
നീന്തല്‍ പ്രകടനങ്ങളില്‍ അനാവശ്യമായ പരീക്ഷണങ്ങള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷ്യം ചെയ്യുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. കൈയ്യും കാലും ബന്ധിച്ച് കുട്ടികളെ പുഴ നീന്തിക്കുന്ന (swimming ) പ്രകടനാത്മകമായ പരിപാടികള്‍ അനാവശ്യ റിസ്‌ക് എടുക്കുന്ന രീതിയാണെന്ന് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു. ആലുവയില്‍ കയ്യും കാലും കെട്ടി പെരിയാര്‍ നീന്തികടന്ന പെണ്‍കുട്ടികളെ കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചാണ് മുരളി തുമ്മാരുകുടിയുടെ മുന്നറിയിപ്പ്.
കേരളത്തില്‍ ഒരു വര്‍ഷം ആയിരത്തി മുന്നൂറിലധികം ആളുകള്‍ ആണ് മുങ്ങി മരിക്കുന്നതായാണ് കണക്കുകള്‍. അതില്‍ ഭൂരിഭാഗവും കുട്ടികളാണ്. കുട്ടികളെ നീന്തല്‍ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നീന്തല്‍ പ്രകടനമായി മാറുകയും കൈ കൂട്ടിക്കെട്ടിയുള്‍പ്പെടെ നീന്തുന്ന രീതികള്‍ അവലംബിക്കുന്നതും തെറ്റായ രീതിയാണെന്നും മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു. നീന്തല്‍ പരിശീലനം സുരക്ഷിതമായി ചെയ്യേണ്ട ഒന്നാണ്. അത് അങ്ങനെ മാത്രമാണ് ചെയ്യേണ്ടത്. അതിനപ്പുറത്ത് അനാവശ്യമായ റിസ്‌ക് എടുക്കുന്നത് തെറ്റാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് പൂര്‍ണരൂപം-
കൈ കെട്ടി നീന്തല്‍ വേണ്ട!
കേരളത്തില്‍ ഒരു വര്‍ഷം ആയിരത്തി മുന്നൂറിലധികം ആളുകള്‍ ആണ് മുങ്ങി മരിക്കുന്നത്. അതില്‍ വലിയൊരു ഭാഗം കുട്ടികളാണ്.
അതുകൊണ്ടു തന്നെ കേരളത്തില്‍ വളരുന്ന എല്ലാ കുട്ടികളേയും നീന്തല്‍ നിര്‍ബന്ധമായി പഠിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായവും ആഗ്രഹവും.
ഈ രംഗത്ത് കഴിഞ്ഞ ഇരുപതോളം വര്‍ഷമായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരാളാണ് എന്റെ നാട്ടുകാരനും പരിചയക്കാരനുമായ Sajithomaskuttiachan Valasseril.
അയ്യായിരത്തിന് മുകളില്‍ കുട്ടികളെ അദ്ദേഹം നീന്തല്‍ പഠിപ്പിച്ചിട്ടുണ്ട് എന്നാണ് വായിച്ചത്. കേരളത്തില്‍ ഇതൊരു റെക്കോര്‍ഡ് ആയിരിക്കുമെന്ന് തോന്നുന്നു.
ഇതൊക്കെ എനിക്ക് വലിയ സന്തോഷവും വെങ്ങോലക്കാരനായതില്‍ അഭിമാനവും ഒക്കെയാണ്. ഇത് ഞാന്‍ പലയിടത്തും പലവട്ടം പറഞ്ഞിട്ടുണ്ട്.
പക്ഷെ കൈയ്യും കാലും ബന്ധിച്ച് കുട്ടികളെ പുഴ നീന്തിക്കുന്ന പ്രകടനാത്മകമായ പരിപാടികള്‍ അദ്ദേഹം നടത്തുന്നത് കാണുമ്പോള്‍ അത് തെറ്റും അനാവശ്യവുമാണെന്ന് പറയാതെ വയ്യ.
നീന്തല്‍ പരിശീലനം സുരക്ഷിതമായി ചെയ്യേണ്ടതും ചെയ്യാവുന്നതുമാണ്. അതങ്ങനെയാണ് ചെയ്യേണ്ടത്. അങ്ങനെ മാത്രമാണ് ചെയ്യേണ്ടത്. അതിനപ്പുറത്ത് അനാവശ്യമായ റിസ്‌ക് എടുക്കുന്നത് തെറ്റാണ്.
കാര്യങ്ങള്‍ നന്നായി പോകുമ്പോള്‍ കയ്യടിക്കാന്‍ ആളുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനലുകളും ഒക്കെ കാണും. പക്ഷെ ഇതിനിടക്ക് ഒരു അപകടം ഉണ്ടായാല്‍ ഇവരൊക്കെ ഒറ്റയടിക്ക് മറുകണ്ടം ചാടും.
നിസ്വാര്‍ത്ഥമായി ചെയ്തതൊക്കെ കാന്‍സല്‍ ചെയ്യും
അതു വേണ്ട
സുരക്ഷിതമായ നീന്തല്‍ പരിശീലനം മതി
കൈകെട്ടിയും കാല്‍ കെട്ടിയും കണ്ണുകെട്ടിയും ഉള്ള നീന്തല്‍ ഒന്നും വേണ്ട.
കുട്ടികളുടെ മാതാപിതക്കള്‍ ശ്രദ്ധിക്കുക
പോലീസും ഫയര്‍ഫോഴ്‌സും മറ്റധികാരികളും ഇത്തരത്തിലുള്ള അനാവശ്യ പ്രകടനങ്ങള്‍ക്ക് അനുവാദം കൊടുക്കരുത്
ചാനലുകളും മാധ്യമങ്ങളും ഇതിനെ പ്രോത്സാഹിപ്പാക്കാതിരിക്കുക
നമുക്ക് നല്ലൊരു സുരക്ഷാ സംസ്‌കാരമാണ് ഉണ്ടാകേണ്ടത്
മുരളി തുമ്മാരുകുടി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates