പരീക്ഷാ തോൽവി പേടിച്ച് നാടുവിട്ടു; കോളജ് വിദ്യാർഥിനിക്ക് രക്ഷകരായി കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും

തിരുവനന്തപുരം- തെങ്കാശി ബസിലെ ജീവനക്കാരുടെ സമയോചിത ഇടപെടൽ
KSRTC driver and conductor rescue
വിദ്യാർഥിനിയുടെ രക്ഷകരായ ജീവനക്കാർ (KSRTC)facebook
Updated on
2 min read

തിരുവനന്തപുരം: പരീക്ഷയിൽ തോൽക്കുമെന്നു പേടിച്ച് നാടുവിട്ട കോളജ് വിദ്യാർഥിനിക്ക് രക്ഷകരായി കെഎസ്ആർടിസി (KSRTC) ജീവനക്കാർ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നു തെങ്കാശിക്കുള്ള ഫാസ്റ്റിലെ ജീവനക്കാരാണ് വിദ്യാർഥിനിയെ തിരികെ നാട്ടിലെത്തിച്ചത്.

രക്ഷയുടെ വഴി...

രണ്ട് മണിയുടെ തിരുവനന്തപുരം - തെങ്കാശി ഫാസ്റ്റ്, ട്രാക്ക് പിടിച്ചപ്പോൾ റിസർവേഷൻ സീറ്റിൽ ഒരു യുവതി ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ട തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടർ സജി മോസസ് വിദ്യാർഥിയോട് മാറി ഇരിക്കാൻ ആവശ്യപ്പെട്ടു. എവിടയാണ് ഇറങ്ങേണ്ടത് എന്നും തിരക്കി. വിദ്യാർഥിനി തെങ്കാശിയിലേക്ക് പോകാൻ ആണെന്ന് പറഞ്ഞപ്പോൾ കണ്ടക്ടറും, ഡ്രൈവർ എച്ച് അനിൽകുമാറും ചേർന്ന് സീറ്റ്‌ റിസർവ് ചെയ്ത് കൊടുത്തു.

ബസ് ഏകദേശം 05.30 ഓടെ തെങ്കാശിയിൽ എത്തി യാത്രക്കാർ എല്ലാം ഇറങ്ങി കൂട്ടത്തിൽ വിദ്യർഥിനിയും. തെങ്കാശിയിൽ ഒരു മണിക്കൂർ ജീവനക്കാരുടെ വിശ്രമ സമയം ആണ്. ബസ് തിരികെ 06.30 ന് ആണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. 06.20 ഓടെ തിരികെ പുറപ്പെടാനുള്ള തയ്യാറെടുപ്പുകൾ ജീവനക്കാർ ആരംഭിച്ചു.

അതിനിടെ തെങ്കാശി സ്റ്റാൻഡിൽ കണ്ണോടിച്ച ഡ്രൈവറാണ് ആദ്യ ട്രിപ്പിൽ ബസിൽ ഉണ്ടായിരുന്ന കോളജ് വിദ്യാർഥിനി സ്റ്റാൻഡിൽ അലഞ്ഞു നടക്കുന്നത് കണ്ടത്. രാത്രിയിൽ ആ കുട്ടിക്ക് ഉണ്ടാകാൻ സാധ്യത ഉള്ള ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്ന് മനസിലാക്കിയ കെഎസ്ആർടിസി ജീവനക്കാർ ബസിൽ നിന്നു ഇറങ്ങി അവരോട് കാര്യം തിരക്കി. തെങ്കാശിയിൽ എന്തിനാണ് വന്നത് എന്നും, എങ്ങോട്ട് പോകാനാണെന്നും തിരക്കി. ആദ്യ ഘട്ടത്തിൽ വിദ്യാർഥിനി പറഞ്ഞത് താൻ തെങ്കാശി കാണാൻ വന്നത് ആണെന്നും മറ്റൊന്നും ഇല്ല എന്നുമായിരുന്നു.

എന്നാൽ സന്ധ്യ കഴിഞ്ഞ് തെങ്കാശിയിൽ എന്താണ് കാണാൻ ഉള്ളത് എന്ന സംശയം കാരണം കുട്ടിയോട് കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ കുട്ടി കരഞ്ഞു. താൻ പേടി കാരണം നാടുവിട്ടതാണെന്നു വിദ്യാർഥിനി ജീവനക്കാരോടു പറഞ്ഞു. എക്സാം വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും തോൽക്കുമെന്ന പേടി കാരണമാണ് തിരുവനന്തപുരത്തു നിന്നു തെങ്കാശി ബസ് കണ്ടപ്പോൾ കയറിയതെന്നും വിദ്യാർഥിനി വ്യക്തമാക്കി.

ജീവനക്കാർ കുട്ടിയോട് പേരും സ്ഥലവും ഒക്കെ അന്വേഷിച്ചു. തന്റെ വീട് വിതുരയിലാണെന്നും പേരും വിദ്യാർഥിനി പറഞ്ഞുകൊടുത്തു. വിതുര ഡിപ്പോയിലെ ഡ്രൈവറായ അനിൽ കുമാർ വിശദമായി തിരക്കിയപ്പോൾ വീട് വിതുര മീനാങ്കൽ ആണെന്ന് അറിഞ്ഞു. ശേഷം ജീവനക്കാർ വിദ്യാർഥിനിയുടെ വിട്ടുകാരുടെ നമ്പർ ആവശ്യപ്പെട്ടു. ആദ്യ ഘട്ടത്തിൽ കൊടുത്തില്ലങ്കിലും പിന്നീട് പൊലീസിൽ അറിയിക്കും എന്ന് പറഞ്ഞപ്പോൾ വിട്ടുകാരുടെ നമ്പർ യുവതി കൊടുക്കുകയും ചെയ്തു.

വിദ്യാർഥിനിയുടെ അച്ഛനെ ഫോണിൽ ബന്ധപ്പെട്ട ജീവനക്കാർ കുട്ടിയുടെ കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു. തിരികെയുള്ള ട്രിപ്പിൽ അവൾ കാണുമെന്നും കുട്ടിയെ കുട്ടികൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടു.

തിരികെ ഉള്ള തെങ്കാശി - തിരുവനന്തപുരം ട്രിപ്പിൽ ജീവനക്കാർ അവളെയും കൂട്ടി. വഴിയോരത്തു നിർത്തി ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞ വിദ്യാർഥിനിക്ക് ഡ്രൈവർ അനിൽകുമാർ തന്റെ കൈവശം ഉണ്ടായിരുന്ന ആപ്പിളും, ഇന്തപ്പഴവും കൊടുത്തു. ഏകദേശം രാത്രി 9.30 ഓടുകൂടി ബസ് നന്ദിയോട് എത്തി. വിദ്യാർഥിനിയെ കൂടെ കൂട്ടാൻ അവളുടെ അച്ഛനും, അമ്മയും ഒരു ഓട്ടോയും അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ബസിൽ നിന്നു ഇറങ്ങിയ കുട്ടിയെ സുരക്ഷിതമായി അവളുടെ അച്ഛന്റെ കൈയിൽ ആക്കിയാണ് നന്ദിയോടു നിന്നു ബസ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. വിദ്യാർഥിനിയെ വഴക്കു പറയരുതെന്ന ഉപദേശവും ജീവനക്കാർ മാതാപിതാക്കൾക്കു നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com