
കട്ടപ്പന: ഇടുക്കി പീരുമേട്ടില്‍ ആദിവാസി സ്ത്രീ ( Peerumedu Murder Case ) കൊല്ലപ്പെട്ട സംഭവത്തില്‍ ഫോറന്‍സിക് സംഘം ഉള്‍പ്പെടെ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ഫോറന്‍സിക് സംഘവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തും. പീരുമേട് പ്ലാക്കതടത്തിന് സമീപം മീന്‍മുട്ടി വനമേഖലയിലാണ് മലമ്പണ്ടാരം വിഭാഗത്തില്‍പ്പെട്ട 54 വയസ്സുള്ള സീത കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച്ച സീതയും മക്കളും ഒരുമിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാനായി വനത്തിലേക്ക് പോയപ്പോള്‍ സീതയെ ആന ചവിട്ടിക്കൊന്നു എന്നാണ് ഭര്‍ത്താവ് ബിനു പറഞ്ഞിരുന്നത്. എന്നാല്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനോട് ആനയുടെ ആക്രമണത്തില്‍ അല്ല സീത മരിച്ചതെന്ന വിവരം അറിയിക്കുകയായിരുന്നു. ഭാര്യക്കും തനിക്കും ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റതായി ബിനു പറഞ്ഞിരുന്നു.
ആശുപത്രിയില്‍ വിശദമായ പരിശോധനയില്‍ ബിനുവിന് കാര്യമായ പരിക്കുകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സീതയുടെ മരണം കൊലപാതകമെന്ന് തെളിയുകയായിരുന്നു . കൊല്ലപ്പെട്ട സീതയുടെ തലയിലും ശരീരത്തിന്റെ പിന്‍ഭാഗത്തും നിരവധി മുറിവുകള്‍ ഉണ്ട്. തല പരുക്കന്‍ പ്രതലത്തില്‍ ഇടിച്ചതായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ആദര്‍ശ് വ്യക്തമാക്കിയിട്ടുണ്ട്. സീതയുടെ വാരിയല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചു. മുഖത്ത് അടിയേറ്റ പാടുകളും ശരീരത്തിന്റെ മറ്റിടങ്ങളില്‍ മല്‍പ്പിടുത്തം നടന്നതിന്റെ സൂചനകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉയരമുള്ള സ്ഥലത്ത് നിന്നും താഴേക്ക് വീണതു പോലെയുള്ള മുറിവുകളും വലിച്ചിഴച്ച രീതിയിലുള്ള അടയാളങ്ങളും ശരീരത്തില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് പീരുമേട് പൊതുശ്മശാനത്തില്‍ സീതയുടെ മൃതദേഹം സംസ്‌കരിച്ചു. പീരുമേട് ഡിവൈഎസ്പി വിശാല്‍ വി ജോണ്‍സന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വനത്തിനുള്ളില്‍ ആയതിനാല്‍ വനംവകുപ്പിന്റെ സഹായത്തോടെ ആയിരിക്കും ഫോറന്‍സിക് സംഘം അന്വേഷണം നടത്തുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates