

ജൂൺ 30 ന് വിരമിക്കുന്ന ഷെയ്ഖ് ദർവേഷ് സാഹിബിന് പകരക്കാരനായി പുതിയ സംസ്ഥാന പൊലീസ് മേധാവിയെ (DGP)തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ വഴിത്തിരിവിലേക്ക് നീങ്ങി. സാധ്യതാ പട്ടികയിലെ രണ്ടാമത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ ഡിജിപി രവാഡ എ ചന്ദ്രശേഖറിനെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി (സുരക്ഷ) ആയി നിയമിക്കാൻ തിരഞ്ഞെടുത്തു. 1991 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം, നിലവിൽ ഇന്റലിജൻസ് ബ്യൂറോയിൽ (ഐബി) സ്പെഷ്യൽ ഡയറക്ടറാണ്.
കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ ഹരിനാഥ് മിശ്രയ്ക്ക് പകരക്കാരനായി ഓഗസ്റ്റ് ഒന്നിന് രവാഡ പുതിയ ചുമതലയേൽക്കും. ശക്തമായ തസ്തികയാണെങ്കിലും, ഒരു വർഷം സേവനമുള്ള രവാഡയ്കക്് സെക്രട്ടറി (സുരക്ഷ) എന്ന നിലയിൽ കാലാവധി നീട്ടൽ പ്രതീക്ഷിക്കാനാവില്ല. എന്നാൽ, സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തിന്റെ കാര്യത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ, രവാഡയ്ക്ക് ഒരു വർഷം കൂടി സർവീസ് നീട്ടിക്കിട്ടുന്നതിന് അർഹത ലഭിക്കും. സുപ്രീം കോടതിയുടെ വിധി പ്രകാരം സംസ്ഥാന പോലീസ് മേധാവികൾക്ക് കുറഞ്ഞത് രണ്ട് വർഷത്തെ കാലാവധി ലഭിക്കണം എന്ന നിർദ്ദേശമുള്ളത് കൊണ്ടാണ് ഈ സാധ്യത.
പൊലീസ് മേധാവിയായി സംസ്ഥാനം അവസരം നൽകിയാൽ രവാഡ സംസ്ഥാനത്തേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, കേന്ദ്ര ഡെപ്യൂട്ടേഷനിൽ തുടരാൻ അദ്ദേഹം തീരുമാനിച്ചാൽ, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം യുപിഎസ്‌സി സംസ്ഥാന സർക്കാരിന് അയയ്ക്കുന്ന മൂന്നംഗ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. പട്ടികയിൽ നിന്നുള്ള പേരുകളിൽ ഒരാളെ പൊലീസ് മേധാവിയായി നിയമിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനുണ്ട്.
ഡിജിപിമാരായ നിതിൻ അഗർവാൾ, രവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, എഡിജിപിമാരായ എസ് സുരേഷ്, എം ആർ അജിത് കുമാർ എന്നിവരെയാണ് യുപിഎസ്‌സി ചുരുക്കപ്പട്ടികയ്ക്കായി പരിഗണിക്കുന്ന പേരുകൾ. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറലായ യോഗേഷ്, തെരഞ്ഞെടുപ്പിൽ ഒഴിവാക്കപ്പെട്ടാൽ കേന്ദ്ര ഡെപ്യൂട്ടേഷൻ പരിഗണിക്കുമെന്നറിയുന്നു.
വിജിലൻസ് ഡയറക്ടറായിരിക്കെ യോഗേഷ് ഗുപ്തയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു, ഇത് അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിലേക്ക് നയിച്ചു. സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടതായി സംശയിക്കപ്പെടുന്ന ചില പൊതു സ്ഥാപനങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കുമെതിരെ അന്വേഷണത്തിന് അദ്ദേഹം ശുപാർശ ചെയ്തതായി റിപ്പോർട്ടുണ്ട്, ഇത് ഒരു വിഭാഗം സിപിഎം നേതാക്കൾക്ക് ഇഷ്ടപ്പെട്ടില്ലെന്നും, അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിൽ കലാശിച്ചു എന്നുമാണ് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. ഈ അഭിപ്രായ ഭിന്നത അദ്ദേഹത്തിന്റെ ഭാവി പോസ്റ്റിങ്ങുകളെ ബാധിക്കുമോ എന്ന് കണ്ടറിയണം.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ അപേക്ഷിക്കുന്നതിനായി ഏപ്രിൽ 24 മുതൽ സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി ഇദ്ദേഹം കാത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ,, അപേക്ഷ സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്, ഇത് അദ്ദേഹത്തിന് എംപാനൽ ചെയ്യപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു. ഡയറക്ടർ ജനറലായി എംപാനൽ ചെയ്യപ്പെട്ടിരുന്നെങ്കിൽ, യോഗേഷിനെ സിബിഐയുടെയോ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയോ ഡയറക്ടറായി നിയമിക്കുന്നതിന് പരിഗണിക്കപ്പെടുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates