊരു ഒരു പ്രമുഖ നേതാവിനെതിരെ , മറ്റൊരു പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കോടതി നിർദ്ദേശ പ്രകാരം FIR രജിസ്റ്റർ ചെയ്തു. അയാളെയും അറസ്റ്റു ചെയ്യുവാൻ വലിയ സമ്മർദ്ദം വന്നു. പൊലീസ് ആ കേസിൽ ഇന്നു വരെ അയാളെ അറസ്റ്റു ചെയ്തിട്ടില്ല, കാരണം ആ കേസിൽ അയാളുടെ അറസ്റ്റു ആവശ്യമില്ല എന്നതു തന്നെ.

(ലീഗ് നേതാക്കൾ ഉൾപ്പെട്ട കേസുകൾ മാത്രം ചൂണ്ടി കാണിച്ചതാണ്)

ഇങ്ങിനെ , പൊലീസിൻ്റെ നീതിയുക്തവും പക്ഷപാത രഹിതവുമായ നൂറു കണക്കിനു അനുഭവങ്ങൾ നിങ്ങൾക്ക് കാണും.

അവിടെ കുറ്റകൃത്യങ്ങളും അതിൽ പ്രതികളാക്കപ്പെടുന്നവരും വെറും പൗരന്മാർ അല്ലെങ്കിൽ വ്യക്തികൾ മാത്രമാണ്. നിയമം അനുസരിച്ച് ഒരാൾ ചെയ്യുന്ന പ്രവർത്തികൾ കുറ്റകൃത്യമായാൽ അയാൾക്കെതിരെ പൊലീസ് കേസ് എടുക്കും. കുറ്റകൃത്യത്തിനു മതം പരിചയാക്കരുത്. മതം നോക്കി പ്രതി പട്ടികയിൽ ആളെ ചേർക്കാനും ഒഴിവാക്കാനും നിയമം അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങളിൽ മത ജാതി പരിഗണനയിൽ കാര്യങ്ങൾ നോക്കുന്നത് വർഗ്ഗീയത ബാധിച്ചതു കൊണ്ട് മാത്രമാണ്.

ചിലരുടെ FB പോസ്റ്റ് എടുത്തു കൊണ്ടു വന്നു " എന്തേ കേസ് എടുത്തില്ലാ " എന്ന കോറസ് നമ്മൾ സ്ഥിരം കേൾക്കുന്നതാണ്. പലതിലും FIR വരും, തുടർ നടപടികൾക്ക് പല കടമ്പകളും തടസ്സമാകും. അതിന്നൊന്നും സംഘി ബന്ധമല്ല കാരണം, മറിച്ചു സാങ്കേതിക പ്രശ്നങ്ങളാണ്.

പിന്നെ, പൊലീസും നമ്മൾക്കിടയിൽ ജീവിക്കുന്ന സാധാരണ മനുഷ്യരാണ്. അവരിലും സാമൂഹ്യ സ്വാധീനങ്ങളും മുൻവിധികളും നിലനിൽക്കും, അതു സർക്കാരിൻ്റെ നയപരമായ നിലപാടുകളുടെ പുറത്തല്ല, മറിച്ചു വ്യക്തിത്വങ്ങളിലെ മുൻവിധികളാണ്. അത്തരക്കാരെ തിരുത്തുവാനാണ് സർക്കാർ നയം. ആർക്കെങ്കിലും അത്തരം അനുഭവങ്ങൾ ഉണ്ടെങ്കിൽ തീർച്ചയും അതു address ചെയ്യപ്പെടുക തന്നെ ചെയ്യും. ഒരു സംശയും വേണ്ട.

വിസ്‌ഡം പരിപാടി 10 മണി കഴിഞ്ഞു നിർത്തുവാൻ പറഞ്ഞതിനെ വർഗ്ഗീയവൽക്കരിക്കുവാൻ ശ്രമിക്കുന്നവർ സ്വന്തം മഹല്ലുകളിൽ പതിനൊന്നു മണിക്കു ശേഷവും മൈക്ക് ഉപയോഗിച്ചു പാതിരാ പ്രസംഗം നടത്തുന്നതു മറക്കേണ്ട.

ഇക്കഴിഞ്ഞ 9 വർഷവും ഒരു പള്ളിയും പൊലീസ് പൂട്ടിട്ടു പൂട്ടിയിട്ടില്ല. ഒരാളുടെയും നിസ്കാരം തടഞ്ഞിട്ടില്ല. മത പ്രഭാഷണങ്ങൾക്ക് മൈക് പെർമിഷൻ നിഷേധിച്ചിട്ടില്ല. 2016 വരെ , ലീഗ് അധികാരത്തിൽ ഉണ്ടായിരുന്നപ്പോഴാണ് കണ്ണൂർ എട്ടിക്കുളം പള്ളിയിൽ കയറി ലീഗിനു വേണ്ടി പൊലീസ് സാധു വിശ്വാസികളെ ഓടിച്ചത്. ആ അനുഭവം മറന്നിരിക്കുവാൻ ഇടയില്ല.

ഇവിടെ മനുഷ്യരാണ് പ്രധാനം. അവരുടെ വിശപ്പാണ് ഏറ്റവും പ്രധാനം.

മനുഷ്യ കേന്ദ്രീകൃതമായ ഭരണ വ്യവസ്ഥയാണ് ഇടതു പക്ഷം മുന്നോട്ടു വെക്കുന്നത്.

മനുഷ്യരെ മതങ്ങൾ പറഞ്ഞു തമ്മിൽ അകറ്റുവാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കുക.

ഇലക്ഷനുകൾ വരും പോകും, അതിനിടയിൽ മനുഷ്യർക്കിടയിൽ ചീറ്റുന്ന വർഗ്ഗീയ വിഷയം അത്രപെട്ടന്ന് മാഞ്ഞു പോകുന്നതല്ലെന്നു ഓർക്കുന്നത് നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com